ബോംബെ മാര്‍ച്ച് 12'ലൂടെ മലയാളസിനിമയിലെത്തിയ ഉണ്ണിമുകുന്ദന് ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളാണ്. മാര്‍ച്ച് പന്ത്രണ്ടും തുടര്‍ന്നിറങ്ങിയ ബാങ്കോക്ക് സമ്മറും വിജയിച്ചില്ലെങ്കിലും ടി. കെ. രാജീവ് കുമാറിന്റെ ' തത്സമയം ഒരു പെണ്‍കുട്ടി ' , വൈശാഖിന്റെ ' മല്ലുസിങ് ' എന്നീ ചിത്രങ്ങളിലെ നായകവേഷം ഉണ്ണിയെത്തേടിയെത്തി. മല്ലുസിങ്ങില്‍ പൃഥ്വിരാജ് ചെയ്യാനിരുന്ന വേഷമാണ് സംവിധായകന്‍ ഉണ്ണിയെ ഏല്‍പ്പിച്ചിരിക്കുന്നത്. ഇതിനിടയില്‍ ഉണ്ണി നായകനാകുന്ന ' ഏഴാം സൂര്യന്‍ ' എന്ന സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയായി റിലീസിനൊരുങ്ങുകയാണ്.
കൈവല്യം ക്രിയേഷന്‍സിന്റെ ബാനറില്‍ രമേഷ് ചോലയില്‍ നിര്‍മിക്കുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് ജ്ഞാനശീലനാണ്. ' മിന്നുകെട്ട് ' തുടങ്ങി നിരവധി ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയനായ ജ്ഞാനശീലന്റെ ആദ്യസിനിമയാണിത്. ഒരു ജ്യോത്സ്യന്റെയും അദ്ദേഹത്തിന്റെ മകന്റെയും കഥപറയുന്ന കുടുംബചിത്രമാണ് ' ഏഴാം സൂര്യ ' നെന്ന് സംവിധായകന്‍ പറയുന്നു. ജ്യോതിഷജ്ഞാനം പാരമ്പര്യമായി പകര്‍ന്നുകിട്ടിയ വാഴക്കോട് ഉണ്ണിനാരായണപ്പണിക്കര്‍ ഭാര്യയുടെ മരണത്തിനുശേഷം തന്റെ ജീവിതം മകനായി മാറ്റിവെക്കുകയാണ്. മകന്‍ ചിത്രഭാനുവാകട്ടെ അച്ഛന്റെ പാരമ്പര്യത്തോടു ചേര്‍ന്നുപോകാന്‍ വിസ്സമതിക്കുന്നു.എന്തിനുമേതിനും ചാടിപ്പുറപ്പെടുന്ന മകന്റെ സ്വഭാവത്തില്‍ പണിക്കര്‍ എന്നും ദു: ഖിതനാണ്. ഇതിനിടയില്‍ ചിത്രഭാനു അകപ്പെടുന്ന ഒരു പ്രതിസന്ധി പണിക്കരെ ശരിക്കും തളര്‍ത്തുന്നു.
വാഴക്കോട് ഉണ്ണിനാരായണപ്പണിക്കരായി സായികുമാറെത്തുമ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ ചിത്രഭാനുവിന്റെ വേഷമാണ് ഉണ്ണി മുകുന്ദന്. ഫീമെയില്‍ ഉണ്ണികൃഷ്ണനിലൂടെ സിനിമയിലെത്തിയ മഹാലക്ഷ്മിയാണ് ചിത്രത്തിലെ നായിക. ജഗതി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമൂട്, ശ്രീജിത്ത് രവി, കല്പന,പ്രിയങ്ക എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. സീരിയല്‍ രംഗത്തെ ശ്രദ്ധേയനായ എഴുത്തുകാരന്‍ വി. വിജയകുമാര്‍ സംഭാഷണമെഴുതുന്ന ചിത്രത്തിന്റെ സംഗീതം മോഹന്‍സിത്താര. ഗാനരചന: ആശാരമേഷ്, കാമറ: അശോക് ദേവരാജ്. വാര്‍ത്താവിതരണം ടി. മോഹന്‍ദാസ്.