എച്ച്.ഐ.വിക്കാരില്‍ കൂടുതല്‍ വിദേശത്ത് ജോലി ചെയ്തവര്‍
- Last Updated on 12 February 2012
- Hits: 1
കൊച്ചി: സംസ്ഥാനത്തെ എച്ച്.ഐ.വി. ബാധിതരില്‍ 60 ശതമാനം പേരും അന്യനാടുകളില്‍ തൊഴില്‍ ചെയ്തവരാണെന്ന് കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ടെക്‌നിക്കല്‍ സപ്പോര്‍ട്ട് യൂണിറ്റിലെ ഡോ. എം. പ്രസന്നകുമാര്‍ വെളിപ്പെടുത്തി. ഓരോ വര്‍ഷവും 2,200 ഓളം പേര്‍ സംസ്ഥാനത്ത് പുതുതായി
എച്ച്.ഐ.വി. ബാധിതരാകുന്നുണ്ട്. എന്നാല്‍, മറ്റു സംസ്ഥാനങ്ങളുമായി തുലനം ചെയ്യുമ്പോള്‍ കേരളത്തില്‍ എയ്ഡ്‌സ് ബാധിതരുടെ എണ്ണം നിസ്സാരമാണെന്നും ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് അസ്സോസിയേഷന്‍ (ഐപിഎച്ച്എ) ദേശീയ സമ്മേളനത്തിന്റെ രണ്ടാംദിനത്തില്‍ നടന്ന ശില്പശാലയില്‍ ഡോ. പ്രസന്നകുമാര്‍ പറഞ്ഞു.
സംസ്ഥാനത്ത് ഗര്‍ഭിണികളില്‍ പതിനായിരത്തില്‍ ഏഴുപേര്‍ എച്ച്.ഐ.വി. പോസിറ്റീവ് ആണ്. കഴിഞ്ഞവര്‍ഷം 86 എച്ച്.ഐ.വി. ബാധിതരായ ഗര്‍ഭിണികളെ കണ്ടെത്താനായെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിലവില്‍ ആറായിരം എയ്ഡ്‌സ് രോഗികള്‍ മരുന്ന് കഴിക്കുന്നുണ്ട്. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ എയ്ഡ്‌സ് ബാധിതരുടെ എണ്ണം കൂടുതലാണെന്നും ഡോക്ടര്‍ പ്രസന്നകുമാര്‍ ചൂണ്ടിക്കാട്ടി.
സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ള പൊതുജനാരോഗ്യ പഠനകേന്ദ്രങ്ങളില്‍ ഏകീകൃതമല്ലാത്ത പാഠ്യക്രമമാണ് പിന്തുടരുന്നതെന്നും രാജ്യത്തെ പൊതുജനരോഗ്യ വിദ്യാഭ്യാസ രംഗത്ത് നിലവാരത്തകര്‍ച്ചയുണ്ടെന്നും ലോകബാങ്ക് പബ്ലിക് ഹെല്‍ത്ത് കണ്‍സള്‍ട്ടന്‍റ് ഡോ. കെ. സുരേഷ് ചൂണ്ടിക്കാട്ടി. ഐപിഎച്ച്എ ദേശീയ വൈസ് പ്രസിഡന്‍റ് ഡോ. ഇളങ്കോ, ഡോ. തോമസ് മാത്യു, ഡോ. ഡി.കെ. തനേജ, ഡോ. പ്രഗ്യാ ശര്‍മ, ഡോ. ആശിഷ് ജോഷി തുടങ്ങിയവര്‍ പ്രസംഗിച്ചു.