22April2012

Breaking News
ക്രിമിനല്‍ ബന്ധമുള്ള പോലീസുകാരുടെ വിവരം പുറത്തുവിടുന്നത് ആലോചനയില്‍-തിരുവഞ്ചൂര്‍
സ്വന്തം ചാനലും പത്രവും തുടങ്ങുമെന്ന് മമത
എ.എസ്.ജി പറഞ്ഞത് കേന്ദ്രനിലപാടല്ല: മുഖ്യമന്ത്രി
ലീഗുമായി നല്ല ബന്ധം: ചെന്നിത്തല
അപമാനം സഹിച്ച് മുന്നണിയില്‍ തുടരാനാവില്ല: ലീഗ്‌
ആഫ്രിക്കയില്‍ അളവറ്റ ജലസമ്പത്തെന്ന് ശാസ്ത്രജ്ഞര്‍

ഇന്‍റര്‍നെറ്റ് ബാങ്കിങ് തട്ടിപ്പ്: പിന്നില്‍ രാജ്യവ്യാപക സംഘം

കൊച്ചി: ഇന്‍റര്‍നെറ്റ് ബാങ്കിങ് തട്ടിപ്പിലൂടെ ഡോക്ടറുടെ 12 ലക്ഷത്തോളം രൂപ അപഹരിച്ച സംഭവത്തിന് പിന്നില്‍ നൈജീരിയക്കാരന്‍ ഉള്‍പ്പെട്ട രാജ്യവ്യാപക സംഘമാണെന്ന് പോലീസ് കണ്ടെത്തി. കേസിലെ പ്രതികളായ രണ്ട് ഹൈദരാബാദ് സ്വദേശികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. 

എറണാകുളത്തെ ഡോക്ടറായ ഷബീര്‍ഖാന്റെ 11,14,500 രൂപയാണ് ഇന്‍റര്‍നെറ്റ് ബാങ്കിങ്ങിലൂടെ തട്ടിയെടുത്തത്. കേസില്‍ രണ്ടാംപ്രതി മിര്‍സാ ജാഫര്‍ ബെയ്ഗ് (ഹമീദ്-28) , നാലാംപ്രതി ഷെയ്ക്ക് എസ്തഷാം അലി (റഹാന്‍-34) എന്നിവരാണ് അറസ്റ്റിലായത്. 
ഒന്നാംപ്രതി മുഹമ്മദ് അലി (28) , മൂന്നാം പ്രതി അട്ടാ ഉര്‍ റഹ്മാന്‍ (32) എന്നിവരാണ് ഇനി പിടിയിലാകാനുള്ളതെന്ന് കേസന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച എറണാകുളം റേഞ്ച് ഐ. ജി. കെ. പദ്മകുമാര്‍ പറഞ്ഞു. റഹാന്‍ എം. ബി. എ. ബിരുദധാരിയാണ്. 

സമാനസ്വഭാവമുള്ള മറ്റൊരു കേസില്‍ പ്രതിയായ നൈജീരിയന്‍ സ്വദേശി ഫെലിക്‌സ് ഇവ്ദു ബ്യൂയിസി എഗിദിഗേവ്(32) എന്നയാളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചായിരുന്നു വ്യാജ സിംകാര്‍ഡ് പ്രവര്‍ത്തിപ്പിച്ചിരുന്നതെന്ന് പോലീസിന് വ്യക്തമായിരുന്നു. ഇതേ ഫോണിന്റെ ഐ. എം. ഇ. ഐ നമ്പര്‍ തന്നെയായിരുന്നു ഡ്യൂപ്‌ളിക്കേറ്റ് സിംകാര്‍ഡ് ഉപയോഗിച്ച ഫോണിലേയും. ഇതാണ് കേസിലെ നൈജീരിയന്‍ ബന്ധത്തിന് നിര്‍ണായക തെളിവായത്. ഫെലിക്‌സ് കൊല്‍ക്കത്ത ആലിപ്പൂര്‍ ജയിലിലാണ്. ഇയാളുടെ കൂട്ടാളികളാണ് തട്ടിപ്പിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഫെലിക്‌സിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് പോലീസ്പറഞ്ഞു. ഇയാളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചയാളെ കണ്ടെത്തുന്നതിന് വേണ്ടിയാണിത്. മിര്‍സാജാഫര്‍ ആണ് ഹൈദരാബാദിലെ പഞ്ചഗുട്ടയിലെ വൊഡഫോണ്‍ ഷോറൂമില്‍ നിന്ന് ഡ്യൂപ്‌ളിക്കേറ്റ് സിംകാര്‍ഡ് സംഘടിപ്പിച്ചത്. ഡോക്ടറുടെ പേരിലുള്ള ഡ്രൈവിങ് ലൈസന്‍സിലുള്ള വിലാസവും മറ്റൊരാളുടെ ഫോട്ടോയുള്ള വ്യാജ പാസ്‌പോര്‍ട്ട് പകര്‍പ്പും നല്‍കിയായിരുന്നു സിംകാര്‍ഡ് സംഘടിപ്പിച്ചത്. ഡ്യൂപ്‌ളിക്കേറ്റ് സിംകാര്‍ഡ് കിട്ടിയതോടെ ഡോക്ടറുടെ ഫോണ്‍ പ്രവര്‍ത്തന രഹിതമായി. പണമിടപാടുകള്‍ നടത്തുമ്പോള്‍ മൊബൈലില്‍ അലര്‍ട്ട് മെസേജുകള്‍ ഡോക്ടര്‍ക്ക് കിട്ടാതിരിക്കുന്നതിന് വേണ്ടിയാണ് ഡ്യൂപ്‌ളിക്കേറ്റ് സിംകാര്‍ഡ് പ്രതികള്‍ സംഘടിപ്പിച്ചത്. 

