റെയില്‍വേ മന്ത്രി ദിനേഷ് ത്രിവേദി രാജിവെച്ചു
- Last Updated on 19 March 2012
ന്യൂഡല്‍ഹി: തീവണ്ടിയാത്രാ നിരക്ക് കൂട്ടിയതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ റെയില്‍വേ മന്ത്രി ദിനേഷ് ത്രിവേദി രാജിവെച്ചു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിയെ ഫോണില്‍ വിളിച്ചാണ് ത്രിവേദി രാജി സന്നദ്ധത അറിയിച്ചത്. തുടര്‍ന്ന് പ്രധാനമന്ത്രിക്ക് അദ്ദേഹം രാജിക്കത്ത് അയയ്ക്കുകയുംചെയ്തു. രാജിവെക്കാന്‍ മമത തന്നോട് ആവശ്യപ്പെട്ടതായി ത്രിവേദി
ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് നിര്‍ദേശിച്ച പ്രകാരം കേന്ദ്രഷിപ്പിങ് സഹമന്ത്രി മുകുള്‍ റോയി പുതിയ റെയില്‍ മന്ത്രിയാകും.
ത്രിവേദിയുടെ രാജിയെത്തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മമത ബാനര്‍ജി ഞായറാഴ്ച രാത്രി വൈകി ഡല്‍ഹിയിലെത്തി. താനവതരിപ്പിച്ച റെയില്‍വേ ബജറ്റിന്റെ ചര്‍ച്ചയ്ക്ക് മറുപടി പറയാന്‍ അവസരം നല്‍കണമെന്നായിരുന്നു ത്രിവേദിയുടെ നിലപാട്. എന്നാല്‍ അതിന് തൃണമൂല്‍ വഴങ്ങിയില്ല. തുടര്‍ന്ന് ചര്‍ച്ച തുടങ്ങും മുമ്പുതന്നെ അദ്ദേഹത്തിന് രാജി വെക്കേണ്ടി വന്നു.
ഞായറാഴ്ച രാത്രി തന്നെ മുതിര്‍ന്ന ചില കോണ്‍ഗ്രസ് നേതാക്കളും തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ചില നേതാക്കളുമായി മമത ചര്‍ച്ച നടത്തി. തിങ്കളാഴ്ച തൃണമൂലിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മമത പങ്കെടുക്കും. ബജറ്റ് ചര്‍ച്ചകളില്‍ പാര്‍ലമെന്റില്‍ കൈക്കൊള്ളേണ്ട നിലപാടുകളെ കുറിച്ച് തിങ്കളാഴ്ചയിലെ യോഗത്തില്‍ തീരുമാനങ്ങളെടുക്കും. ഈ യോഗത്തില്‍ ദിനേഷ് ത്രിവേദി പങ്കെടുക്കുമോ എന്ന് വ്യക്തമായിട്ടില്ല. എന്നാല്‍ ഫോണില്‍ തന്നോട് സംസാരിച്ച അദ്ദേഹം പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത അറിയിച്ചതായി മമത പറഞ്ഞു.
ദിനേഷ് ത്രിവേദിയുടെ രാജിയോടെ ബജറ്റ് സംബന്ധിച്ച ആശങ്ക അവസാനിക്കുന്നില്ലെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. സത്യപ്രതിജ്ഞ ബജറ്റ് ചര്‍ച്ചയുടെ ഇടയിലായാല്‍ പുതിയ റെയില്‍വേമന്ത്രിക്ക് ബജറ്റ്‌നിര്‍ദേശങ്ങള്‍ പഠിച്ച് മറുപടി പറയാന്‍ ബുദ്ധിമുട്ടാകുമെന്ന് സര്‍ക്കാറിന് വാദിക്കാം. ഇക്കാര്യം ചൂണ്ടിക്കാട്ടി ധനമന്ത്രിക്കു തന്നെ റെയില്‍വേ ബജറ്റിന് മറുപടി പറയാം. എന്നാല്‍ പാര്‍ലമെന്റ് സമ്മേളനത്തിടയില്‍ തന്നെ പുതിയ മന്ത്രി മുകുള്‍ റോയിയെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണമെന്ന് മമത വാദിക്കും. ഇതിനുവേണ്ടിയുള്ള സമ്മര്‍ദത്തിന്റെ ഭാഗമായാണ് മമത ഡല്‍ഹിയില്‍ എത്തിയത്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ നിലപാട് നിര്‍ണായകമാകും.
റെയില്‍വേക്ക് ഗുണകരമായ കാര്യങ്ങള്‍ ചെയ്യാനാണ് ശ്രമിച്ചതെന്ന് സ്ഥാനമൊഴിയുന്ന മന്ത്രി ദിനേഷ് ത്രിവേദി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ''മന്ത്രിയെന്ന നിലയില്‍ റെയില്‍വേ കുടുംബം എനിക്ക് വലിയ പിന്തുണയാണ് നല്‍കിയത്. എല്ലാവരോടും നന്ദി പറയുന്നു റെയില്‍വേയുടെ സുരക്ഷയ്ക്കും നിലനില്‍പ്പിനും വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. ഇനിയത് രാജ്യത്തിന്റെ ഉത്തരവാദിത്വമാണ്. നാലു ദിവസം നീണ്ട ആശയക്കുഴപ്പത്തിന് മാപ്പു ചോദിക്കുന്നു. സുദീപ് ബന്ദോപാധ്യായ പാര്‍ലമെന്റില്‍ പറഞ്ഞ കാര്യങ്ങളാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്.
