ഹൈദരാബാദ്: ഒരു തട്ടുപൊളിപ്പന്‍ സിനിമ പോലെ അടിമുടി ആവേശം നിറഞ്ഞുനിന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മത്സരത്തില്‍ ബിഗ് സ്ര്കീനിലെ താരങ്ങള്‍ കളിക്കളം കീഴടക്കിയപ്പോള്‍ തമിഴ്‌നാടിന് ജയം. സിനിമാതാരങ്ങള്‍ അണിനിരന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരളാ സ്‌ട്രൈക്കേഴ്‌സിനെതിരെ ചെന്നൈ റൈനോസ് ജയിച്ചു.
20 ഓവര്‍ മത്സരത്തില്‍ 112 റണ്‍സ് എടുക്കുന്നതിനിടയില്‍ കേരളാ താരങ്ങള്‍ എല്ലാവരും പുറത്താവുകയായിരുന്നു. മോഡലും നടനുമായ രാജീവ് പിള്ളയാണ് ടോപ് സ്‌കോറര്‍. സൈജു കുറുപ്പ്, ബിനീഷ് കൊടിയേരി എന്നിവരും മികച്ച രീതിയില്‍ ബാറ്റുചെയ്തു. ടോസ് നേടിയ കേരളാ ക്യാപ്റ്റന്‍ മോഹന്‍ലാല്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നടന്‍ വിശാലാണ് തമിഴ്‌നാട് ടീം ക്യാപ്റ്റന്‍.
ബിനീഷ് കോടിയേരിയുടേയും സൈജു കുറുപ്പിന്റേയും മികച്ച ബൗളിങ് പ്രകടനമാണ് കേരളത്തിന് പ്രതീക്ഷ നല്‍കിയത്. എന്നാല്‍ അവസാന വിക്കറ്റില്‍ നിര്‍ണ്ണായകമായ അവസാന ഓവറില്‍ തമിഴ്‌നാട് ലക്ഷ്യം കണ്ടു. തോറ്റെങ്കിലും മികച്ച പ്രകടനം പുറത്തെടുത്തുവെന്ന് അഭിമാനിച്ച് മോഹന്‍ലാലിനും സംഘത്തിനും മടങ്ങാം. കൊച്ചിയില്‍ ഞായറാഴ്ച്ച ബോളിവുഡ് താരങ്ങളുടെ ടീമായ മുംബൈ ഹീറോസുമായാണ് കേരളത്തിന്റെ മത്സരം.