കല്പറ്റ: വയനാട് മഹോത്സവം വെള്ളിയാഴ്ച കല്പറ്റ എസ്.കെ.എം.ജെ. ഹയര്‍ സെക്കന്‍ഡറി മൈതാനത്ത് തുടങ്ങും. ഉത്സവത്തിന്റെ മുന്നോടിയായി മൂന്നു മണിക്ക് എന്‍.എസ്.എസ്.സ്‌കൂളില്‍ നിന്നാരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്രയില്‍ വയനാടിന്റെ തനതു കലാരൂപങ്ങള്‍, മാസ്ഡ്രില്‍, ഡ്രംസെറ്റ്, പുലിക്കളി, ഫേ്‌ളാട്ടുകള്‍ എന്നിവ അണിനിരക്കും. വൈകിട്ട് എസ്.കെ.എം. ജെ.യില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ചലച്ചിത്രതാരവും അമ്മ പ്രസിഡന്റുമായ ഇന്നസെന്റ്, മന്ത്രി പി.കെ.ജയലക്ഷ്മി എന്നിവര്‍ മുഖ്യാതിഥികളാകും. തുടര്‍ന്ന് ശങ്കര്‍ മഹാദേവന്റെ ഗാനമേള. അനുഷാമണി, രാമന്‍ മഹാദേവന്‍ എന്നിവരും ഗാനങ്ങളാലപിക്കും. തുടര്‍ന്ന് കോമഡി താരം രാജാസാഹിബിന്റെ കോമഡിപ്രോഗ്രാം. ശനിയാഴ്ച വൈകിട്ട് വിജയ്‌യേശുദാസ് നയിക്കുന്ന ഗാനസന്ധ്യയില്‍ കൊല്ലം ഷാഫി, ഐഡിയ സ്റ്റാര്‍സിങ്ങര്‍ ഫെയിം മൃദുല, കീര്‍ത്തന എന്നിവര്‍ പാടും. ടിനി ടോം അവതരിപ്പിക്കുന്ന കോമഡിഷോ, ചലച്ചിത്രതാരം മീരാനന്ദന്റെ നൃത്ത പരിപാടി എന്നിവ തുടര്‍ന്ന് നടക്കും. ക്രിസ്മസ് ദിനത്തില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ മുഖ്യാതിഥിയായിരിക്കും.