Written by See News Category: World
Published on 31 December 2011 Hits: 1

ഇസ്‌ലാമാബാദ്: പാക് രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്ന രഹസ്യരേഖാ വിവാദത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന പാര്‍ലമെന്ററി കമ്മിറ്റി, ഐ.എസ്.ഐ. മേധാവിയെയും യു.എസിലെ മുന്‍ നയതന്ത്രപ്രതിനിധിയെയും വിസ്തരിക്കും. ഉസാമ ബിന്‍ലാദന്‍ കൊല്ലപ്പെട്ട ആബട്ടാബാദ് സംഭവത്തിനു ശേഷം സൈനിക അട്ടിമറി ഭയന്ന് പാക് പ്രസിഡന്റ് സര്‍ദാരി അമേരിക്കന്‍ സഹായം തേടിയെന്നതാണ് രഹസ്യരേഖാ വിവാദം. 

രഹസ്യരേഖ യാഥാര്‍ഥ്യമാണെന്ന് ഐ.എസ്.ഐ.മേധാവി ഷൂജ പാഷയും അംബാസഡര്‍ ഹുസൈന്‍ ഹഖാനിയും പ്രസ്താവനകള്‍ നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇരുവരെയും വിസ്തരിക്കാന്‍ പാര്‍ലമെന്ററി കമ്മിറ്റി തീരുമാനിച്ചത്. രഹസ്യരേഖാ വിവാദം വെളിപ്പെടുത്തിയ പാക് -അമേരിക്കന്‍ വ്യവസായി മന്‍സൂര്‍ ഇജാസിനേയും വിളിച്ചുവരുത്തി 17 അംഗ പാര്‍ലമെന്ററി കമ്മിറ്റി മൊഴിയെടുക്കുമെന്ന് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. സെനറ്റംഗം റാസ റബ്ബാനി അധ്യക്ഷനായ കമ്മിറ്റിയാണ് അന്വേഷണം നടത്തുന്നത്. രഹസ്യരേഖാ വിവാദത്തെത്തുടര്‍ന്ന് ഹുസൈന്‍ ഹഖാനിക്ക് അംബാസഡര്‍ സ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു.

രഹസ്യരേഖാ വിവാദം അന്വേഷിക്കാന്‍ മുന്നംഗ കമ്മീഷനെ ചുമതലപ്പെടുത്തിയ സുപ്രീംകോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പാക് സര്‍ക്കാര്‍ അപേക്ഷ നല്‍കും. മുന്‍ നിയമമന്ത്രിയും ഭരണകക്ഷിയായ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി ഉപാധ്യക്ഷനുമായ ബാബര്‍ അവാനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഭരണഘടനാ നിര്‍ദേശപ്രകാരമാണ് ഹര്‍ജി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

വിവാദത്തെക്കുറിച്ച് പാര്‍ലമെന്ററി കമ്മിറ്റി അന്വേഷണം നടത്തുന്ന സാഹചര്യത്തില്‍ മറ്റൊരു അന്വേഷണം ആവശ്യമില്ലായെന്ന പാക് സര്‍ക്കാറിന്റെ വാദം തള്ളിയാണ് സുപ്രീംകോടതി മൂന്നംഗ കമ്മീഷനെ ചുമതലപ്പെടുത്തിയത്. അതേസമയം, പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നേരത്തേ നടക്കുമെന്നുള്ള പ്രചാരണങ്ങള്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി തള്ളി. ഇപ്പോഴത്തെ പാര്‍ലമെന്റ് കാലാവധി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

സിറിയയില്‍ വീണ്ടും വെടിവയ്പ്‌ ; 25 മരണം

Written by See News Category: World
Published on 31 December 2011 Hits: 1

ഡമാസ്‌കസ്‌: സിറിയയില്‍ സുരക്ഷാ സേന 25 പ്രക്ഷോഭകരെ കൂടി കൊലപ്പെടുത്തി. ഇതിനു പിന്നാലെ ആയിരക്കണക്കിനാളുകള്‍ പ്രതിഷേധവുമായി ഡമാസ്‌കസില്‍ തടിച്ചുകൂടി. ദൌമയിലെ ഗ്രാന്‍ഡ്‌ മോസ്‌കിനു വെളിയിലുള്ള ചത്വരത്തില്‍ മുപ്പതിനായിരത്തിലേറെ ആളുകളാണ്‌ ഒത്തുകൂടിയത്‌. അറബ്‌ ലീഗ്‌ നിരീക്ഷകര്‍ ദൌമ സിറ്റി ഹാളില്‍ എത്തിയതിന്റെ പിന്നാലെ മോസ്‌കിനു വെളിയിലുള്ള പ്രക്ഷോഭകര്‍ക്കു നേരെ സുരക്ഷാ സേന വെടിയുതിര്‍ത്തു. ഇതില്‍ കുറഞ്ഞത്‌ നാലു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്‌തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന വെടിവയ്‌പിലായിരുന്നു മറ്റു മരണങ്ങള്‍.

