കാക്കൂര്‍: കാക്കൂരിനടുത്ത് നടുവല്ലൂര്‍ മുറയോത്തുമ്മല്‍ ഹരിജന്‍ കോളനിക്ക് സമീപം ചെങ്കല്‍ ക്വാറിയില് ഇടിഞ്ഞുവീണ മണ്ണിനടിയില്പ്പെട്ട് രണ്ട് പേര് മരിച്ചു.
ചെങ്കല്‍ക്വാറിയിലെ തൊഴിലാളികളായ മടവൂര്‍ ലക്ഷംവീട് കോളനിയിലെ അങ്കത്തായ് ജോസ് (58), പുതുക്കുന്നത്ത് പുറായില്‍ തയമ്പാട്ടിയുടെ മകന്‍ ബാലന്‍ (55) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഇരുവള്ളൂര്‍ വെള്ളിലാട്ട് ബാബു പരിക്കുകളോടെ രക്ഷപ്പെട്ടു. മറ്റ് അഞ്ച് പേര്‍ ഓടിമാറിയതിനാല്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
ചൊവ്വാഴ്ച പകല്‍ 11.45-നാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടെ ചെങ്കല്‍പ്പാളിയും മണ്ണുമടക്കം ഒരു ഭാഗം മുഴുവന്‍ അടര്‍ന്ന് ഇവര്‍ക്കുമേല്‍ പതിക്കുകയായിരുന്നു. ഇതിന്റെ ആഘാതത്തില്‍ മരിച്ച രണ്ട് തൊഴിലാളികളുടെയും തലയോട്ടി തകര്‍ന്നുപോയി. ചെങ്കല്‍ വീണ് മരിച്ച ജോസിന്റെ കൈ മുറിഞ്ഞ് വേര്‍പെട്ട് പോവുകയും ചെയ്തു.
പതിനഞ്ചടിയോളം താഴ്ചയിലാണ് ഇവര്‍ ജോലിചെയ്തിരുന്നത്. അപകടകരമായ രീതിയില്‍ കരിങ്കല്‍ ഖനനം നടത്തിയതുകൊണ്ട് മുകള്‍ഭാഗത്തെ തെങ്ങ് ആടിയുലഞ്ഞ് വീണ് അതിനൊപ്പം മണ്ണും വലിയ ചെങ്കല്‍പ്പാളിയും പതിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. ചൊവ്വാഴ്ച ഇവിടെ ഖനനം അവസാനിപ്പിക്കാനിരുന്നതായിരുന്നു. അതിനുമുമ്പേ തന്നെ രണ്ട് തൊഴിലാളികളുടെ ജീവന്‍ തട്ടിയെടുത്ത ദുരന്തമുണ്ടായി.
മണ്ണിടിയുമ്പോള്‍ വശത്തേക്ക് ഓടിമാറിയതുകൊണ്ടാണ് ബാബു രക്ഷപ്പെട്ടത്. പകുതിയോളം മണ്ണിനടിയിലായ ബാബുവിനെ നാട്ടുകാരാണ് പുറത്തെടുത്തത്. ജെ.സി.ബി.കൊണ്ട് മണ്ണ് നീക്കിയ ശേഷം കരിങ്കല്‍പ്പാളികള്‍ വെട്ടിമാറ്റി ആറ് മണിക്കൂര്‍ സമയമെടുത്താണ് അഗ്‌നിശമനസേനാംഗങ്ങള്‍ മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഏത് സമയത്തും ബാക്കി ഭാഗം കൂടി അടര്‍ന്നുവീഴുമെന്ന ഭീതിയിലായിരുന്നു അഗ്‌നിശമന സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ജില്ലാ കളക്ടര്‍ ഡോ. പി.ബി. സലീം, ഫയര്‍ഫോഴ്‌സ് ഡിവിഷണല്‍ ഓഫീസര്‍ ഇ.ബി. പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ പേരാമ്പ്ര, നരിക്കുനി, കോഴിക്കോട് ബീച്ച്, മീഞ്ചന്ത എന്നിവിടങ്ങളിലുള്ള അഗ്‌നിശമന സേനാംഗങ്ങളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ദുരിതാശ്വാസനിധിയില്‍ നിന്ന് 10,000 രൂപ അനുവദിച്ചിട്ടുണ്ട്. ക്വാറി നടത്തിപ്പുകാരന്‍ കോറോത്തുവയല്‍ സ്വദേശി ശിവദാസിനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കാക്കൂര്‍ പോലീസ് കേസെടുത്തു.
പി.സി. പാലം സ്വദേശി സരോജിനിയാണ് മരിച്ച ബാലന്റെ ഭാര്യ. ഷാജു, ഷിജു എന്നിവര്‍ മക്കളാണ്. സജിലയാണ് ജോസിന്റെ ഭാര്യ. മക്കള്‍: സജിത്ത്‌ലാല്‍, സനിമ, സനിഗ.