11February2012

Breaking News
You are here: Home Movies Hollywood 'ഡാം 999'ന് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തി- സോഹന്‍റോയി

'ഡാം 999'ന് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തി- സോഹന്‍റോയി

കൊല്ലം: ഡാം 999 എന്ന തന്റെ ഹോളിവുഡ് സിനിമയ്ക്ക് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ കേരളത്തില്‍ അപ്രഖ്യാപിത നിരോധനം ഏര്‍പ്പെടുത്തിയതായി സംവിധായകന്‍ സോഹന്‍റോയി ആരോപിച്ചു. തിയേറ്ററുകള്‍ നിറഞ്ഞ് ഓടിയിരുന്ന സിനിമ പൊടുന്നനെ ഒരുനാള്‍ പ്രദര്‍ശനത്തിന്

ഇല്ലാതായി. ഇതിനുപിന്നില്‍ ആസൂത്രിത ഗൂഢാലോചന നടന്നതായാണ് സംശയമെന്നും അദ്ദേഹം കൊല്ലം പ്രസ്സ്‌ക്ലബിലെ മീറ്റ് ദി പ്രസ് പരിപാടിയില്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ ഡാമിന്റെ പേരുപറഞ്ഞ് തമിഴ്‌നാട്ടില്‍ നിരോധിക്കപ്പെട്ട സിനിമയ്ക്ക് കേരളത്തില്‍ വന്‍വരവേല്‍പ്പാണ് ലഭിച്ചതെങ്കിലും വിതരണക്കാരുടെ സംഘടന മലയാളികള്‍ക്ക് ഈ ചിത്രം കാണാനുള്ള അവസരം നിഷേധിക്കുകയായിരുന്നു. സിനിമയുടെ പോസ്റ്ററുകള്‍ ഒട്ടിക്കാന്‍പോലും സമ്മതിച്ചില്ല. അസോസിയേഷനില്‍ അംഗത്വമില്ലാത്തവരുടെ തിയേറ്ററില്‍ പ്രദര്‍ശനം തുടരാനുള്ള ശ്രമവും പരാജയപ്പെടുത്തി.

50 കോടി രുപയോളം മുടക്കിയ സിനിമയുടെ നിര്‍മ്മാതാവിനെ തൃപ്തിപ്പെടുത്താനായില്ലെങ്കിലും ഓസ്‌കാര്‍ അവാര്‍ഡിന് പരിഗണിക്കാനായി ചിത്രത്തിലെ മൂന്ന് ഗാനങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടതിലും തിരക്കഥ ഓസ്‌കാര്‍ലൈബ്രറിശേഖരത്തിലേക്ക് സ്ഥിരമായി തിരഞ്ഞെടുക്കപ്പെട്ടതിലും സന്തോഷമുണ്ടെന്നും സോഹന്‍ റോയി പറഞ്ഞു.

ഭൂചലനങ്ങളില്‍ ഡാമുകള്‍ തകരില്ലെന്ന് പറയുന്നത് ശുദ്ധനുണയാണ്. കഴിഞ്ഞ ജൂണിലാണ് ജപ്പാനിലെ ഒരു ഡാം ഭൂചലനത്തില്‍ തകര്‍ന്നത്. ഇതുവരെ രണ്ടായിരത്തോളം അണക്കെട്ടുകള്‍ തകര്‍ന്നിട്ടുണ്ട്. മുല്ലപ്പെരിയാര്‍ ഡാമിന്റെ സ്ഥിതി അതീവ ഗുരുതരമാണെന്നു തന്നെയാണ് തന്റെ അഭിപ്രായമെന്നും സോഹന്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ തന്റെ ജീവനുതന്നെ ഭീഷണിയുണ്ട്. ഡാം 999 സിനിമയ്‌ക്കെതിരെ നിരോധനമേര്‍പ്പെടുത്തിയ തമിഴ്‌നാടിനെതിരെ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ അനുകുലവിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷ. 

തന്റെ പുതിയ ഹോളിവുഡ് സിനിമയായ സെയിന്റ് ഡ്രാക്കുളയുടെ ചിത്രീകരണം യു.കെ.യില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. രൂപേഷ് പോളിന്റേതാണ് തിരക്കഥ. ഡ്രാക്കുളക്കഥയെ വ്യത്യസ്തമായി സമീപിക്കുകയാണ് ഈ ചിത്രത്തില്‍. കേരളത്തിലെ വിതരണക്കാര്‍ അനുവദിക്കുമെങ്കില്‍ മെയില്‍ ചിത്രം കേരളത്തില്‍ റിലീസ് ചെയ്യും. 75 കോടി ചെലവിട്ടാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.പുതിയ സിനിമകളുമായി വരുന്നവരെ നിരുത്സാഹപ്പെടുത്തുന്ന സമീപനമാണ് സിനിമാരംഗത്തുള്ള സംഘടനകളുടേതെന്നും സോഹന്‍ റോയി അഭിപ്രായപ്പെട്ടു. പ്രസ്സ് ക്ലബ് പ്രസിഡന്റ് രാജു മാത്യു സ്വാഗതവും സെക്രട്ടറി ബിജു പാപ്പച്ചന്‍ നന്ദിയും പറഞ്ഞു.

Newsletter