ലാല്‍ ഫാന്‍സിന്റെ 'കരുമന്‍ കാശപ്പന്‍'
- Last Updated on 09 May 2012
- Hits: 3
മോഹന്‍ലാല്‍ ഫാന്‍സിന്റെ കഥപറയുന്ന പുതുമുഖങ്ങളുടെ ചിത്രം ഒരുങ്ങുന്നു. കൊല്ലങ്കോട്, ചിറ്റൂര്‍, മലമ്പുഴ, പറളി എന്നീ പ്രദേശങ്ങളിലെ പ്രാദേശിക ഭാഷ സംസാരിക്കുന്ന കഥാപാത്രങ്ങളുള്ള 'കരുമന്‍ കാശപ്പന്‍' എന്ന ചിത്രമാണ് പാലക്കാടും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
ചിദംബരം ക്രിയേഷന്‍സിന്റെ ബാനറില്‍ ചിദംബരന്‍ പെരിങ്ങോട്ടുകുറിശ്ശി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത് നവാഗതനായ സജില്‍ പറളിയാണ്.
മൈന, സുബ്രഹ്മണ്യപുരം തുടങ്ങിയ തമിഴ് സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ പാറ്റേണില്‍ തികച്ചും വ്യത്യസ്തമായി പാലക്കാടിന്റെ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ 87 പുതുമുഖങ്ങള്‍ വേഷമിടുന്നു.
കാശപ്പന്‍, മഞ്ഞരളി, വേലന്‍ എന്നീ മോഹന്‍ലാല്‍ ഫാന്‍സുകാരായ രണ്ടരക്കൂട്ടത്തിന്റെ കഥ ഏറെ പുതുമകളോടെ പറയുന്ന ചിത്രത്തില്‍ ഷാജി, വിനു, രാജേഷ് എന്നിവരാണ് പ്രധാനവേഷങ്ങള്‍ അവതരിപ്പിക്കുന്നത്. മുംബൈയില്‍ നിന്നുള്ള പുതുമുഖതാരം കൃഷകുറുപ്പ് നായിക തുളസിയായി എത്തുന്നു. ചൂരിക്കാട് കോളനിയിലെ അറിയപ്പെടുന്ന മോഹന്‍ലാല്‍ ഫാന്‍സുകാരായ മൂന്ന് ചെറുപ്പക്കാര്‍ക്ക് നാട്ടില്‍നടന്ന വേലയ്ക്കുശേഷം എന്ത് സംഭവിച്ചു എന്ന അന്വേഷണമാണ് സിനിമയുടെ പ്രമേയമെന്ന് സംവിധായകന്‍ സജില്‍ പറളി പറഞ്ഞു.
മൂന്ന് ദിവസം കൊണ്ടു നടക്കുന്ന കഥയാണ് സിനിമയിലൂടെ പറയുന്നത്. 'ഓര്‍ഡിനറി'യിലൂടെ ബിജുമേനോന്‍ ഹിറ്റാക്കിയ പാലക്കാടന്‍ സംഭാഷണശൈലിയിലാണ് ചിത്രത്തിലെ മുഴുവന്‍ കഥാപാത്രങ്ങളും സംസാരിക്കുന്നത്. നിരവധി പരസ്യചിത്രങ്ങള്‍ ഒരുക്കി പരിചയമുള്ള സജില്‍ പറളി സ്വന്തം ഭാര്യ സിന്ദാബാദ്, സ്വര്‍ഗം 9 കി.മി എന്നീ ചിത്രങ്ങളില്‍ സംവിധാനസഹായിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 22കാരനായ സജിലിന്റെ ആദ്യ സംവിധാനസംരംഭമാണ് 'കരുമന്‍ കാശപ്പന്‍'. ഡബ്ബിങും എഡിറ്റിങും പൂര്‍ത്തിയാക്കിയ ചിത്രം ജൂണില്‍ തിയേറ്ററുകളിലെത്തിക്കാനാണ് ഉദ്ദ്യേശിക്കുന്നതെന്ന് സംവിധായകന്‍ പറഞ്ഞു. താരാധനയും പ്രണയവും സസ്‌പെന്‍സും കൂടിക്കലര്‍ന്നൊരു ക്ലീന്‍ എന്റര്‍ടെയ്‌നറാകും 'കരുമന്‍ കാശപ്പന്‍' എന്നു സജില്‍ പറളി അവകാശപ്പെടുന്നു.
ചിത്രത്തിന്റെ ക്യാമറ സുജീഷ് കോട്ടായി, കലാസംവിധാനം കൃഷ്ണന്‍ കണ്ണാടി, ഗാനരചന ഉഷാന്ത് താവത്ത്, സുബിന്‍ രാജാക്കാട്, സംഗീതം ജ്യോതികണ്ണന്‍, എഡിറ്റിംഗ് ശ്യാം എസ്. പനച്ചമൂട്, കോസ്റ്റ്യൂംസ് സുഖേഷ് തിരൂര്‍, മേക്കപ്പ് രാജേഷ് നെന്മാറ, സ്റ്റില്‍സ് രാമദാസ് മാത്തൂര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ചിഞ്ചു ചന്ദനപ്പള്ളി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് മന്‍സൂര്‍ വെട്ടത്തൂര്‍, കോറിയോഗ്രാഫി സന്തോഷ് കൊടുമ്പ്, പി.ആര്‍.ഒ. നാസര്‍ മനയ്ക്കല്‍.