ജയം: ഡെംപോ കിരീടമണിഞ്ഞു
- Last Updated on 06 May 2012
- Hits: 2
കൊല്‍ക്കത്ത:ഇന്ത്യന്‍ ഫുട്‌ബോളിന്റെ മെക്കയായ കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ ഡെംപോയ്ക്ക് ഐ ലീഗ് കിരീടധാരണം. പ്രയാഗ് യുണൈറ്റഡിനെ മറുപടിയില്ലാത്ത മൂന്നുഗോളുകള്‍ക്ക് പരാജയപ്പെടുത്തി 26 കളികളില്‍ 57 പോയന്റോടെയാണ് ഗോവന്‍ ടീം കിരീടം ചൂടിയത്. ഐ ലീഗില്‍ 2008-ലും 2010-ലും ചാമ്പ്യന്മാരായിട്ടുള്ള ഡെംപോ, ലീഗില്‍ മൂന്ന് കിരീടമെന്ന
നേട്ടവും കരസ്ഥമാക്കി.
ലീഗിലെ ടോപ്‌സ്‌കോറര്‍ റാന്‍ഡി മാര്‍ട്ടിന്‍സും (35 ഗോളുകള്‍) ക്ലൈമാക്‌സ് ലോറന്‍സും കോക്കോ സാക്കിബുവുമാണ് ഡെംപോയ്ക്കുവേണ്ടി ഗോളുകള്‍ നേടിയത്. ചാമ്പ്യന്മാരായ ഡെംപോയ്ക്ക് 70 ലക്ഷം രൂപയാണ് സമ്മാനമായി ലഭിച്ചത്. രണ്ടാംസ്ഥാനക്കാരായ ഈസ്റ്റ്ബംഗാളിന് 40 ലക്ഷം രൂപയും ലഭിച്ചു. എയറിന്ത്യയെ ശനിയാഴ്ച ഏകപക്ഷീയമായ ഒരുഗോളിന് കീഴ്‌പ്പെടുത്തിയാണ് ഈസ്റ്റ്ബംഗാള്‍ രണ്ടാംസ്ഥാനം ഉറപ്പിച്ചത്. ഞായറാഴ്ചത്തെ മത്സരത്തില്‍, മോഹന്‍ ബഗാനെ തോല്പിക്കുകയാണെങ്കില്‍ പുണെ എഫ്.സി. മൂന്നാം സ്ഥാനക്കാരാകും.
ദേശീയ ലീഗില്‍ 2005-ലും 2007-ലും ചാമ്പ്യന്മാരായിട്ടുള്ള ഡെംപോ ദേശീയ ലീഗ് കിരീടം സ്വന്തമാക്കുന്നത് അഞ്ചാം തവണയാണ്. 2004-ല്‍ ഫെഡറേഷന്‍ കപ്പിലും മുത്തമിച്ചു. നാല് തവണ വീതം റോവേഴ്‌സ് കപ്പും സിസ്സേഴ്‌സ് കപ്പും നേടിയിട്ടുണ്ട്. 2006-ല്‍ ഡുറന്‍ഡ് കപ്പ് ജേതാക്കളായി. മറ്റൊരു മത്സരത്തില്‍ ഗോവന്‍ ടീം സ്‌പോര്‍ട്ടിങ് ക്ലബ്ബ് മറുപടിയില്ലാത്ത ഏഴു ഗോളുകള്‍ക്ക് ബാംഗ്ലൂര്‍ എച്ച്.എ.എല്ലിനെ തുരത്തിയപ്പോള്‍, നിലവിലെ ജേതാക്കളായ സാല്‍ഗോക്കര്‍, ഷില്ലോങ് ലജോങ്ങുമായി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.
ലീഗിന്റെ സമാപനദിവസമായ ഞായറാഴ്ച കൊച്ചിയില്‍ ചിരാഗ് യുണൈറ്റഡ് കേരള മുംബൈ എഫ്.സി.യെ നേരിടും. ചര്‍ച്ചില്‍ ബ്രദേഴ്‌സും പൈലന്‍ ആരോസും തമ്മിലും മോഹന്‍ ബഗാനും പുണെ എഫ്.സി.യും തമ്മിലുമാണ് മറ്റ് മത്സരങ്ങള്‍. ലീഗില്‍നിന്ന് അവസാന സ്ഥാനക്കാരായി ചിരാഗ് യുണൈറ്റഡ് കേരളയും എച്ച്.എ.എല്ലുമാണ് തരംതാഴ്ത്തപ്പെട്ടത്. രണ്ടാം ഡിവിഷനില്‍നിന്ന് ഒ.എന്‍.ജി.സി.യും സിക്കിം യുണൈറ്റഡും അടുത്ത സീസണിലേക്ക് സ്ഥാനക്കയറ്റം നേടുകയും ചെയ്തു.