റിയാദ്: സൗദി അറേബ്യയില്‍ സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ വില്‍ക്കുന്ന കടകളില്‍ പുരുഷന്മാരായ ജിവനക്കാര്‍ക്ക് വിലക്ക്. ബുധനാഴ്ച ഈ ഉത്തരവ് പ്രാബല്യത്തില്‍ വന്നതോടെ ഇത്തരം കടകളില്‍ ജോലിചെയ്യുന്ന 40,000 ത്തോളം പുരുഷന്മാര്‍ക്ക് ജോലി നഷ്ടമാകും. ഇതിലേറെയും ഇന്ത്യയെപ്പോലുള്ള രാജ്യത്തില്‍ നിന്നുള്ളവരാണ്.
രാജ്യത്തെ സ്ത്രീകളുടെ അഭിപ്രായം പരിഗണിച്ചാണ് അബ്ദുള്ള രാജാവ്
ഇതു സംബന്ധിച്ച് ഉത്തരവിറക്കിയതെന്ന് സൗദി മാധ്യമങ്ങള്‍ പറയുന്നു. 2006ല്‍ സൗദി സര്‍ക്കാര്‍ തീരുമാനിച്ച വിലക്കാണ് ഇപ്പോള്‍ നിലവില്‍ വന്നത്. സ്ത്രീകള്‍ക്കുള്ള സൗന്ദര്യവര്‍ധകവസ്തുക്കള്‍ വില്‍ക്കുന്ന കടകളിലും പുരുഷജോലിക്കാരെ വിലക്കുന്ന ഉത്തരവ് ജൂലായില്‍ നിലവില്‍ വന്നേക്കും
ഈ ഉത്തരവിനെതിരെ മതനേതൃത്വം തന്നെ രംഗത്തു വന്നിട്ടുണ്ട്. സ്ത്രീകളെ കടയില്‍ ജോലിക്കുവെക്കുന്നത് ശരിയത്ത് നിയമത്തിന് വിരുദ്ധമാണെന്ന് സൗദി ഗ്രാന്‍റ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് അല്‍ ശൈഖ് പറയുന്നു. ഈ സാഹചര്യത്തില്‍ ഇത്രയും ഒഴിവുകളിലേക്ക് സൗദി വനിതകളെ കിട്ടുമോയെന്ന കാര്യം സംശയമാണ്. നിലവില്‍ വിദ്യാസമ്പന്നരായ സൗദി വനിതകള്‍ ആരോഗ്യമേഖലയിലോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ആണ് ജോലിചെയ്തുവരുന്നത്.