പെരുവണ്ണാമൂഴി: ചക്കിട്ടപ്പാറ-പെരുവണ്ണാമൂഴി വനമേഖലയില്‍ കാട്ടാനയുടെ ആക്രമണം. ആക്രമണത്തില്‍ ഒരാള്‍ക്കും മൂന്ന് പശുക്കള്‍ക്കും പരിക്കേറ്റു. ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ കാറ്റുള്ളമല സ്വദേശി മാത്യു (50) നെ പേരാമ്പ്ര സര്‍ക്കാര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കുളത്തുവയല്‍ നിര്‍മ്മല ധ്യാനകേന്ദ്രത്തിന്റെ സമീപമെത്തിയ കുട്ടിയാന അവിടെ കിടന്നിരുന്ന ജീപ്പും കാറും ഇടിച്ചുതകര്‍ത്തു. സമീപത്തുള്ള ആലയും തകര്‍ത്തിട്ടുണ്ട്.
ഇവിടെ ഒരു കൈവരിയില്‍ ഇരിക്കുമ്പോഴാണ് മാത്യുവിനെ ആക്രമിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരും വിവിധ ജനപ്രതിനിധികളും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. കാട്ടില്‍ നിന്ന് ആറ് കിലോമീറ്ററോളം അകലെയാണിപ്പോള്‍ ആന. ഇതുവരെയും ആന കാട്ടിലേക്ക് മടങ്ങിയിട്ടില്ല. ചക്കിട്ടപ്പാറ, നരിമട, മുക്കവല എന്നിവിടങ്ങളിലാണ് ആന ആക്രമണം നടത്തിയത്.