കോഴിക്കോട്: കോഴിക്കോട്ടെ പ്രൗഢമായ സദസ്സിനെ സാക്ഷിനിര്‍ത്തി 41-ാമത് സംസ്ഥാന ചലച്ചിത്രപുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. തിങ്കളാഴ്ച സന്ധ്യക്ക് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് അവാര്‍ഡുകള്‍ വിതരണംചെയ്തത്. മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ അധ്യക്ഷതവഹിച്ചു. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം 'ആദാമിന്റെ മകന്‍ അബു' എന്ന ചിത്രത്തിന്റെ സംവിധായകന്‍ സലിം അഹമ്മദും നിര്‍മാതാവ് അഷ്‌റഫ് ബേദിയും ഏറ്റുവാങ്ങി.
മികച്ച സംവിധായകനുള്ള പുരസ്‌കാരം ശ്യാമപ്രസാദും (ഇലക്ട്ര), നടനുള്ള അവാര്‍ഡ് സലിംകുമാറും (ആദാമിന്റെ മകന്‍ അബു), നടിക്കുള്ള അവാര്‍ഡ് കാവ്യാമാധവനും (ഗദ്ദാമ) സ്വീകരിച്ചു.സിനിമയെ എന്നും നല്ല രീതിയില്‍ സമീപിക്കുന്നവരാണ് നമ്മളെന്നും അതിനാല്‍ ചലച്ചിത്ര വ്യവസായത്തിന്റെ ഉന്നതിക്കായി സര്‍ക്കാര്‍ പരിശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയത്തിനതീതമായി കലയെ സ്‌നേഹിക്കുന്ന മണ്ണാണ് നമ്മുടേതെന്നും അതിനാല്‍ സിനിമകള്‍ കാണാന്‍ ഇവിടെ നല്ല തിയേറ്ററുകള്‍ ഉണ്ടാകണമെന്നും മന്ത്രി ഗണേഷ്‌കുമാര്‍ പറഞ്ഞു. പ്രമുഖ നടന്മാരായ സൂര്യയും ദിലീപും മുഖ്യാതിഥികളായി വേദിയിലെത്തി. ചലച്ചിത്ര അക്കാദമിയുടെ സ്മരണിക എം.കെ. രാഘവന്‍ എം.പി. ഗാന്ധിമതി ബാലന് നല്‍കിയും 2010 ചലച്ചിത്ര അവാര്‍ഡ് സംബന്ധിച്ച സ്മരണിക എം.വി.ശ്രേയാംസ് കുമാര്‍ എം.എല്‍.എ. നടന്‍ ദിലീപിന് നല്‍കിയും പ്രകാശനം ചെയ്തു. അക്കാദമി റിപ്പോര്‍ട്ട് , ചെയര്‍മാന്‍ പ്രിയദര്‍ശന്‍ അവതരിപ്പിച്ചു. ഫിയാഫ് ഫസ്റ്റ് വൈസ് പ്രസിഡന്റ് പി.വി. ഗംഗാധരന്‍, കെ.എം. ഷാജി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. സാമൂഹികക്ഷേമമന്ത്രി ഡോ. എം.കെ. മുനീര്‍ സ്വാഗതവും കളക്ടര്‍ ഡോ. പി.ബി. സലിം നന്ദിയുംപറഞ്ഞു.