രണ്ടു വഴികളുണ്ടായിരുന്നു മുന്നില്‍. ഒന്നുകില്‍ പുതിയ പാട്ടുകാരനെ പനിക്ക് വിട്ടുകൊടുത്ത് അറിയപ്പെടുന്ന മറ്റാരെയെങ്കിലും പാടാന്‍ വിളിക്കുക. അല്ലെങ്കില്‍ പനിയോടെതന്നെ പയ്യന്‍ പാടട്ടെ എന്നുവെക്കുക. ആദ്യത്തെ വഴിയായിരുന്നു എളുപ്പം; സുരക്ഷിതവും. പരിചയസമ്പന്നരായ പാട്ടുകാര്‍ ധാരാളം വേറെയുള്ളപ്പോള്‍ അസുഖക്കാരനെവെച്ച് എന്തിനു പരീക്ഷണം നടത്തണം! ഇന്നത്തെപ്പോലെ കമ്പ്യൂട്ടറിന്റെ സഹായത്തോടെ ഏതു ശബ്ദവും ഗന്ധര്‍വനാദമാക്കി മാറ്റിയെടുക്കുന്ന വിദ്യ അന്നില്ല. ലൈവ് റെക്കോഡിങ്ങിന്റെ കാലമാണ്. നൂറുശതമാനം പെര്‍ഫക്ഷനുള്ളവര്‍ക്കേ മൈക്കിനു മുന്നില്‍ രക്ഷയുള്ളൂ. എല്ലാമറിഞ്ഞുകൊണ്ടുതന്നെ ഒരു സാഹസത്തിനു തയ്യാറാകുന്നു, നിര്‍മാതാവ് രാമന്‍ നമ്പിയത്ത് ‘പനി സാരമാക്കണ്ട. ആ കുട്ടിതന്നെ പാടട്ടെ.‘ സിനിമയില്‍ ഒരു പാട്ടുപാടുക എന്ന മോഹവുമായി സ്റ്റുഡിയോയ്ക്കു പുറത്ത് കാത്തുനില്ക്കുന്ന ഫോര്‍ട്ടുകൊച്ചിക്കാരന്‍ യുവാവിന്റെ നിഷ്‌കളങ്കമുഖം മനസ്സില്‍ തെളിഞ്ഞപ്പോള്‍, മറിച്ചൊന്നും പറയാന്‍ തോന്നിയില്ല എന്നതാണു സത്യം. അന്തംവിട്ടുപോയത് പടത്തിന്റെ സംവിധായകന്‍ കെ.എസ്. ആന്റണിയും എം.ബി. ശ്രീനിവാസനുമാണ്.‘നമ്പിയത്ത് സാര്‍, ഇതു കുട്ടിക്കളിയല്ല‘ ഇരുവരും ഒരേസ്വരത്തില്‍ പറഞ്ഞു, ‘ലക്ഷങ്ങള്‍ മുടക്കിയുള്ള ഇടപാടാണ്. പടം പൊട്ടാതെ നോക്കേണ്ട ബാധ്യതയുണ്ട് നമുക്ക്. മറ്റാരെയെങ്കിലും പാടാന്‍ വിളിക്കുകയല്ലേ യുക്തി ‘ പക്ഷേ, യുക്തിക്ക് എളുപ്പം വഴങ്ങിക്കൊടുക്കുന്ന പതിവ് പണ്ടേയില്ല നമ്പിയത്തിന്. വികാരം യുക്തിയെ കീഴ്‌പ്പെടുത്തിയ ഘട്ടങ്ങളാണ് അദ്ദേഹത്തിന്റെ ജീവിതത്തിലേറെയും. ‘പടം പൊട്ടിയാല്‍ പൊട്ടട്ടെ. എന്നാലും ഒരു പാട്ട് ഞാന്‍ ആ കുട്ടിക്ക് കൊടുക്കും‘, ഉറച്ചസ്വരത്തില്‍ നമ്പിയത്ത് പറഞ്ഞു. 1961 നവംബര്‍ 14 ന് അങ്ങനെ കാട്ടാശ്ശേരി ജോസഫ് യേശുദാസിന്റെ ശബ്ദം ആദ്യമായി സ്റ്റുഡിയോ മുറിയില്‍ മുഴങ്ങുന്നു. ജാതിഭേദം മതദ്വേഷം എന്ന ശ്ലോകത്തിലായിരുന്നു തുടക്കം. പിന്നെ, ശാന്താ പി. നായര്‍ക്കൊപ്പം അറ്റന്‍ഷന്‍ പെണ്ണേ എന്ന യുഗ്മഗാനവും. ചിത്രം കാല്പാടുകള്‍. സംഗീതം എം.ബി. ശ്രീനിവാസന്‍.
1940 ജനുവരി പത്തിന് ഫോര്‍ട്ടുകൊച്ചിയില്‍ സംഗീതഞ്‌ജനും നാടക നടനുമായ അഗസ്‌റ്റിന്‍ ജോസഫിന്റെയും എലിസബത്ത് ജോസഫിന്റെയും മകനായി ജനനം. കാട്ടശ്ശേരി ജോസഫ് യേശുദാസ് എന്നതാണ് പൂര്‍ണനാമം. ദാസപ്പന്‍ എന്ന ഓമനപ്പേരിലാണ് ബാല്യകാലത്ത് യേശുദാസ് അറിയപ്പെട്ടത്. പിതാവായിരുന്നു ആദ്യഗുരു. പന്ത്രണ്ടാം വയസില്‍ ആദ്യകച്ചേരി നടത്തി. തിരുവനന്തപുരം മ്യൂസിക് അക്കാദമി, ആര്‍. എസ്. വി സംഗീതകേളേജ് എന്നിവിടങ്ങളില്‍ സംഗീതപഠനം പൂര്‍ത്തിയാക്കി. പഠനകാലത്ത് സംഗീതമത്സരങ്ങളില്‍ സ്‌ഥിരം ഒന്നാം സ്‌ഥാനം നേടിയിരുന്നു. ലോകപ്രശസ്‌ത കര്‍ണാടക സംഗീതഞ്‌ജന്‍ ചെമ്പൈ വൈദ്യനാദഭാഗവതരുടെ കീഴിലാണ് ദാസ് ശാസ്‌ത്രീയ സംഗീതം അഭ്യസിച്ചത്.