ലണ്ടന്‍ : ഫ്രാന്‍സിനു പിന്നാലെ ബ്രിട്ടനും സ്ത്രീകള്‍ക്ക് കൂട്ട സ്തന ശസ്ത്രക്രിയയ്ക്ക് സൗകര്യമൊരുക്കുന്നു. പോളി ഇംപ്ലാന്റ് പ്രോതീസ് (പിഐപി) എന്ന ഫ്രഞ്ച് കമ്പനി നിര്‍മിച്ച സ്തന ഇംപ്ലാന്റുകള്‍ ദോഷകരമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ബ്രിട്ടന്‍ നിയോഗിച്ച വിദഗ്ധ അന്വേഷണസംഘത്തിന്റെ തലവന്‍ ഡോ. ടിം ഗൂഡേക്കര്‍ ഇംപ്ലാന്റുകള്‍ ഘട്ടം ഘട്ടമായി നീക്കാന്‍ നിര്‍ദേശിച്ചു. ഇതനുസരിച്ച് ബ്രിട്ടണില്‍ അരലക്ഷത്തോളം സ്ത്രീകളില്‍ സ്തന ശസ്ത്രക്രിയ നടത്തേണ്ടി വരും. ചികിത്സയുടെ ഭാഗമായും സ്തന സൗന്ദര്യം വര്‍ധിപ്പിക്കാനും തുന്നിച്ചേര്‍ത്ത സിലിക്കണ്‍ ജെല്ലി ഇംപ്ലാന്റ് അര്‍ബുദത്തിന് ഇടയാക്കിയേക്കാമെന്ന സാധ്യത മുന്നില്‍ കണ്ടാണ് അത് പുറത്തെടുക്കാന്‍ വീണ്ടും ശസ്ത്രക്രിയ. ഇംപ്ലാന്റ് സ്ഥാപിച്ച മുപ്പതിനായിരത്തോളം സ്ത്രീകള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ കഴിഞ്ഞ ആഴ്ചയാണ് ഫ്രഞ്ച് സര്‍ക്കാര്‍ സഹായം വാഗ്ദാനംചെയ്തത്. വ്യാവസായികാവശ്യത്തിനുള്ള വിലകുറഞ്ഞ സിലിക്കണ്‍ ഉപയോഗിച്ചാണ് ഇംപ്ലാന്റുകള്‍ നിര്‍മിച്ചതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഫ്രാന്‍സ് കമ്പനി പൂട്ടിച്ചിരുന്നു.