മൂഖ്യമന്ത്രിയുടെ തീരുമാനം തെറ്റല്ല: വയലാര്‍ രവി
- Last Updated on 14 April 2012
- Hits: 6
കൊച്ചി: കെ.പി.സി.സിയില്‍ ആലോചിക്കാതെ മന്ത്രിമാരുടെ വകുപ്പ് മാറ്റിയ മുഖ്യമന്ത്രിയുടെ തീരുമാനത്തില്‍ തെറ്റൊന്നുമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ വയലാര്‍ രവി. മുമ്പും കെ.പി.സി.സി എക്‌സിക്യുട്ടീവില്‍ ആലോചിക്കാതെ ഇത്തരം തീരുമാനങ്ങളെടുത്തിട്ടുണ്ടെന്നും കെ.പി.സി.സി മുന്‍ പ്രസിഡന്റ് കൂടിയായ വയലാര്‍ രവി പറഞ്ഞു. ഇത് മുഖ്യമന്ത്രിയുടെ അധികാരമാണെന്നും
രവി പറഞ്ഞു.
ഹൈക്കമാന്റിന്റെ അനുമതി ലഭിച്ച ശേഷമാണ് മുഖ്യമന്ത്രി മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം വരുത്തിയത്. ഇത് കെ.പി.സി.സിയില്‍ ചര്‍ച്ച ചെയ്യുന്ന രീതി കോണ്‍ഗ്രസിലില്ലെന്ന് രവി വ്യക്തമാക്കി.
അഞ്ചാം മന്ത്രി സ്ഥാനം കോണ്‍ഗ്രസിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചിട്ടില്ല. ഇക്കാര്യത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയ്ക്ക് അഭിപ്രായം പറയാന്‍ ധാര്‍മികമായി അവകാശമില്ല-രവി പറഞ്ഞു.
അഞ്ചാം മന്ത്രി പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയെടുത്തത് ഉചിതമായ തീരുമാനമാണ്. ആളുകള്‍ പറയുന്നതുപോലെ സാമുദായിക സന്തുലിതാവസ്ഥ തകര്‍ക്കുന്ന പ്രശ്‌നമൊന്നുമല്ല ഇത്. അഞ്ചാം മന്ത്രി എന്നത് ഇത്രയധികം പ്രശ്‌നമാക്കേണ്ട ഒന്നല്ല.
യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസും തമ്മില്‍ ഏറ്റുമുട്ടിയത് നിര്‍ഭാഗ്യകരമായിപ്പോയെന്നും വയലാര്‍ രവി പറഞ്ഞു.