ലഹരിവസ്തുവില്‌പന: ദൂരപരിധി വീണ്ടും 100 മീറ്ററായി കുറച്ചു
- Last Updated on 11 May 2012
- Hits: 2
തിരുവനന്തപുരം: വിദ്യാലയങ്ങളുടെ 400 മീറ്റര്‍ ചുറ്റളവില്‍ സിഗററ്റും പാന്‍മസാല പോലെയുള്ള ലഹരിവസ്തുക്കളും വില്‍ക്കാന്‍ പാടില്ലെന്ന ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. ഇത് കേന്ദ്രനിയമത്തിന് എതിരാണെന്ന വ്യാപാരി- വ്യവസായി ഏകോപനസമിതിയുടെ പരാതിയെത്തുടര്‍ന്നാണ് പിന്‍വലിച്ചത്.
ഇതോടെ കേന്ദ്രനിയമത്തിലുള്ള ദൂരപരിധി മാത്രമേ കേരളത്തിനും ബാധകമാവൂ. കേന്ദ്രനിയമപ്രകാരം വിദ്യാലയങ്ങളുടെ 100 യാര്‍ഡ് ( ഏകദേശം 90 മീറ്റര്‍) ചുറ്റളവിലേ ഇവയുടെ വില്പന നിയന്ത്രിച്ചിട്ടുള്ളൂ. കേന്ദ്ര നിയമം ഭേദഗതിചെയ്യാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തീരുമാനിച്ചിട്ടുണ്ട്.എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ നിയമഭേദഗതി എന്നുണ്ടാവുമെന്നറിയില്ല. അതുവരെ വിദ്യാലയ സമീപത്തെ ലഹരിമരുന്നു വില്പന ഫലപ്രദമായി തടയാന്‍ കേരള സര്‍ക്കാരിന് കഴിയില്ല.
അങ്ങോളമിങ്ങോളം കടകളുള്ള കേരളത്തില്‍ ചെറിയ ദൂരപരിധികൊണ്ട് പ്രയോജനമുണ്ടായില്ല. നിയമം ദുര്‍ബലമായതിനാല്‍ വിദ്യാലയങ്ങളുടെ സമീപത്ത് ഇത്തരം വസ്തുക്കളുടെ വില്പന വ്യാപകമായി. വിദ്യാര്‍ഥികള്‍ ലഹരിക്ക് അടിമയാവുന്നത് തടയാന്‍ ഇവ പെട്ടെന്ന് കിട്ടാനുള്ള അവസരം ഇല്ലാതാക്കണമെന്നാവശ്യപ്പെട്ട് പൊതുസമൂഹത്തില്‍ നിന്ന് ഒട്ടേറെ ഇടപെടലുകളുണ്ടായി. ഈ സാഹചര്യത്തിലാണ് ദൂരപരിധി കൂട്ടാന്‍ മന്ത്രിസഭ തീരുമാനിച്ചത്. ഇതനുസരിച്ചുള്ള നടപടികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരവും നല്‍കി. 2011 നവംബറില്‍ ഉത്തരവുമിറക്കി.
എന്നാല്‍ സംസ്ഥാനത്തിന്റെ ഈ തീരുമാനം കേന്ദ്ര ആരോഗ്യമന്ത്രാലയം 2003 ല്‍ പുറത്തിറക്കിയ സിഗററ്റും മറ്റ് പുകയില ഉത്പന്നങ്ങളും വില്പന പ്രചാരണ നിയന്ത്രണ നിയമത്തിന്റെ ലംഘനമാണെന്ന് വ്യാപാരി -വ്യവസായി ഏകോപന സമിതി സര്‍ക്കാരിനെ അറിയിച്ചു. വിദ്യാലയങ്ങള്‍ക്ക് 400 മീറ്റര്‍ ചുറ്റളവില്‍ ഇവയുടെ വില്പന നിരോധിച്ചാല്‍ അത് ഒട്ടെറെ കടകളെ ബാധിക്കുമെന്നതാണ് ഈ പരാതിക്ക് അടിസ്ഥാനം. നിയമവകുപ്പ് ഇത് പരിശോധിക്കുകയും സംസ്ഥാനത്തിന്റെ തീരുമാനം നിലനില്‍ക്കുന്നതല്ലെന്ന് അഭിപ്രായമറിയിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഇത് പിന്‍വലിക്കാന്‍ തീരുമാനമായത്. ഇതോടെ തദ്ദേശ സ്ഥാപനങ്ങള്‍ക്കുണ്ടായിരുന്ന നിയന്ത്രണാധികാരവും നഷ്ടപ്പെട്ടു.
സാധാരണ കേന്ദ്ര നിയമത്തിന് വിരുദ്ധമായ സംസ്ഥാന നിയമങ്ങള്‍ കോടതികളില്‍ ചോദ്യം ചെയ്യപ്പെടുകയാണ് പതിവ്. എന്നാല്‍ ഈ നിയമത്തിനെതിരെ കേസ്സുള്ളതായി തദ്ദേശസ്വയംഭരണ വകുപ്പിന് അറിയില്ല.
കേന്ദ്ര നിയമഭേദഗതിക്കുള്ള ശുപാര്‍ശ നല്‍കേണ്ടത് സംസ്ഥാനത്തെ ആരോഗ്യവകുപ്പാണ് . ഇതിനായി ഫയല്‍ തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്ന് ആരോഗ്യവകുപ്പിന് കൈമാറി .
എസ്. എന്‍. ജയപ്രകാശ്