ദുബായ്: വാഹനത്തിലെ യാത്രക്കാര്‍ക്കെല്ലാം സുരക്ഷാ ബെല്‍റ്റ് നിര്‍ബന്ധമാക്കുന്ന നിയമം കൊണ്ടുവരാന്‍ ദുബായ് ഗതാഗത വകുപ്പ് ആലോചിക്കുന്നു. ഡ്രൈവര്‍ക്കും മുന്‍സീറ്റിലെ യാത്രക്കാരനും പുറമെ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാനാണു നീക്കം. വാഹനാപകടങ്ങളില്‍ ജനങ്ങള്‍ മരിക്കുന്നതും പരുക്കേല്‍ക്കുന്നതും കുറയ്ക്കാനാണു സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നതെന്നു ഗതാഗത വകുപ്പധികൃതര്‍ അറിയിച്ചു. പിന്‍സീറ്റിലുള്ളവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് അപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം കൂടാനും ഗുരുതരമായി പരുക്കേല്‍ക്കാനും കാരണമാകുന്നുണ്ടെന്നാണു ഗതാഗത വകുപ്പിന്റെ കണ്ടെത്തല്‍. പതിനൊന്നു മാസത്തിനുള്ളില്‍ 630 യാത്രക്കാര്‍ വാഹനാപകടങ്ങളില്‍ മരിക്കുകയും പരുക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്. നിയമം നിലവിലായാല്‍ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്ന മുഴുവന്‍ യാത്രികരും സീറ്റ്‌ബെല്‍റ്റ് ധരിക്കേണ്ടിവരും. പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്നാല്‍ ഡ്രൈവര്‍ക്കാണു പിഴ ചുമത്തുകയെന്നു ഗതാഗത വകുപ്പ് തലവന്‍ മേജര്‍ മുഹമ്മദ് സൈഫ് അല്‍സഫീന്‍ അറിയിച്ചു. കുട്ടികളുമായി മുന്‍സീറ്റിലിരുന്നു യാത്ര ചെയ്യുന്നതും അപകടമാണ്. സഡന്‍ബ്രേക്ക് ഉപയോഗിക്കുമ്പോള്‍ മുന്‍സീറ്റിലുള്ള കുട്ടികള്‍ക്കാണ് ആദ്യം പരുക്കേല്‍ക്കുകയെന്നു ഗതാഗത വകുപ്പ് തലവന്‍ സൂചിപ്പിച്ചു.