ഇന്ത്യയെ നികുതി അഭയകേന്ദ്രമാക്കില്ല-പ്രണബ്
- Last Updated on 09 May 2012
- Hits: 1
ന്യൂഡല്‍ഹി: വിദേശനിക്ഷേപം ആകര്‍ഷിക്കാന്‍ വന്‍കിട കമ്പനികളുടെ നികുതി അഭയകേന്ദ്രമായി ഇന്ത്യയെ മാറ്റില്ലെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി വ്യക്തമാക്കി. ധനബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചയ്ക്ക് ലോക്‌സഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.
വൊഡാഫോണ്‍ കേസില്‍ സുപ്രീംകോടതിയുടെ ഉത്തരവ് മറികടക്കാന്‍ മുന്‍കാലപ്രാബല്യത്തോടെ ആദായനികുതി നിയമം ഭേഗതി ചെയ്തതിനെ ധനമന്ത്രി ന്യായീകരിച്ചു.
12,000 കോടി രൂപ കേന്ദ്രത്തിന് നികുതിയായി നല്‍കുന്നതില്‍നിന്ന് ബ്രട്ടീഷ് കമ്പനിയായ വൊഡാഫോണിനെ സുപ്രീംകോടതി ഒഴിവാക്കിയിരുന്നു. 2007-ല്‍ വൊഡാഫോണ്‍, ഹച്ചിസണിനെ ഏറ്റെടുത്തതിന് തുടര്‍ച്ചയായിട്ടാണ് കേന്ദ്രം അവര്‍ക്ക് നികുതി നോട്ടീസ് നല്‍കിയത്.
സുപ്രീംകോടതി ഉത്തരവ് മറികടക്കാന്‍ കേന്ദ്രം മുന്‍കാല പ്രാബല്യത്തോടെ ആദായനികുതി നിയമം ഭേദഗതി ചെയ്യുന്നതിനെതിരെ വന്‍കിട കമ്പനികള്‍ വിദേശത്തും മറ്റും വന്‍ പ്രചാരണം നടത്തി. വന്‍രാജ്യങ്ങളില്‍നിന്ന് ഇന്ത്യയ്ക്കുമേല്‍ സമ്മര്‍ദവുമുണ്ടായി. ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ വിദേശകമ്പനികള്‍ മടിക്കുമെന്ന പ്രചാരണം ശക്തമായി ഉയര്‍ന്നു. ഈ പശ്ചാത്തലമെല്ലാം കണക്കിലെടുത്താണ് ധനമന്ത്രിയുടെ പ്രതികരണമുണ്ടായത്.
കോടതിവിധി മറികടക്കുന്നതിന് നിയമം ഉണ്ടാക്കാന്‍ പാര്‍ലമെന്റിന് പൂര്‍ണ അധികാരമുണ്ടെന്ന് മുന്‍കാല നടപടികള്‍ ഉദ്ധരിച്ച് പ്രണബ് പറഞ്ഞു. ഇന്ത്യയിലെ ആസ്തികളുപയോഗിച്ച് പണമുണ്ടാക്കുകയും അതേസമയം, ഇവിടെയും കമ്പനികളുടെ ഉറവിടമായ രാജ്യത്തും നികുതി നല്‍കാതിരിക്കുകയും ചെയ്യരുത്. ഒന്നുകില്‍ നികുതി നല്‍കണം അല്ലെങ്കില്‍ ഇരട്ട നികുതി ഒഴിവാക്കല്‍ക്കരാറില്‍ ഏര്‍പ്പെടണം. ഇത്തരം നിയമങ്ങള്‍ ഉണ്ടാക്കാന്‍ രാജ്യങ്ങള്‍ക്ക് പരമാധികാരമുണ്ട്.
2008-ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് ഇതുപോലൊരു നിയമം മുന്‍കാലപ്രാബല്യത്തോടെ പാസാക്കിയിരുന്നു. അവരേക്കാളും ഒരുതരത്തിലും താഴെയല്ല ഇന്ത്യയുടെ സ്ഥാനം. സാങ്കേതികവിദ്യയോ നിക്ഷേപമോ ലഭിക്കുമെന്ന കാരണത്താല്‍ ഇന്ത്യ ആര്‍ക്കും നികുതി ഒഴിവാക്കാനുള്ള അഭയകേന്ദ്രമാവില്ല.
കള്ളപ്പണത്തെക്കുറിച്ചുള്ള ധവളപത്രം ഉടനെ പുറത്തിറക്കുമെന്ന് മന്ത്രി പറഞ്ഞു. കള്ളപ്പണവുമായി ബന്ധപ്പെട്ട് കേസ് എടുത്തവരുടെ പേരുവിവരങ്ങള്‍ മാത്രമേ ഈ ഘട്ടത്തില്‍ വെളിപ്പെടുത്താനാവൂ. മറ്റുള്ളവരുടെ പേരു വെളിപ്പെടുത്താന്‍ നിയമാനുമതി, റിസര്‍വ് ബാങ്കിന്റെ അനുമതി തുടങ്ങിയവ ആവശ്യമാണ്. കള്ളപ്പണം എത്രമാത്രം ഉണ്ടെന്നതിനെക്കുറിച്ച് മൂന്നു സ്ഥാപനങ്ങള്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നുണ്ട്. ജൂലായ്, ആഗസ്ത് മാസത്തോടെ അവരുടെ റിപ്പോര്‍ട്ട് ലഭിക്കും.
പ്രണബിന്റെ മറുപടിക്കുശേഷം ധനബില്‍ ലോക്‌സഭ പാസാക്കി. ഇതോടെ ബജറ്റ് പാസാക്കല്‍ പ്രക്രിയ പൂര്‍ത്തിയായി.