റയലിന് കിരീടം; മെസ്സിക്ക് നേട്ടം
- Last Updated on 04 May 2012
- Hits: 3
മാഡ്രിഡ്: ബാഴ്സലോണയുടെ അധീശത്വത്തെ വ്യക്തമായ മുന്‍തൂക്കത്തോടെ പിന്തള്ളി റയല്‍ മാഡ്രിഡ് സ്പാനിഷ് ലീഗില്‍ മുത്തമിട്ടു. അത്ലറ്റിക് ബില്‍ബാവോയെ മറുപടിയില്ലാത്ത മൂന്നുഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് രണ്ടുമത്സരങ്ങള്‍ ശേഷിക്കേ, റയല്‍ ചാമ്പ്യന്മാരായത്. സ്പാനിഷ് ലീഗില്‍ റയലിന്റെ 32-ാം കിരീടമാണിത്. 2008-നുശേഷം ആദ്യ കിരീടവും.
ജയത്തോടെ 36 കളികളില്‍നിന്ന് 94 പോയന്റ് നേടിയ റയലിന് ബാഴ്സയേക്കാള്‍ ഏഴ് പോയന്റിന്റെ അജയ്യമായ ലീഡാണുള്ളത്. ശേഷിക്കുന്ന രണ്ട് മത്സരങ്ങളും വിജയിക്കാനായാല്‍, സീസണില്‍ 100 പോയന്റെന്ന അത്യപൂര്‍വമായ റെക്കോഡിനും റയല്‍ മാഡ്രിഡ് അവകാശികളാവും. 2009-'10 സീസണില്‍ ബാഴ്സലോണ നേടിയ 99 പോയന്റിന്റെ റെക്കോഡാണ് റയലിന്റെ വഴിയിലുള്ളത്.
നാല് രാജ്യങ്ങളിലെ ടീമുകളുമായി ഏഴാം കിരീട നേട്ടമാണ് റയല്‍ മാഡ്രിഡ് കോച്ച് ഹോസെ മൗറീന്യോ കൈവരിച്ചത്. 2003-ലും 2004-ലും പോര്‍ച്ചുഗല്‍ ടീം പോര്‍ട്ടോയെയും 2005-ലും 2006-ലും ഇംഗ്ലീഷ് ടീം ചെല്‍സിയെയും 2009-ലും 2010-ലും ഇറ്റാലിയന്‍ ടീം ഇന്റര്‍മിലാനെയും ലീഗ് ചാമ്പ്യന്മാരാക്കിയ മൗറീന്യോ, സ്പാനിഷ് ലീഗും ഇതോടെ സ്വന്തമാക്കി.
മറ്റൊരു മത്സരത്തില്‍ റയല്‍ മലാഗയെ ഒന്നിനെതിരെ നാലുഗോളുകള്‍ക്ക് തോല്പിച്ച ബാഴ്സലോണയ്ക്കുവേണ്ടി ഹാട്രിക് നേടിയ ലയണല്‍ മെസ്സി യൂറോപ്യന്‍ ഗോള്‍ സ്കോറിങ് റെക്കോഡിനും അര്‍ഹനായി. സീസണില്‍ 67 ഗോളുകള്‍ എന്ന ജര്‍മന്‍ താരം ഗെര്‍ഡ് മുള്ളറുടെ 40 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് മെസ്സി 68 ഗോളുകളായി തിരുത്തിയത്. സീസണിലെ ഏഴാം ലീഗ് ഹാട്രിക്കോടെ, മെസ്സിയുടെ സ്പെയിനിലെ ഗോള്‍ നേട്ടം 46 ആയി ഉയരുകയും ചെയ്തു. ബില്‍ബാവോയ്ക്കെതിരെ ഗോള്‍ നേടിയ റയല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് 44 ഗോള്‍ സ്വന്തമായുണ്ട്.
ബില്‍ബാവോയ്ക്കെതിരെ ഗോണ്‍സാലോ ഹിഗ്വയ്ന്, മെസ്യൂട്ട് ഒസില്‍, ക്രിസ്റ്റ്യാനോ എന്നിവര്‍ നേടിയ ഗോളുകളിലാണ് റയല്‍ വിജയവും കിരീടവും സ്വന്തമാക്കിയത്. ഈ മത്സരത്തേടെ സീസണില്‍ ലീഗില്‍ മാത്രം റയല്‍ കുറിച്ച ഗോളുകളുടെ എണ്ണം 115 ആയി. ഒരു യൂറോപ്യന്‍ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകളെന്ന ക്ലബ് റെക്കോഡും ഇക്കുറി റയല്‍ സ്വന്തമാക്കിയിരുന്നു. 1959-'60-ലെ 158 ഗോളുകളുടെ റെക്കോഡ് തകര്‍ത്ത റയലിന്റെ ഇത്തവണത്തെ നേട്ടം 168 ഗോളുകളാണ്. സീസണിലിതേവരെ 181 ഗോളുകള്‍ നേടിയ ബാഴ്സലോണയുടെ പേരിലാണ് ഇതിലെ സ്പാനിഷ് റെക്കോഡ്.
മലാഗയ്ക്കെതിരായ ഹാട്രിക് നേട്ടം മെസ്സിയുടെ ഒട്ടാകെയുള്ള ഗോള്‍നേട്ടം 68 ആക്കി ഉയര്‍ത്തി. 1972-'73 സീസണില്‍ ബയറണ് മ്യൂണിക്കിനുവേണ്ടി മുള്ളര്‍ നേടിയ 67 ഗോളുകളായിരുന്നു പഴയ റെക്കോഡ്. സ്പാനിഷ് ലീഗില്‍ 46, ചാമ്പ്യന്‍സ് ലീഗില്‍ 14, സ്പാനിഷ് കപ്പില്‍ രണ്ട്, സൂപ്പര്‍ കപ്പില്‍ മൂന്ന്, യുവേഫ സൂപ്പര്‍ കപ്പില്‍ ഒന്ന്, ക്ലബ്ബ് ലോകകപ്പില്‍ രണ്ട് എന്നിങ്ങനെയാണ് മെസ്സിയുടെ സീസണിലെ ഗോള്‍ നേട്ടം. 57 കളികളില്‍നിന്നാണ് അര്‍ജന്റീനാ താരം ഇത്രയും ഗോള്‍ കുറിച്ചത്.