കൊച്ചി: ബഷീറിന്റെ 'ബാല്യകാല സഖി' ചലച്ചിത്രമാകുമ്പോള്‍ പുതിയ അഭിനേതാക്കള്‍ക്ക് അവസരം നല്‍കുമെന്ന് സംവിധായകന്‍ പ്രമോദ് പയ്യന്നൂര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.കേന്ദ്രകഥാപാത്രമായ മജീദിനെ മമ്മൂട്ടി അവതരിപ്പിക്കും.സുഹ്‌റയെ തീരുമാനിച്ചിട്ടില്ല. സ്‌കൂള്‍,കോളേജ് തലത്തില്‍ നിന്ന് പത്ത് പേര്‍ക്ക് വീതവും,തീയറ്റര്‍,രംഗകല മേഖലകളില്‍ നിന്ന് 15 പേര്‍ക്കുമാണ് ബഷീര്‍ കഥാപാത്രങ്ങളാകാന്‍ അവസരം ഒരുങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബഷീറിന്റെ 104ാം ജന്മദിനമായ ശനിയാഴ്ച മുതല്‍ അഭിനേതാക്കള്‍ക്കുളള അപേക്ഷ സ്വീകരിക്കും.കേരളത്തിനകത്തും പുറത്തുമുളളവര്‍ക്ക് അവസരം ലഭിക്കും. കേരളത്തില്‍ മൂന്ന് മേഖലകളിലായാണ് അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നത്.
കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ നിന്നുളളവര്‍ക്കായി കോഴിക്കോട്ട് ഫിബ്രവരി 20,21,22 തീയതികളിലും, തൃശൂര്‍, പാലക്കാട്, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍ നിന്നുളളവര്‍ക്കായി എറണാകുളത്ത് വച്ച് ഫെബ്രുവരി 25,26,27 തീയതികളിലും ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നുളളവര്‍ക്കായി തിരുവനന്തപുരത്ത് വച്ച് മാര്‍ച്ച് 3,4,5 തീയതികളിലും തിരഞ്ഞെടുപ്പ് നടക്കും.
പ്രവാസി മലയാളികള്‍ക്കായി മാര്‍ച്ച് 10,11,12 തീയതികളില്‍ ദുബായില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ബാല്യകാലസഖി' നിര്‍മ്മാണ പ്രഖ്യാപന ചടങ്ങ് പ്രൊഫ.എം.കെ. സാനു ഉദ്ഘാടനം ചെയ്തു. ബാല്യകാലസഖി, കല്പനയ്ക്ക് അതീതമായ മനോഹര കാവ്യമാണെന്ന് അദ്ദേഹം പറഞ്ഞു. മലയാള സിനിമയ്ക്ക്തികച്ചും നൂതനമായ ശൈലി ഈ സിനിമയിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രഗത്ഭരായ കലാകാരന്മാരെ അണിനിരത്തി അവതരിപ്പിക്കുന്ന ബാല്യകാലസഖി അഭ്രപാളികളില്‍ മികച്ച ദൃശ്യാനുഭൂതി പകരുമെന്നും അദ്ദേഹം പറഞ്ഞു.
കഥാപാത്രങ്ങളോട് പൂര്‍ണ്ണ നീതി പുലര്‍ത്തുന്ന വ്യക്തിയായിരുന്നു ബഷീര്‍. അങ്ങനെയൊരു വ്യക്തിയുടെ ചിത്രം ചലച്ചിത്രമാക്കുന്നതിന് അസാധാരണ ക്ഷമയും സാഹസിക ബുദ്ധിയും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ലിവിന്‍ ആര്‍ട്‌സിന്റെയും ഏസ്തിസ് ക്രിയേഷന്റെയും ബാനറില്‍ എം.ബി.മൊഹ്‌സിന്‍, ഇടയത്ത് രവി, സജീബ് ഹാഷിം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
പി.ഭാസ്‌കരന്‍, ഒ.എന്‍.വി. കുറുപ്പ്, കാവാലം നാരായണപ്പണിക്കര്‍, കെ.ടി. മുഹമ്മദ്, ശ്രീകുമാരന്‍ തമ്പി തുടങ്ങിയവരുടെ വരികള്‍ക്ക് കെ. രാഘവന്‍, ഷഹബാസ് അമന്‍ എന്നിവര്‍ ചേര്‍ന്ന് ഈണം പകരുന്നു. ജി. ദേവരാജന്‍ ഈണം നല്‍കിയ ഒരു ഗാനം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അഭിനേതാക്കള്‍ ഫുള്‍സൈസ് ക്ലോസപ്പ് ഫോട്ടോകളും, അഭിനയപരിചയ സര്‍ട്ടിഫിക്കറ്റുകളും സഹിതം ലിവിന്‍ ആര്‍ട്ട് ആന്‍റ് ഏസ്തിസ് ക്രിയേഷന്‍, മീഡിയ ബോക്‌സ് ഓഫീസ്,28/630-എ1,കെ.പി. വള്ളോന്‍ റോഡ്,കടവന്ത്ര,കൊച്ചിന്‍-682020 എന്ന വിലാസത്തില്‍ 30 നകം അപേക്ഷിക്കണം.ജൂലായില്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. ബഷീറിന്റെ മകന്‍ അനീസ് ബഷീര്‍, പട്ടണം റഷീദ്, നിര്‍മ്മാതാവ് സജീബ് ഹാഷിം എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.