ആക്‌സിസ് ബാങ്കിലെ ഡോക്ടറുടെ രണ്ട് അക്കൗണ്ടുകളില്‍ നിന്നും ഒന്‍പത് സംസ്ഥാനങ്ങളിലെ 22 അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തായിരുന്നു തട്ടിപ്പ്. തൊണ്ണൂറ്റിനാലോളം എ. ടി. എം അക്കൗണ്ടുകളില്‍ നിന്നും പണം പിന്‍വലിച്ചു. കാര്‍ഡ് ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങിച്ചു. തട്ടിപ്പ് അറിഞ്ഞതിനെ തുടര്‍ന്ന് ഡോക്ടറുടെ അക്കൗണ്ടിലെ രണ്ടരലക്ഷത്തോളം രൂപ മരവിപ്പിച്ചതിനാല്‍ നഷ്ടമായില്ല. 18 ആക്‌സിസ് ബാങ്ക് ശാഖകള്‍ക്ക് പുറമെ ഐ. സി. ഐ. സി. ഐ, കൊഡാക്ക് മഹീന്ദ്ര ബാങ്കുകളുടെ അക്കൗണ്ടുകളിലേക്കും പണം മാറ്റിയിരുന്നു. 

ഡോക്ടറുടെ യൂസര്‍ നെയിമും പാസ് വേര്‍ഡും ഹാക്ക് ചെയ്തത് ഒരു നൈജീരിയന്‍ സ്വദേശിയാണെന്ന് സൂചനയുണ്ട്. ഇയാള്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ ഇന്‍റര്‍നെറ്റ് തട്ടിപ്പിന് ഫീല്‍ഡ് വര്‍ക്കിന് ചുമതലപ്പെടുത്തിയിട്ടുള്ളയാളാണ് ഒന്നാംപ്രതി മുഹമ്മദ് അലി. ഇയാളാണ് വ്യാജ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് മിര്‍സജാഫറിന് നല്‍കി ഡ്യൂപ്‌ളിക്കേറ്റ് സിംകാര്‍ഡ് എടുക്കാന്‍ പറഞ്ഞുവിട്ടത്. 

22 അക്കൗണ്ടുകള്‍ പോലീസ് പരിശോധിച്ചിരുന്നു. സെക്കന്തരാബാദിലെ കൊഡാക്ക് മഹീന്ദ്ര ബാങ്കിലെ ഒരു അക്കൗണ്ടിലേക്കാണ് രണ്ട് ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ആയതെന്ന് വ്യക്തമായി. ഹൈദരാബാദ് സ്വദേശി ഷായിബ് മുഹമ്മദ്ഖാന്റെ ശമ്പള അക്കൗണ്ടായിരുന്നു ഇത്. യൂറേക്ക ഫോബ്‌സ് എന്ന കമ്പനിക്ക് വേണ്ടിയായിരുന്നു ഇയാള്‍ ജോലി ചെയ്തിരുന്നത്. ഇതിനിടെ കമ്പനിവിലാസത്തില്‍ വന്ന എ. ടി. എം കാര്‍ഡും സീക്രട്ട് നമ്പറും ടീം ഹെഡ്ഡായിരുന്ന അട്ടാ ഉര്‍ റഹ്മാന്‍ കരസ്ഥമാക്കി. കാര്‍ഡ് കൈമറിഞ്ഞ് ഇത് ഒന്നാംപ്രതി മുഹമ്മദ് അലിക്ക് ലഭിച്ചു. ഇയാളുടെ നിര്‍ദേശപ്രകാരം മിര്‍സാ ജാഫര്‍, ഷെയ്ക്ക് എന്നിവര്‍ ചേര്‍ന്ന് ആറ് എ. ടി. എം കൗണ്ടറുകളില്‍ നിന്ന് 185000 രൂപ പിന്‍വലിക്കുകയായിരുന്നു. ഇപ്പോള്‍ ജോലിയൊന്നും ഇല്ലാത്ത അട്ടാ ഉര്‍ റഹ്മാന്‍ സമാനമായ മറ്റൊരു കേസില്‍പെട്ടിരുന്നു. പോലീസ് പിന്‍തുടരുമ്പോള്‍ ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റ ഇയാള്‍ ആസ്പത്രിയിലാണ്. ഇയാളുടെ വീട് റെയ്ഡ് ചെയ്ത് പോലീസ് രേഖകള്‍ പിടിച്ചെടുത്തിരുന്നു. 

മിര്‍സാ ജാഫര്‍ കാര്‍ഡ് ഉപയോഗിച്ച് 19000 രൂപ വിലയുള്ള നെക്‌ലേസ് വാങ്ങിയെന്നും അന്വേഷണത്തില്‍ വ്യക്തമായി. 
ഡോക്ടറുടെ യൂസര്‍ നെയിം, പാസ് വേര്‍ഡ് എന്നിവ ബാങ്കിന്റെ വ്യാജ വെബ്‌സൈറ്റ് വഴി ചോര്‍ന്നതാകാമെന്ന് പോലീസ് പറഞ്ഞു. 

Newsletter