13February2012

Breaking News
ഗീലാനി കുറ്റക്കാരന്‍
ചൈനയ്‌ക്കെതിരെ ടിബറ്റില്‍ സംന്യാസിനിയുടെ ആത്മാഹുതി ശ്രമം
എയര്‍ഇന്ത്യാ അന്വേഷണം നടത്തേണ്ടതുണ്ടോ എന്ന് സി.ബി.ഐ. പരിശോധിക്കുന്നു
കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനെ കോണ്‍ഗ്രസ് തള്ളിപ്പറഞ്ഞു
കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനെ കോണ്‍ഗ്രസ് തള്ളിപ്പറഞ്ഞു

2 ജി സര്‍ക്കാര്‍ അറ്റോര്‍ണി ജനറലിന്റെ അഭിപ്രായം തേടി

ന്യൂഡല്‍ഹി: വിതരണത്തിലെ ക്രമക്കേടുകാരണം 122 രണ്ടാം തലമുറ (2 ജി) ടെലികോം ലൈസന്‍സുകള്‍ റദ്ദാക്കിയ സുപ്രീം കോടതി നടപടിക്കെതിരെ സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കിയേക്കും. ഇതു സംബന്ധിച്ച് അറ്റോര്‍ണി ജനറലിന്റെ അഭിപ്രായം സര്‍ക്കാര്‍ ആരാഞ്ഞിട്ടുണ്ട്. വിധിക്കെതിരെ ചില

കമ്പനികള്‍ റിവ്യൂ ഹര്‍ജി നല്‍കിയേക്കുമെന്നും സൂചനയുണ്ട്.

മുതിര്‍ന്ന മന്ത്രിമാരായ കപില്‍ സിബല്‍, സല്‍മാന്‍ ഖുര്‍ഷിദ് , പ്രണബ് മുഖര്‍ജി, പി.ചിദംബരം എന്നിവര്‍ ശനിയാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുമായി വിഷയം ചര്‍ച്ച ചെയ്തു. 2ജി സ്‌പെക്ട്രം വില്പന ഇനി എങ്ങനെയാവണമെന്നതിനെക്കുറിച്ചും ചര്‍ച്ച നടന്നു.

'വിധിന്യായത്തിന്റെ വിവിധ വശങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിക്കുകയായിരുന്നു തങ്ങളുടെ പ്രധാനദൗത്യമെന്ന് ടെലികോം മന്ത്രി കപില്‍ സിബല്‍ ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ പത്രലേഖകരോട് പറഞ്ഞു.

ഇതിനിടെ, റദ്ദാക്കപ്പെട്ട ലൈസന്‍സുകളുടെ ഉടമകളില്‍ നിന്നു വാങ്ങിയ ലൈസന്‍സ് ഫീസ് (ഏകദേശം 9500 കോടിരൂപ) തിരികെക്കൊടുക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ ടെലികോം മന്ത്രാലയം നിയമോപദേശം തേടും. ബാങ്ക് ഗാരന്റിയും ഈ കമ്പനികളില്‍ നിന്ന് വാങ്ങിയിരുന്നു. വായ്പകള്‍ക്ക് സര്‍ക്കാര്‍ ഒപ്പിട്ടുകൊടുത്ത കേസുകളില്‍ വായ്പാദാതാക്കള്‍ക്ക് ലൈസന്‍സിന്റെ മേല്‍ അവകാശവാദം ഉന്നയിക്കാന്‍ കഴിയുമോ എന്നതും നിയമപ്രശ്‌നമാണ്.

