രണ്ടും കല്‌പിച്ച് വി.എസ്.
- Last Updated on 13 May 2012
- Hits: 5
തിരുവനന്തപുരം: എന്തിനും തയ്യാര്‍- സി.പി.എം. ഔദ്യോഗിക നേതൃത്വത്തെ ഞെട്ടിച്ച പത്രസമ്മേളനത്തിലൂടെ വി.എസ്. അച്യുതാനന്ദന്‍ നല്‍കുന്ന സന്ദേശം ഇതു തന്നെയാണ്.
ടി.പി. ചന്ദ്രശേഖരന്‍വധക്കേസില്‍ ആരോപണത്തിന്റെ കുന്തമുനയില്‍ നില്‍ക്കുന്ന സി.പി.എം. ഔദ്യോഗിക നേതൃത്വത്തെ അടിക്കാന്‍ ഏറ്റവും പറ്റിയ സമയം
ഇതാണെന്ന തിരിച്ചറിവാണ് ഈ ആക്രമണത്തിന് പശ്ചാത്തലമൊരുക്കുന്നത്.
അടിക്കടിയുണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ പൊതുസമൂഹത്തില്‍ സൃഷ്ടിക്കുന്ന വികാരം മുന്നോട്ടുള്ള പോക്കിന് അദ്ദേഹത്തിന് ഇന്ധനം പകരുന്നു.
സി.പി.എമ്മിന്റെ ചരിത്രത്തില്‍ അത്യപൂര്‍വമായ സംഭവമായിരുന്നു വി.എസ്സിന്റെ പത്രസമ്മേളനം. വി.എസ്സിന്റെ നിലപാട് അച്ചടക്ക നടപടി ക്ഷണിച്ചുവരുത്തുന്നതാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പാര്‍ട്ടി സെക്രട്ടറിയെ പത്രസമ്മേളനം വിളിച്ച് തള്ളിപ്പറയുന്നത് സി.പി.എമ്മിന് അംഗീകരിക്കാന്‍ കഴിയുന്നതല്ല.
സെക്രട്ടറിയെ തള്ളിപ്പറയുന്നതിനുമപ്പുറം കടന്ന് ഡാങ്കേയുമായി പിണറായിയെ താരതമ്യം ചെയ്തിരിക്കുകയുമാണ്.
തങ്ങളെ പുറത്താക്കിയ ഡാങ്കേയ്ക്ക് അവസാനം പാര്‍ട്ടിക്ക് പുറത്തുപോകേണ്ടിവന്നുവെന്നും വി.എസ്. പറഞ്ഞത് ആരെ ഉന്നം വെച്ചാണെന്ന് വ്യക്തം. ഡാങ്കേയുടെ ഗതി പിണറായിക്കും വരുമോയെന്ന ചോദ്യത്തിന് അത് കാത്തിരുന്ന് കാണേണ്ട കാര്യമാണെന്ന മറുപടി അദ്ദേഹത്തിന്റെ മനസ്സിലിരുപ്പ് വ്യക്തമാക്കുന്നു.
നടപടിയെടുക്കാന്‍ പാര്‍ട്ടിയെ വെല്ലുവിളിക്കുകയാണ് വി.എസ്. പാര്‍ട്ടി തെറ്റും താന്‍ ശരിയും എന്ന ലളിതമായ സത്യമാണ് അദ്ദേഹം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഫസല്‍ മുതല്‍ ചന്ദ്രശേഖരന്‍ വരെയുള്ളവരുടെ വധം പാര്‍ട്ടിയെ പ്രതിസ്ഥാനത്തേക്കാണ് കൊണ്ടുപോകുന്നതെന്ന സാഹചര്യമാണ് ആക്രമണത്തിനുള്ള സമയം ഇതുതന്നെയാണെന്ന തിരിച്ചറിവ് വി.എസ്സിന് നല്‍കുന്നത്.
ഇതാകട്ടെ മറ്റ് പലപ്രശ്‌നങ്ങളുടെയും തുടര്‍ച്ചയാണ്. മ അദനിയുമായുള്ള ബന്ധം, ഡി.ഐ.സി. കൂട്ടുകെട്ട്, ലാവലിന്‍ കേസിലെ സി.ബി.ഐ. അന്വേഷണം തുടങ്ങി നിരവധി കാര്യങ്ങളില്‍ വി.എസ്. ജനഹിതത്തിനൊപ്പമാകുകയും ഔദ്യോഗിക വിഭാഗം എതിര്‍ ഭാഗത്താകുകയും ചെയ്തു.
