ടൈറ്റാനിക്കിന്റെ കന്നിയാത്ര
- Last Updated on 14 April 2012
- Hits: 1
ഒരു ദിവസം മുമ്പേ ലക്ഷ്യസ്ഥാനത്തെത്തി വാര്‍ത്ത സൃഷ്ടിക്കുകയായിരുന്നു ടൈറ്റാനിക്കിന്റെ ക്യാപ്റ്റന്റെ ലക്ഷ്യം. ലക്ഷ്യസ്ഥാനത്ത് അവര്‍ ഒരിക്കലുമെത്തിയില്ല. പക്ഷേ, ടൈറ്റാനിക് വാര്‍ത്ത സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു, കടലിന്റെ ആഴങ്ങളില്‍ മറഞ്ഞ് ഒരു നൂറ്റാണ്ടു തികയുമ്പോഴും. ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍ നിന്ന് 1912 ഏപ്രില്‍ 10 ന് അമേരിക്കയിലെ ന്യൂയോര്‍ക്കിലേക്കായിരുന്നു ടൈറ്റാനിക്കിന്റെ കന്നിയാത്ര.
ഒന്‍പതു നില കെട്ടിടത്തിന്റെ ഉയരവും മൂന്നു ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ വിസ്തൃതിയുമായി കടലിലെ രാജകൊട്ടാരമെന്നാണ് ഫര്‍ലാന്‍ഡ് ആന്‍ഡ് വുള്‍ഫ് കമ്പനി അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റില്‍ നിര്‍മിച്ച കപ്പല്‍ വിശേഷിപ്പിക്കപ്പെട്ടത്.
ഒരിക്കലും തകരില്ലെന്നു കരുതിയ ആ കപ്പല്‍ നാലുദിവസത്തിനുശേഷം അറ്റ്‌ലാന്‍റിക്ക് സമുദ്രത്തിലെ കപ്പല്‍പ്പാതയില്‍ മഹാമേരു പോലെ നിന്ന മഞ്ഞുമലയില്‍ത്തട്ടി തകര്‍ന്നു. ഏപ്രില്‍ 14-ന് രാത്രി 11.40-നായിരുന്നു ആ അപകടം. രണ്ടു മണിക്കൂര്‍ 44 മിനിറ്റിനു ശേഷം ഏപ്രില്‍ 15-ന് വെളുപ്പിന് 2.24-ന് അത് കടലില്‍ താണു. ഞായറാഴ്ച രാത്രി ടൈറ്റാനിക് ദുരന്തത്തിന് നൂറു വര്‍ഷം തികയുകയാണ്.
ലോകത്തിലെ ഏറ്റവും വലിയ കപ്പലായിരുന്ന ടൈറ്റാനിക്കിന്റെ കന്നിയാത്രയില്‍ ജീവനക്കാരുള്‍പ്പെടെ 2,224 പേരുണ്ടായിരുന്നു. 1514 യാത്രികരാണ് ആ മഹാദുരന്തത്തില്‍ മരിച്ചത്. 710 യാത്രക്കാരെ രക്ഷിച്ചു. കപ്പലില്‍ ആവശ്യത്തിന് ലൈഫ് ബോട്ടുകളില്ലാത്തതും അറ്റ്‌ലാന്‍റിക്കിലെ അതിശൈത്യവും മരണസംഖ്യ കൂടാന്‍ ഇടയാക്കി. കഥകളിലും ഓര്‍മക്കുറിപ്പുകളിലും നിറഞ്ഞ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ 1985 സപ്തംബര്‍ ഒന്നിനാണ് 'ആര്‍ഗോ' എന്ന റോബോട്ടിന്റെ സഹായത്തോടെ ആദ്യമായി കണ്ടെത്തിയത്.
ടൈറ്റാനിക് അപകടത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങളുമായി ആ ദുരന്തം ആഘോഷിക്കുകയാണ് ലോകം. ടൈറ്റാനിക്കില്‍ നിന്നു ലഭിച്ച വസ്തുക്കളുടെ ചിത്രവും മറ്റും ഉപയോഗിച്ച് നിര്‍മിച്ച കലണ്ടറുകള്‍, സ്റ്റാമ്പുകള്‍, നാണയങ്ങള്‍, പുസ്തകങ്ങള്‍ എന്നിവ വന്‍തോതില്‍ വിറ്റഴിയുന്നു. ത്രിമാനരൂപം പൂണ്ടെത്തിയ ടൈറ്റാനിക് സിനിമ തകര്‍ത്തോടുന്നു.
