പെരുമ്പാവൂര്‍: സംവൃതയ്ക്ക് പുറമേ മലയാള സിനിമാലോകത്ത് നിന്ന് മറ്റൊരു വിവാഹവാര്‍ത്ത കൂടി. മലയാളം-തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി അനന്യ വിവാഹിതയാവുന്നു. ഫിബ്രവരി രണ്ടിന് എറണാകുളത്ത് വെച്ചാണ് വിവാഹ നിശ്ചയം നടക്കുക. ബിസിനസ് കണ്‍സള്‍ട്ടന്റ് ആയി ജോലി ചെയ്യുന്ന തൃശ്ശൂര്‍ സ്വദേശി ആഞ്ജനേയന്‍ ആണ് വരന്‍.
വി.കെ.പ്രകാശ് സംവിധാനം ചെയ്ത 'പോസിറ്റീവ്' എന്ന മലയാള ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ അനന്യ തമിഴില്‍ ശശികുമാര്‍ സംവിധാനം ചെയ്ത 'നാടോടികള്‍' എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയയായത്. മലയാളത്തില്‍ മോഹന്‍ലാലിന്റെ മകളായി 'ശിക്കാറി'ലും ശ്രദ്ധിക്കപ്പെട്ടു. സീനിയേഴ്‌സ് അടക്കം നിരവധി മലയാള ചിത്രങ്ങളില്‍ പിന്നീട് വേഷമിട്ടു.
അനന്യ നായികയായ 'എങ്കെയും എപ്പോതും' എന്ന തമിഴ് സിനിമ അടുത്ത കാലത്തിറങ്ങിയ തമിഴിലെ ഏറ്റവും ഹിറ്റായിരുന്നു. 22 സിനിമകള്‍ പൂര്‍ത്തിയാക്കിയ അനന്യ ഇപ്പോള്‍ വിവിധ ഭാഷകളിലായി എട്ട് ചിത്രങ്ങളില്‍ അഭിനയിച്ചുവരികയാണ്. പെരുമ്പാവൂര്‍ വാരിക്കാട്ട് (ആയില്യം) വീട്ടില്‍ വി.എന്‍. ഗോപാലകൃഷ്ണന്‍ നായരുടെയും പ്രസീതയുടെയും മകളും സി.പി.ഐ. നേതാവ് കോഴിപ്പുറം കലാധരന്റെ പേരക്കുട്ടിയുമാണ് അനന്യ.