ഇത്തരം നിലപാടുകളിലൂടെ ജനപ്രിയനായി മാറിയ വി.എസ്. അതിന്റെ പൂര്‍ത്തീകരണത്തിനുള്ള അവസരമായാണ് ഇപ്പോഴത്തെ അനുകൂല സാഹചര്യത്തെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്.
പാര്‍ട്ടി വിടേണ്ടി വന്നവരുടെ എതിര്‍പ്പുകള്‍ പരിശോധിച്ച് നേതൃത്വം തിരുത്തണമായിരുന്നുവെന്ന് വി. എസ്. പറയുമ്പോള്‍ തെറ്റ് ആര്‍ക്കാണ് പറ്റിയതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
കൂട്ടായ ആലോചനയിലൂടെ തീരുമാനമെടുക്കുകയും അത് നടപ്പാക്കാനുള്ള ഉത്തരവാദിത്വം ഓരോരുത്തരും പങ്കിടുകയും ചെയ്യുകയെന്ന സംഘടനാ തത്വത്തിന്റെ നിരാസമാണ് വി.എസ്. ചൂണ്ടിക്കാട്ടുന്നത്. കൂട്ടായ ചര്‍ച്ച ഇല്ലാതാകുന്നത് ഏകാധിപത്യത്തിന് വഴിവയ്ക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ചെറുകിട പാര്‍ട്ടികള്‍ക്കും പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യം നല്‍കേണ്ടതല്ലേയെന്ന ചോദ്യവും അദ്ദേഹം ഉയര്‍ത്തുന്നു. വിമര്‍ശം ഉന്നയിച്ച രീതിയോട് പാര്‍ട്ടിക്ക് വിയോജിക്കാമെങ്കിലും അദ്ദേഹം ഉന്നയിച്ച കാര്യങ്ങള്‍ക്ക് മറുപടി പറഞ്ഞേ നടപടിയിലേക്ക് കടക്കാനാകൂവെന്ന് വ്യക്തം.
പാര്‍ട്ടിയില്‍നിന്നുള്ള നടപടിയാണ് വി. എസ്. ആഗ്രഹിക്കുന്നതെന്ന് കരുതുന്നവര്‍ അദ്ദേഹത്തോടൊപ്പമുണ്ട്. നടപടി വാങ്ങി പരസ്യമായ പോരാട്ടം ഊര്‍ജിതമാക്കുകയെന്നതാണ് അദ്ദേഹത്തിന്റെ മുമ്പിലുള്ള ഒരു വഴി.
എന്നാല്‍ പ്രതിരോധത്തിലായി നില്‍ക്കുന്ന പാര്‍ട്ടി ജനപ്രിയനായ നേതാവിനെതിരെ നടപടിയെടുക്കാന്‍ ധൈര്യപ്പെടില്ലെന്ന് വിശ്വസിക്കുന്നവരും വി.എസ്. ക്യാമ്പില്‍ കുറവല്ല. ഭാവിനടപടികളെക്കുറിച്ച് കൃത്യമായ ആസൂത്രണവും വ്യക്തതയും വി.എസ്. പക്ഷത്ത് ഇപ്പോഴില്ല. നടപടി വരികയാണെങ്കില്‍ അപ്പോള്‍ നോക്കാമെന്നതാണ് അവരുടെ പക്ഷം.
മൂന്നുനാല് ദിവസത്തെയെങ്കിലും ആലോചനകള്‍ക്കു ശേഷമാണ് വി.എസ്. ഈ നിലപാട് പരസ്യമായി സ്വീകരിച്ചത്. വി.എസ്സിന്റെ നിലപാട് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്ന് വ്യക്തം. പെട്ടെന്നൊരുപ്രതികരണത്തിന് പോലും കേന്ദ്ര നേതൃത്വം തയ്യാറായിട്ടില്ല. വി.എസ്സിന്റെ പത്രസമ്മേളനത്തിനുശേഷം മലബാറിലെ നേതാക്കളുമായി കൂടിയാലോചന നടത്തിയ പിണറായി വിജയനും ഉടനടി മറുപടി നല്‍കേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ ഈ ശാന്തത പൊട്ടിത്തെറിക്കുമുമ്പുള്ളതായിക്കൂടെന്നുമില്ല.