സി.പി.ഐ. സമ്മേളനത്തില്‍ വി.എസിന് പ്രശംസ
- Last Updated on 09 February 2012
- Hits: 1
കൊല്ലം: സി.പി.എം. സംസ്ഥാന സമ്മേളനത്തില്‍ വി.എസ്. കടുത്ത ഭാഷയില്‍ വിമര്‍ശിക്കപ്പെടുന്നതിനിടെ കൊല്ലത്ത് നടക്കുന്ന സി.പി.ഐ. സമ്മേളനത്തില്‍ വി.എസിന് പ്രശംസ. സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരണത്തിനും തുടര്‍ന്ന് നടന്ന പൊതുചര്‍ച്ചയേയും കുറിച്ച് വിശദീകരിക്കാനായി
വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് വി.എസ്. അനുകൂല നിലപാട് സി.പി.ഐ. നേതാക്കള്‍ പ്രകടിപ്പിച്ചത്.
വി.എസ്.അച്യുതാനന്ദന്‍ മികച്ച മുഖ്യമന്ത്രിയായിരുന്നുവെന്നും ഉന്നതമായ രാഷ്ട്രീയബോധം പുലര്‍ത്തുന്ന നേതാവാണ് വി.എസെന്നും സി.പി.ഐ. നേതാക്കളായ ബിനോയ് വിശ്വം, പന്ന്യന്‍ രവീന്ദ്രന്‍, സി.എന്‍.ചന്ദ്രന്‍ എന്നിവര്‍ പറഞ്ഞു. ഘടകകക്ഷികളോട് രാഷ്ട്രീയ മര്യാദയും മുന്നണി മര്യാദയും പുലര്‍ത്തിയ നേതാവാണ് വി.എസ്.
ഇടതുസര്‍ക്കാര്‍ വി.എസിന്റെ നേതൃത്വത്തില്‍ മികച്ച ഭരണം നടത്തിയെന്നും സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനമാണ് തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്താന്‍ കാരണമായതെന്നും സി.പി.ഐ. നേതാക്കള്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്തുന്നതില്‍ വി.എസിന്റെ സാന്നിധ്യം നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
ഇടതുമുന്നണിയിലെ നിര്‍ണായക കക്ഷിയാണ് സി.പി.ഐയെന്നും പാര്‍ട്ടിയുടെ അഭിപ്രായം സംസ്ഥാന സെക്രട്ടറിയുടേതാണെന്നും ബിനോയ് വിശ്വം പറഞ്ഞു. കെ.ഇ. ഇസ്മയിലിന്റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോഴാണ് പാര്‍ട്ടിയുടെ അഭിപ്രായം സെക്രട്ടറി പറയുന്നതാണ് എന്ന് ബിനോയ് വിശ്വം വ്യക്തമാക്കിയത്.
അസി. സെക്രട്ടറി കെ.ഇ. ഇസ്മയിലിനെതിരെ സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ വിമര്‍ശനമുണ്ടായി എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് ഇസ്മയിലിന്റെ നിലപാടിനെതിരെ രംഗത്തുവന്നത്. സി.കെ.ചന്ദ്രപ്പന്‍ കഴിഞ്ഞദിവസം സി.പി.എമ്മിനെതിരെ നടത്തിയ ചില പരാമര്‍ശങ്ങള്‍ പാര്‍ട്ടിയുടെ പൊതു അഭിപ്രായമല്ല എന്നായിരുന്നു ഇസ്മയിലിന്റെ പ്രസ്താവന. ഇതാണ് വിമര്‍ശനത്തിന് കാരണമായത്.