കേന്ദ്രനേതൃത്വത്തിന് യെദ്യൂരപ്പയുടെ അന്ത്യശാസനം
- Last Updated on 19 March 2012
ബാംഗ്ലൂര്‍: മുഖ്യമന്ത്രി സ്ഥാനം തിരിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് ബി.എസ്. യെദ്യൂരപ്പ ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന് വീണ്ടും അന്ത്യശാസനം നല്‍കി. ബാംഗ്ലൂരിനടുത്ത് ഗോള്‍ഡന്‍ പാം റിസോര്‍ട്ടില്‍ അനുയായികളായ എം.എല്‍.എ.മാരുടെ യോഗം വിളിച്ചാണ് കേന്ദ്രനേതൃത്വത്തിന് അന്ത്യശാസനം നല്‍കിയത്. തിങ്കളാഴ്ച വൈകുന്നേരത്തിനുള്ളില്‍ തന്റെ ആവശ്യത്തില്‍ തീരുമാനമെടുക്കണമെന്നും
അല്ലാത്തപക്ഷം ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നുമാണ് യെദ്യൂരപ്പ അറിയിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ഇത് മൂന്നാംതവണയാണ് അധികാരത്തിനായി യെദ്യൂരപ്പ കേന്ദ്രനേതൃത്വത്തിന് അന്ത്യശാസനം നല്‍കുന്നത്. ആവശ്യം അംഗീകരിക്കാത്തപക്ഷം ബജറ്റ് സമ്മേളനം ബഹിഷ്‌കരിക്കുമെന്ന ഭീഷണിയും എം.എല്‍.എ.മാര്‍ മുഴക്കിയിട്ടുണ്ട്. ഇതോടെ വീണ്ടും സംസ്ഥാനത്ത് റിസോര്‍ട്ട് രാഷ്ട്രീയം സജീവമായി.
ഉഡുപ്പി ചിക്കമഗലൂര്‍ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം അധികാരത്തിനായി നീക്കം ശക്തിപ്പെടുത്തുമെന്ന് യെദ്യൂരപ്പ നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. റെയ്‌സ് കോഴ്‌സിലെ വസതിയില്‍ യോഗം ചേര്‍ന്നതിന് ശേഷം ബസ്സില്‍ എം.എല്‍.എ.മാരുമായി റിസോര്‍ട്ടിേേലക്ക് നീങ്ങുകയായിരുന്നു. റിസോര്‍ട്ടില്‍ 55 എം.എല്‍.എ.മാര്‍ ഉണ്ടെന്നും തിങ്കളാഴ്ച 15 എം.എല്‍.എ.മാര്‍ കൂടി റിസോര്‍ട്ടില്‍ എത്തുമെന്നും യെദ്യൂരപ്പ പക്ഷം അവകാശപ്പെട്ടു.
ആവശ്യങ്ങള്‍ അംഗീകരിക്കാത്തപക്ഷം എം.എല്‍.എ.മാര്‍ രാജിവെക്കാനും തീരുമാനമുണ്ട്. പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്രനേതൃത്വം സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തി. അതേസമയം, നേതൃമാറ്റത്തിന്റെ പ്രശ്‌നമില്ലെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്‍റ് കെ.എസ്. ഈശ്വരപ്പ ആവര്‍ത്തിച്ചു. സര്‍ക്കാര്‍ പൂര്‍ണമായും പ്രതിസന്ധിയിലാണെന്നും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ഗവര്‍ണര്‍ കേന്ദ്രത്തിന് ശുപാര്‍ശ ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ആവശ്യപ്പെട്ടു.