 

റഷ്യയിലെ ഗീതാ നിരോധന ഹര്‍ജി തള്ളി

Written by See News Category: World
Published on 29 December 2011 Hits: 3

മോസ്‌കോ: റഷ്യയില്‍ ഭഗവദ് ഗീത നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സൈബീരിയയിലെ ടോംസ്‌ക് കോടതി തള്ളി. ഗീതാ വ്യാഖ്യാനം തീവ്രവാദ സ്വഭാവമുള്ളതാണെന്നും വര്‍ഗീയത പ്രചരിപ്പിക്കുന്നതാണെന്നും കാണിച്ച് ക്രൈസ്തവ ഓര്‍ത്തഡോക്‌സ് സഭയാണ് നിരോധനാവശ്യവുമായി കോടതിയെ സമീപിച്ചത്. വിധി സ്വാഗതം ചെയ്ത വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണ ഇക്കാര്യത്തില്‍ റഷ്യന്‍ സര്‍ക്കാര്‍ നല്കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചു. റഷ്യയിലെ ഗീതാ നിരോധനീക്കം ഇന്ത്യയിലും ആഗോളതലത്തിലും ഹൈന്ദവവിശ്വാസികള്‍ക്കിടയില്‍ വലിയ എതിര്‍പ്പുയര്‍ത്തിയിരുന്നു. വിഷയം ഇന്ത്യന്‍ പാര്‍ലമെന്റില്‍ ബഹളത്തിനിടയാക്കുകയും പലതവണ സഭ നിര്‍ത്തിവെക്കേണ്ടിവരികയും ചെയ്തു. തുടര്‍ന്ന് റഷ്യന്‍ സ്ഥാനപതിയെ രണ്ടുതവണ വിളിച്ചുവരുത്തി ഇന്ത്യ ആശങ്ക പ്രകടിപ്പിക്കുകയും ഗീത നിരോധിക്കാതിരിക്കാന്‍ സഹായം തേടുകയും ചെയ്തിരുന്നു.

ഹരേകൃഷ്ണ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ഭക്തിവേദാന്ദ സ്വാമി പ്രഭുപാദയുടെ ഗീതാ വിവര്‍ത്തനവും വ്യാഖ്യാനവുമടങ്ങുന്ന പുസ്തകത്തിനെതിരെയാണ് നിരോധന നീക്കമുണ്ടായത്. 1968-ലാണ് ഇതു റഷ്യന്‍ ഭാഷയില്‍ പ്രസീദ്ധികരിച്ചത്. സ്വാമിയുടെ ഗീതോപദേശവും അതിലുള്‍പ്പെടുത്തിയ വ്യാഖ്യാനവും തീവ്രവാദപരമാണെന്നാണ് ഹര്‍ജിക്കാര്‍ ആരോപിച്ചത്. തീവ്രവാദ പ്രചാര സ്വഭാവമുള്ള കാര്യങ്ങള്‍ നിരോധിക്കുന്ന റഷ്യന്‍ ഫെഡറല്‍ പട്ടികയില്‍ ഈ പുസ്തകവും ഉള്‍പ്പെടുത്തണമെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. അഡോള്‍ഫ് ഹിറ്റ്‌ലറുടെ മെയിന്‍ കാഫും യഹോവ സാക്ഷികളുടെ പുസ്തകങ്ങളുമെല്ലാം ഈ പട്ടികയിലുണ്ട്. ജൂണില്‍ സമര്‍പ്പിച്ച ഹര്‍ജി ഈ ഡിസംബര്‍ 19ന് തീര്‍പ്പാക്കാനിരിക്കെയാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് റഷ്യ സന്ദര്‍ശിച്ചത്. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരാണ് ഈ വിഷയം വാര്‍ത്തയാക്കിയത്. മനുഷ്യാവകാശങ്ങള്‍ സംബന്ധിച്ച ഓംബുഡ്‌സ്മാന്റെയും വിദഗ്ധരുടെയും അഭിപ്രായം തേടിയ കോടതി വിധി ബുധനാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. സര്‍ക്കാര്‍ അഭിഭാഷകര്‍ ഹര്‍ജിക്കെതിരെ ശക്തമായ നിലപാടെടുത്തിരുന്നു.

