വിസ്മയങ്ങളുമായി കമലിന്റെ വിശ്വരൂപം
- Last Updated on 05 May 2012
- Hits: 1
വിസ്മയങ്ങള്‍ ഒളിപ്പിച്ചുവെച്ച് കമലഹാസന്‍ ഒരുക്കുന്ന വമ്പന്‍ ബജറ്റ് ചിത്രം വിശ്വരൂപം പ്രദര്‍ശനത്തിനെത്തുന്നു. 150 കോടിയോളം രൂപ മുതല്‍മുടക്കുന്ന ചിത്രത്തില്‍ കമലാണ് നായകന്‍. രചനയും സംവിധാനവും കമല്‍ തന്നെ നിര്‍വഹിക്കുന്നു. ചിത്രത്തിന്റെ തമിഴ്, ഹിന്ദി പതിപ്പുകളാണ് തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍, ദശാവതാരം പോലെ തമിഴില്‍ ചിത്രീകരിച്ച് ഹിന്ദിയില്‍ മൊഴിമാറ്റം
നടത്തുകയല്ല ചെയ്തത്. ഒരേസമയം രണ്ടുഭാഷയിലും വെവ്വേറെ ചിത്രീകരിച്ചിരിക്കുകയാണ്- തമിഴില്‍ വിശ്വരൂപവും ഹിന്ദിയില്‍ വിശ്വരൂപും. മൊഴിമാറ്റത്തില്‍ ചിത്രത്തിന്റെ പെര്‍ഫെക്ഷന്‍ നഷ്ടപ്പെടാതിരിക്കാനാണ് ഈ നീക്കം.
ന്യൂയോര്‍ക്കിലെ നടിയായ പൂജാകുമാറാണ് നായിക. പഞ്ചാബിയായ പൂജ, മിസ് ഇന്ത്യ യു.എസ്.എ. ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കാതല്‍ റോജാവേ, ഛോട്ടാ ജാദൂഗര്‍ എന്നീ ഹിന്ദി ചിത്രങ്ങളിലും ഫ്ലവേഴ്‌സ്, നൈറ്റ് ഓഫ് ഹെന്ന, പാര്‍ക്ക് ഷാര്‍ക്കസ്, മാന്‍ ഓണ്‍ എ ലെഡ്ജ് തുടങ്ങി എട്ടോളം ഇംഗ്ലീഷ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. സോനാക്ഷി സിന്‍ഹയെയായിരുന്നു ആദ്യം കമലിന്റെ നായികയായി ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, താരത്തിന്റെ ഡേറ്റ് ഒത്തു വരാത്തതിനാല്‍ ഒഴിവാക്കുകയായിരുന്നു. ചെന്നൈയിലും അമേരിക്കയിലെ ലോസ്ആഞ്ജലിസിലുമാണ് ചിത്രത്തിന്റെ കൂടുതല്‍ ഭാഗവും ചിത്രീകരിച്ചത്. ജോര്‍ദാന്‍, ബ്രിട്ടന്‍ എന്നിവയാണ് മറ്റ് പ്രധാന ലൊക്കേഷനുകള്‍.
ഒരു വലിയ നഗരത്തിന്റെ പശ്ചാത്തലത്തില്‍, തെളിഞ്ഞ ആകാശത്തിനു താഴെ ഓവര്‍കോട്ടിട്ട് കമലഹാസന്‍ നില്‍ക്കുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ കഴിഞ്ഞദിവസം പുറത്തുവന്നു. ഒരു വെളുത്തപക്ഷി പറക്കുന്നത് പശ്ചാത്തലത്തില്‍ പ്രതീകാത്മകമായി ചിത്രീകരിച്ചിട്ടുണ്ട്. ഡിജിറ്റല്‍ പോസ്റ്ററാണ് പുറത്തിറക്കിയത്.
ചിത്രത്തിന്റെ പ്രമേയത്തെപ്പറ്റി ഏറെ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള ആക്ഷന്‍ ത്രില്ലറാണെന്നാണ് അണിയറ സംസാരം. ആര്‍മി ജനറലിന്റെ റോളാണ് കമലിന്. പ്രോസ്‌തെറ്റിക് മേക്കപ്പുകളൊന്നും കമലിന്റെ കഥാപാത്രത്തിന് ചെയ്തിട്ടില്ലെന്ന് ചമയം നടത്തിയ റിതു ജന്‍ജാനി പറയുന്നു. എന്നാല്‍, ചിത്രത്തില്‍ നെഗറ്റീവ് റോള്‍ ചെയ്യുന്ന രാഹുല്‍ ബോസിന് ഇത്തരം മേക്കപ്പ് ഉപയോഗിച്ചിട്ടുണ്ട്. ബോംബ് സ്‌ഫോടനത്തില്‍ ഗുരുതരമായ പരിക്കുകള്‍ ഏല്‍ക്കുന്നത് ചിത്രീകരിക്കാനാണ് ഈ മേക്കപ്പ് ഉപയോഗിച്ചത്. ശരീരഭാഗങ്ങളില്‍, പ്രത്യേകിച്ച് മുഖത്ത് മാറ്റം വരുത്താന്‍ സിലിക്കോണ്‍ റബ്ബര്‍, പ്ലാസ്റ്റര്‍, ഫൈബര്‍ ഗ്ലാസ് ബാന്‍ഡേജ് തുടങ്ങിയവയുടെ സഹായത്തോടെ മോള്‍ഡ് ചെയ്ത് പതിപ്പിക്കുന്നതാണ് ഈ സമ്പ്രദായം.
ചിത്രത്തിലെ അഭിനയത്തിനായി കമല്‍ ഒട്ടേറെ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. ബിര്‍ജു മഹാരാജിനോടൊപ്പം ഒരു മാസം കഥക് പഠിക്കാനായി ചെലവഴിച്ചു. കഥക് അവതരിപ്പിക്കുന്ന ഗാനചിത്രീകരണം ചെന്നൈയിലും ഡല്‍ഹിയിലുമായാണ് നടന്നത്. ആന്‍ഡ്രിയ ജെറമിയയും ഈ സീനില്‍ കമലിനോടൊപ്പമുണ്ട്. ശങ്കര്‍-എഹ്‌സാന്‍-ലോയിയാണ് സംഗീത സംവിധാനം. (ശങ്കര്‍ മഹാദേവന്‍, എഹ്‌സാന്‍ നൂറാനി, ലോയ് മെന്‍ഡോന്‍സ) വിശ്വരൂപത്തിന്റെ രണ്ടാം ഭാഗവും വൈകില്ലെന്നാണ് കമലഹാസന്‍ പറയുന്നത്. രണ്ടാം ഭാഗത്തിന്റെ 15 ശതമാനത്തോളം ലോസ്ആഞ്ജലിസില്‍ ചിത്രീകരിച്ചു കഴിഞ്ഞു. വിശ്വരൂപം റിലീസ് ചെയ്താലുടന്‍ ബാക്കി ഷൂട്ടിങ് പൂര്‍ത്തിയാക്കും.