ടൈറ്റാനിക് കപ്പല്‍ നിര്‍മിച്ച ബെല്‍ഫാസ്റ്റിലെ ഡോക്കില്‍ അതേ മാതൃകയില്‍ തന്നെ ഒരു മ്യൂസിയം തുറന്നിട്ടുണ്ട്. അടിത്തട്ടില്‍ പര്യവേക്ഷണനത്തിന് നേതൃത്വം നല്‍കിയ റോബര്‍ട്ട് ബെല്ലാര്‍ഡ് 2011-ല്‍ എടുത്ത ചിത്രങ്ങളും ഈ മ്യൂസിയത്തില്‍ പ്രദര്‍ശനത്തിനുണ്ട്. ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ ചേര്‍ന്ന് കപ്പല്‍ തകര്‍ന്ന സ്ഥലം സന്ദര്‍ശിക്കുന്നുണ്ട്.
ടൈറ്റാനിക്കിനെ സംബന്ധിച്ചുള്ള 2,00,000 ചരിത്രവസ്തുതകള്‍ കഴിഞ്ഞ ദിവസം ഓണ്‍ലൈനില്‍ പ്രസിദ്ധപ്പെടുത്തി. ടൈറ്റാനിക്കിലെ യാത്രികരെക്കുറിച്ചുള്ള പൂര്‍ണവിവരങ്ങള്‍ ancestry.co.uk എന്ന വെബ്‌സൈറ്റില്‍ നിന്നു ലഭിക്കും. മെയ് 31 വരെ ഇവ സൗജന്യമായി പരിശോധിക്കാം. ടൈറ്റാനിക് ക്യാപ്റ്റന്‍ എഡ്വാര്‍ഡ് ജെ. സ്മിത്തിന്റെ മരണപത്രവും രേഖകളില്‍പ്പെടും. ടൈറ്റാനിക്കില്‍ നിന്നു ലഭിച്ച ചില വസ്തുക്കളും ദുരന്തത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ലേലം ചെയ്തിരുന്നു. ടൈറ്റാനിക്കിലെ ചീഫ് ഓഫീസര്‍ ഹെന്‍റി വൈല്‍ഡ് എഴുതിയ കത്ത് ലേലത്തില്‍ പിടിച്ചത് 29,000 പൗണ്ടിനാണ്.
ടൈറ്റാനിക് ദുരന്തം പ്രമേയമാക്കി 25 സിനിമകളും ടെലിവിഷന്‍ സീരിയലുകളുമിറങ്ങിയിട്ടുണ്ട്. 1997-ല്‍ ജെയിംസ് കാമറൂണ്‍ ഒരുക്കിയ ഹോളിവുഡ് സിനിമ പുരസ്‌കാരങ്ങളുടെയും സാമ്പത്തികവിജയത്തിന്റെയും കാര്യത്തില്‍ മറ്റെല്ലാറ്റിനെയും കടത്തിവെട്ടി. കേറ്റ് വിന്‍സ്‌ലെറ്റും ലിയനാഡോ ഡി കാപ്രിയോയും അഭിനയിച്ച 'ടൈറ്റാനിക്കി'ന്റെ ത്രിമാന പതിപ്പ് ടൈറ്റാനിക് അപകടത്തിന്റെ നൂറാംവാര്‍ഷികത്തില്‍ പ്രദര്‍ശനത്തിനെത്തി. ടൈറ്റാനിക് ലോകമനസ്സുകളില്‍ എത്രമാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് അറിയാന്‍ ഇതിന്റെ വിജയം മാത്രം അടിസ്ഥാനമാക്കിയാല്‍ മതി.
ഒരു ദിവസം മുന്‍പെയെത്തി വാര്‍ത്ത സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടവര്‍ യഥാര്‍ഥത്തില്‍ ഒരു നൂറ്റാണ്ടുകാലം വാര്‍ത്തയായി മാറുകയായിരുന്നു. അറ്റ്‌ലാന്‍റിക്കിന്റെ അടിത്തട്ടില്‍ ഇപ്പോഴും ചരിത്രസ്മാരകമായി നിലകൊള്ളുന്ന ടൈറ്റാനിക്കില്‍ നിന്നു ലഭിക്കുന്ന വിവരങ്ങള്‍ അറിയാന്‍ ലോകം ഇന്നും കാതുകൂര്‍പ്പിക്കുന്നു.