 

റഷ്യയില്‍ ആണവ മുങ്ങിക്കപ്പലില്‍ തീപിടിത്തം

Written by See News Category: World
Published on 30 December 2011 Hits: 2

മോസ്‌കോ: റഷ്യയില്‍ മര്‍മാന്‍സ്‌ക്‌ തുറമുഖത്തിനു സമീപമുളള കപ്പല്‍ നിര്‍മാണ കേന്ദ്രത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെ യെക്‌തറിന്‍ബര്‍ഗ്‌ എന്ന ആണവ മുങ്ങിക്കപ്പലിലാണ്‌ തീപിടിത്തം ഉണ്ടായത്‌. ആളപായം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. കപ്പല്‍ നിര്‍മാണശാലയിലെ തടി ആവരണത്തിന്‌ പിടിച്ച തീ കപ്പലിലേക്ക്‌ പടരുകയായിരുന്നു. ആണവവികിരണ ഭീഷണിയില്ലെന്നും തീ നിയന്ത്രണ വിധേയമാണെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഭവത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചു. തീപിടിത്തം ഉണ്ടായപ്പോള്‍ തന്നെ കപ്പലിലെ ആണവ റിയാക്‌ടറുകള്‍ അടച്ചിരുന്നു. 16 ഭൂഖണ്ഡാന്തര ബാലിസ്‌റ്റിക്‌ മിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ളതാണ്‌ യെക്‌തറിന്‍ബര്‍ഗ്‌ മുങ്ങിക്കപ്പല്‍. അറ്റകുറ്റപ്പണികള്‍ക്കായി എത്തിക്കുന്നതിനു മുമ്പ്‌ മുങ്ങിക്കപ്പലിലെ മിസൈലുകളെല്ലാം മാറ്റിയിരുന്നതായി അധികൃതര്‍ അറിയിച്ചു. 1985 ലാണ്‌ റഷ്യ ഈ മുങ്ങിക്കപ്പല്‍ കമ്മിഷന്‍ ചെയ്‌തത്‌.

 

ലണ്ടനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ കേസില്‍ പതിനേഴുകാരന്‍ പിടിയില്‍

Written by See News Category: World
Published on 28 December 2011 Hits: 2

ലണ്ടന്‍: ഇന്ത്യന്‍ വിദ്യാര്‍ഥി അനുജ്‌ ബിദ്‌വെയെ പ്രകോപനമൊന്നുമില്ലാതെ വെടിവച്ചു കൊന്ന കേസില്‍ പതിനേഴുകാരനെ അറസ്‌റ്റ്‌ ചെയ്‌തു. വംശീയ വെറിയാണു കൊലപാതകത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. വെള്ളക്കാരനായ പ്രതിയുടെ പേരു വെളിപ്പെടുത്തിയിട്ടില്ല. പുണെ സ്വദേശിയായ ബിദ്‌വെ (23) ലാന്‍സസ്‌റ്റര്‍ സര്‍വകലാശാലയില്‍ മൈക്രോ ഇലക്‌ട്രോണിക്‌സ്‌ വിദ്യാര്‍ഥിയായിരുന്നു. ക്രിസ്‌മസ്‌ അവധിക്കിടെ മറ്റ്‌ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം മാഞ്ചസ്‌റ്ററിലെ സുഹൃത്തുക്കളെ സന്ദര്‍ശിക്കുമ്പോഴായിരുന്നു സംഭവം. തലയിലേറ്റ ഒറ്റ വെടി ബിദ്‌വെയുടെ ജീവനെടുത്തു. ഒപ്പമുണ്ടായിരുന്ന മറ്റ്‌ എട്ടു വിദ്യാര്‍ഥികളെ പൊലീസ്‌ സുരക്ഷിത സ്‌ഥലത്തേക്കു മാറ്റി.

 

Page 1 of 7

Start Prev 1 2 3 4 5 6 7 Next > End >>
You are here:   HomeWorld