വി.എസിനെതിരായ പരാമര്‍ശം മരവിപ്പിക്കുമെന്ന് പി.ബി.
- Last Updated on 09 February 2012
- Hits: 1
തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദനെതിരെ കടുത്ത വിമര്‍ശനം ഉള്‍ക്കൊള്ളുന്ന സി.പി.എം. സംസ്ഥാന കമ്മിറ്റിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ ഒരു ഭാഗം മരവിപ്പിക്കാന്‍ പോളിറ്റ് ബ്യൂറോ നിര്‍ദേശം. വി.എസിനെതിരെ രൂക്ഷപരാമര്‍ശങ്ങളുള്ള റിപ്പോര്‍ട്ടിന്റെ രണ്ടാം അധ്യായമാണ് പി.ബി. ഇടപെട്ട്
തിരുത്തുന്നത്. ഇതൊരു അസാധാരണ നടപടിയായാണ് വിലയിരുത്തപ്പെടുന്നത്. സി.പി.എമ്മിന്റെ സമ്മേളന ചരിത്രത്തില്‍ ആദ്യമാണ് ഇത്തരമൊരു ഇടപെടല്‍.
ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് സംഘടനാ റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ മരവിപ്പിക്കുന്നതായി സമ്മേളനത്തില്‍ അറിയിച്ചത്. പ്രവര്‍ത്തന റിപ്പോര്‍ട്ടിലും തുടര്‍ന്ന് നടന്ന പൊതുചര്‍ച്ചയിലും രണ്ടുദിവസവും വി.എസിനെ ലക്ഷ്യമാക്കിയുള്ള കടുത്ത വിമര്‍ശനങ്ങളാണ് നിറഞ്ഞുനിന്നത്. ഈ സാഹചര്യത്തില്‍ തനിക്ക് മറുപടി പറയാനുള്ള അവസരം നല്‍കണമെന്ന് വി.എസ്. പാര്‍ട്ടി കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യം കേന്ദ്രനേതൃത്വം ചര്‍ച്ച ചെയ്യാമെന്ന് നേതാക്കള്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് വി.എസിന്റെ മറുപടി പ്രസംഗത്തിന് പകരം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തന്നെ മറുപടി പറയുകയും സംഘടനാ റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍ മരവിപ്പിക്കുകയാണ് എന്നറിയിക്കുകയുമായിരുന്നു.
പ്രാദേശികതലം മുതല്‍ വിവിധ ഘടകങ്ങളിലെ ചര്‍ച്ചകളില്‍ നിന്ന് ഉള്‍ക്കൊള്ളുന്ന വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സംസ്ഥാന കമ്മിറ്റിയ്ക്ക് വേണ്ടി പ്രവര്‍ത്തന റിപ്പോര്‍ട്ടായി അവതരിപ്പിക്കുന്നത്. അതിലെ ഭാഗങ്ങള്‍ പി.ബി. ഇടപെട്ട് മരവിപ്പിക്കുന്നതിലൂടെ ഔദ്യോഗിക പക്ഷത്തിന്റെ വി.എസിനെതിരായ നീക്കത്തിനാണ് തിരിച്ചടിയേറ്റിരിക്കുന്നത്.
പൊതുചര്‍ച്ചയുടെ രണ്ടാംദിവസമായ ഇന്നും വി.എസ്. അച്യുതാനന്ദനെതിരായ വിമര്‍ശനങ്ങളാണ് സമ്മേളനഹാളില്‍ നിറഞ്ഞുനിന്നത്. വിഎസിന്റെ നിലപാടുകള്‍ പാര്‍ട്ടിയെ തെരുവില്‍ വ്യഭിചരിക്കുന്നത് പോലെയെന്ന് കണ്ണൂരില്‍ നിന്നുള്ള ഒരു പ്രതിനിധി കുറ്റപ്പെടുത്തി. പിണറായിയും വി.എസും ഒന്നിച്ച് പാര്‍ട്ടിയെ മുന്നോട്ടുകൊണ്ടുപേകണമെന്ന് കൊല്ലത്ത് നിന്ന് സംസാരിച്ച ഒരു പ്രതിനിധി പറഞ്ഞു.
പാര്‍ട്ടിയിലെ ചതിയന്‍ ചന്തുവാണ് വി.എസെന്ന് ഒരു നേതാവ് വിമര്‍ശിച്ചപ്പോള്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പാര്‍ട്ടി എം.എല്‍.എമാര്‍ നല്‍കിയ പരാതികള്‍ വി.എസ്്. വേണ്ടവിധം പരിഗണിച്ചില്ലെന്ന് തൃശൂരില്‍ നിന്നുള്ള ഒരു നേതാവ് പറഞ്ഞു. ലാവ്‌ലിന്‍ കേസില്‍ പിണറായിക്കെതിരെ പ്രസ്താവന നടത്താന്‍ ജസ്റ്റിസ്. വി.ആര്‍. കൃഷ്ണയ്യരോട് വി.എസ്. ആവശ്യപ്പെട്ടുവെന്നും പാര്‍ട്ടി പത്രത്തെ വളര്‍ത്തുന്ന ഒരു നടപടിയും മുഖ്യമന്ത്രിയെന്ന നിലയില്‍ അദ്ദേഹം ചെയ്തില്ലെന്നും ചില പ്രതിനിധികള്‍ കുറ്റപ്പെടുത്തി.