2008-നു മുമ്പുള്ള ലൈസന്‍സുകള്‍ റദ്ദാക്കേണ്ടതുണ്ടോ എന്നതാണ് സര്‍ക്കാര്‍ നേരിടുന്ന മറ്റൊരു പ്രശ്‌നം. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന നയപ്രകാരമാണ് ഇവയ്ക്കും സ്‌പെക്ട്രം നല്‍കിയത്. ടാറ്റാ, ഭാരതി എയര്‍ ടെല്‍ തുടങ്ങിയവ ഇങ്ങനെ സ്‌പെക്ട്രം നേടിയവരാണ്.ഹര്‍ജിയില്‍ 2008-നു മുമ്പുള്ള വിതരണം പരാമര്‍ശിച്ചിട്ടില്ലെന്നതിനാലാണ് തങ്ങള്‍ ഈ ലൈസന്‍സുകള്‍ റദ്ദാക്കാത്തത് എന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. 2001 മുതല്‍ 2007 വരെ ലൈസന്‍സുകള്‍ കൊടുത്തത് 73 കമ്പനികള്‍ക്കാണ്. 37 ലൈസന്‍സുകള്‍ 2007-08 ലും നല്‍കിയിട്ടുണ്ട്.

ഐഡിയ , എസ് .ടെല്‍ തുടങ്ങിയ കമ്പനികള്‍ക്ക് ചില സര്‍ക്കിളുകളില്‍ 2ജിയും 3ജിയും നല്‍കിയിട്ടുണ്ട്. ഇവ ഒന്നിച്ചാണ് നല്‍കിയിരിക്കുന്നത്.എന്നാല്‍ 2ജി റദ്ദാക്കപ്പെടുകയും ചെയ്തു. 2ജിലൈസന്‍സ് മാത്രം റദ്ദുചെയ്യത്തക്കവണ്ണം അവ വേര്‍തിരിക്കുകയെന്ന ജോലിയും ഇനി ടെലികോം വകുപ്പിനുണ്ട്.

ലൈസന്‍സുകള്‍ റദ്ദാക്കിയതിനോടൊപ്പം, നാലുമാസങ്ങള്‍ക്കുള്ളില്‍ ലേലംവിളിച്ച് ഇവ പുനര്‍വിതരണം നടത്തണമെന്നും സര്‍ക്കാറിനോട് കോടതി നിര്‍ദേശിച്ചിരുന്നു. ഈ വിധി, ഇന്ത്യന്‍കമ്പനികളുമായി കൂട്ടു ചേര്‍ന്ന വിദേശകമ്പനികള്‍ക്ക് പരാതിയുണ്ടാക്കി. ലൈസന്‍സ് റദ്ദാക്കപ്പെട്ട യൂണിനോറില്‍ പങ്കാളിത്തമുള്ളത് , നോര്‍വേ സര്‍ക്കാറിന് 50 ശതമാനത്തിലേറെ പങ്കാളിത്തമുള്ള ടെലിനോറാണ്. അതുകൊണ്ടുതന്നെ നോര്‍വേ സജീവമായി രംഗത്തു വരികയും ആ രാജ്യത്തിന്റെ ഐ.ടി. മന്ത്രി കഴിഞ്ഞ ദിവസം ടെലികോം മന്ത്രി കപില്‍ സിബലുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. റഷ്യന്‍ കമ്പനിയായസിസ്റ്റെമ'യുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് അവിടുത്തെ വാര്‍ത്താവിനിമയ മന്ത്രി ഉടനെ ഇന്ത്യയിലെത്തുന്നുണ്ട്.

റദ്ദാക്കപ്പെട്ട ലൈസന്‍സുകളുടെ ഉടമകള്‍ ജൂണ്‍ രണ്ടോടെ സ്‌പെക്ട്രത്തിനുമേലുള്ള അവകാശം ഒഴിയണം. തുടര്‍ന്നു നടക്കുന്ന ലേലത്തില്‍ ഇവരെ മാത്രം പങ്കുകൊള്ളിക്കണമോ അതോ എല്ലാവരെയും പങ്കുകൊള്ളിക്കണോ എന്നതാണ് സര്‍ക്കാര്‍ നേരിടുന്ന മറ്റൊരു ചോദ്യം.

Newsletter