ഞാന്‍ രാജിവെക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് സുദീപ് ബന്ദോപാധ്യായ പറഞ്ഞത്. എന്നാല്‍ പിന്നീട് കല്യാണ്‍ ബാനര്‍ജി രാജിവെക്കാന്‍ ആവശ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ ആശയക്കുഴപ്പം ഒഴിവാക്കാന്‍ മമത ബാര്‍ജിയെ നേരിട്ടു വിളിച്ചു'' -ദിനേഷ് ത്രിവേദി മാധ്യമപ്രര്‍ത്തകരോട് പറഞ്ഞു. മമത നേരിട്ട് ആവശ്യപ്പെടാതെ റെയില്‍ മന്ത്രി സ്ഥാനത്തുനിന്ന് രാജിവെക്കില്ലെന്നായിരുന്നു ത്രിവേദി നേരത്തേ പ്രഖ്യാപിച്ചത്.
24 മണിക്കൂറിനുള്ളില്‍ മന്ത്രിസ്ഥാനത്തുനിന്ന് ദിനേഷ് ത്രിവേദിയെ മാറ്റി മുകുള്‍റോയിയെ നിയമിക്കണമെന്ന് ഞായറാഴ്ച രാവിലെ കൊല്‍ക്കത്തയില്‍ നിന്ന് മമത ആവശ്യപ്പെട്ടിരുന്നു. പൊതുബജറ്റ് അവതരണം പൂര്‍ത്തിയായ സ്ഥിതിക്ക് കോണ്‍ഗ്രസ് നേതൃത്വവും പ്രധാനമന്ത്രിയും നേരത്തേ നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. റെയില്‍വേ ആരുടേയും സ്വകാര്യ സ്വത്തല്ല എന്നും റെയില്‍വേ മന്ത്രാലയത്തില്‍ നിന്ന് ഓടിപ്പോകാന്‍ ഒരുക്കമല്ലെന്നും ത്രിവേദി പ്രഖ്യാപിച്ചതിനെ തുടര്‍ന്നായിരുന്നു മമത പ്രധാനമന്ത്രിയെ ബന്ധപ്പെട്ടത്.
ബലിയാടാക്കിയെന്ന് ആരോപണം
ഗുജറാത്തിലെ കച്ച് ജില്ലയില്‍പ്പെട്ട ബിദാല സ്വദേശിയാണ് ദിനേഷ് ത്രിവേദി. അച്ഛന്റെ ജോലി ആവശ്യാര്‍ഥം കുടുംബം പശ്ചിമബംഗാളിന്റെ തലസ്ഥാനമായ കൊല്‍ക്കത്തയിലേക്ക് മാറുകയായിരുന്നു. ബംഗാളില്‍ വലിയ വേരുകളില്ലാത്ത ത്രിവേദിയെ മമത ബാനര്‍ജി ബലിയാടാക്കിയതാണെന്ന് അനുയായികള്‍ ആരോപണമുയര്‍ത്തിയിട്ടുണ്ട്.
ഓസ്റ്റിനിലെ ടെക്‌സാസ് സര്‍വകലാശാലയില്‍ നിന്നുള്ള എം.ബി.എ ബിരുദധാരിയായ ത്രിവേദിക്ക് പൈലറ്റ് ലൈസന്‍സുമുണ്ട്. ഒന്നിലേറെ കമ്പനികളില്‍ ജോലി നോക്കുകയും കൊല്‍ക്കത്തയില്‍ സ്വന്തമായി കമ്പനി നടത്തുകയും ചെയ്ത ശേഷം 1980ല്‍ കോണ്‍ഗ്രസ്സിലൂടെയാണ് രാഷ്ട്രീയപ്രവേശം.
പത്തുവര്‍ഷത്തിനു ശേഷം ജനതാദളിലേക്ക് കൂടുമാറി. 1989ല്‍ മമത തൃണമൂല്‍ രൂപവത്കരിച്ചപ്പോള്‍ അതില്‍ ചേര്‍ന്നു, ആദ്യജനറല്‍ സെക്രട്ടറിയുമായി. 1990 മുതല്‍ 2008 വരെ രാജ്യസഭാംഗമായിരുന്നു. 2009ല്‍ ബംഗാളിലെ ബരാക്പുരില്‍ നിന്ന് ലോക്‌സഭയിലേക്ക്. ആദ്യം ആരോഗ്യ, കുടുംബ ക്ഷേമ സഹമന്ത്രിയായിരുന്നു. കഴിഞ്ഞ വര്‍ഷം മമത ഒഴിഞ്ഞപ്പോള്‍ റെയില്‍വേമന്ത്രി പദത്തിലെത്തി.