മുംബൈ: കടപ്രതിസന്ധിയിലായ കിങ്ഫിഷറിലെ ഓഹരികള്‍ വിറ്റഴിക്കില്ലെന്ന് മാതൃകമ്പനിയായ യു.ബി ഗ്രൂപ്പ് വ്യക്തമാക്കി. പ്രതിസന്ധിയെ തുടര്‍ന്ന് സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്ന സാഹചര്യത്തില്‍ കമ്പനിയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ട അവസരത്തിലാണ് യു.ബി ഗ്രൂപ്പ് പ്രതികരിച്ചത്. നഷ്ടമുണ്ടാക്കുന്ന സര്‍വീസുകള്‍ റദ്ദാക്കുക മാത്രമാണ് കമ്പനി ചെയ്തതെന്ന് കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സഞ്‌ജെയ്് അഗര്‍വാള്‍ പറഞ്ഞു. 50ഓളം സര്‍വീസുകള്‍ അപ്രതീക്ഷിതമായി റദ്ദാക്കിയത് യാത്രകാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ച സാഹചര്യത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) കിങ്ഫിഷറിന് നോട്ടീസ് അയച്ചിട്ടുണ്ട്. സേവനങ്ങളുടെ പുനക്രമീകരണം സംബന്ധിച്ച് വിശദവിവരങ്ങള്‍ നല്‍കാനും ഡി.ജി.സി.എ കമ്പനിയോട് ആവശ്യപ്പെട്ടു.
അതേസമയം, എന്തുകൊണ്ട് ഇന്ത്യയില്‍ മാത്രം എയര്‍ലൈന്‍ കമ്പനികള്‍ക്ക് അധികനികുതി നില്‍കേണ്ടി
വരുന്നു എന്നതില്‍ ആശ്ചര്യമുണ്ടെന്ന് കിങ്ഫിഷര്‍ എയര്‍ലൈന്‍സ് മേധാവി വിജയ് മല ചോദിച്ചു. കടപ്രതിസന്ധിയില്‍പ്പെട്ടുഴലുന്ന കമ്പനിയ്ക്ക് 50ലധികം സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്ന പശ്ചാതലത്തിലാണ് മല്യ, ട്വിറ്ററില്‍ തന്റെ പരാതി പോസ്റ്റ് ചെയ്തത്. നഷ്ടമുണ്ടാക്കുന്ന റൂട്ടുകളില്‍ സര്‍വീസ് നടത്തുകയാണോ തന്റെ കമ്പനിയുടെ ദൗത്യമെന്നും മല്യ ചോദിക്കുന്നു. തുടര്‍ന്നുള്ള പ്രവര്‍ത്തനത്തിനായി 2000 കോടി രൂപയോളം അടിയന്തര സഹായം കമ്പനിക്ക് ആവശ്യമായി വരുമെന്നാണ് വ്യോമയാന മേഖലയിലെ വിദഗ്ധര്‍ കരുതുന്നത്.
എല്ലാ സര്‍ക്കാരുകളും എയര്‍ലൈന്‍ കമ്പനികള്‍ക്ക് സഹായം നല്‍കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ മാത്രം ഇത് വ്യത്യസ്ഥമാണെന്നാണ് മല്യയുടെ പരാതി. പൈലറ്റുമാരുടെ കൂട്ടരാജിയും ഫണ്ടുകളുടെ ദൗര്‍ലഭ്യവും കാരണം സര്‍വീസുകള്‍ റദ്ദാക്കേണ്ട സാഹചര്യത്തിലാണ് കമ്പനിയെന്ന് മല്യ മുമ്പ് വ്യക്തമാക്കിയിരുന്നു. അപ്രതീക്ഷിതമായ 50 സര്‍വീസുകള്‍ റദ്ദാക്കാനും കമ്പനി കഴിഞ്ഞ ദിവസം തീരുമാനിച്ചു. ഇതെത്തുടര്‍ന്ന് കിങ് ഫിഷര്‍ ഓഹരികളുടെ വില വെള്ളിയാഴ്ച ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു. ലാഭകരമല്ലാത്ത റൂട്ടുകള്‍ റദ്ദാക്കാന്‍ കമ്പനി തീരുമാനച്ചതായി വെള്ളിയാഴ്ച കിങ്ഫിഷര്‍ വെളിപ്പെടുത്തി. ഈ സാഹചര്യത്തില്‍ കമ്പനിയുടെ ദിവസേനയുള്ള സര്‍വീസുകള്‍ 340ല്‍ നിന്ന് 300 ആയി കുറയുമെന്നാണ് കരുതുന്നത്.
അപ്രതീക്ഷിതമായി സര്‍വീസുകള്‍ റദ്ദാക്കിയത് ടിക്കറ്റ് മുന്‍കൂര്‍ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചു. ഇവര്‍ക്ക് അവാസന നിമിഷത്തില്‍ മറ്റു എയര്‍ലൈന്‍ കമ്പനികളില്‍ നിന്ന് 20-40 ശതമാനം അധിക നിരക്കില്‍ ടിക്കറ്റെടുക്കുക മാത്രമായിരുന്നു പോംവഴി.
കടപ്രതിസന്ധി പരിഹരിക്കുന്നതിനായി കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭിക്കണമെന്നതാണ് കമ്പനിയുടെ ആവശ്യം. ഇതിനായി കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ കിങ്ഫിഷര്‍ സമീപിച്ചിരുന്നു. പ്രശ്‌നം സംബന്ധിച്ച് കേന്ദ്ര ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജിയുമായി ചര്‍ച്ച നടത്തുമെന്ന് വ്യോമയാന മന്ത്രി വയലാര്‍ രവി കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തു. അതേസമയം, എന്തു നടപടിയായിരിക്കും സ്വീകരിക്കുക എന്നത് സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല.
വിമാന ഇന്ധനത്തിന് നല്‍കേണ്ടി വരുന്ന ഉയര്‍ന്ന നികുതിയാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് മല്യയുടെ അഭിപ്രായം. പൊതുമേഖലാ എണ്ണക്കമ്പനികളായ എച്ച്.പി.സി.എല്‍, ഐ.ഒ.സി, ബി.പി.സി.എല്‍ എന്നിവ കിങ്ഫിഷറിന് ഇനി ഇന്ധനം കടംകൊടിക്കിലെന്ന നിലപാടിലാണ്. 2010-2011 വര്‍ഷത്തില്‍ 1,027 കോടി രൂപയുടെ നഷ്ടം നേരിട്ട കിങ്ഫിഷറിന്റെ കടം 7057.08 കോടി രൂപയാണ്. കഴിഞ്ഞ 7-8മാസങ്ങള്‍ക്കുള്ളില്‍ 100ലധികം പൈലറ്റുമാരും കമ്പനി വിട്ടു.
സെന്റര്‍ ഫോര്‍ ഏഷ്യാ പസിഫിക്ക് ആവിയേഷന്റെ അനുമാനമനുസരിച്ച് 2012 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ പെതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയുടെ നഷ്ടം 250 കോടി ഡോളറിനും 300 കോടി ഡോളറിനും ഇടയിലായിരിക്കുമെന്നാണ് കരുതുന്നത്. അതേസമയം, രാജ്യത്തെ പ്രമുഖ സ്വകാര്യ വിമാക്കമ്പനികളായ ജെറ്റ് എയര്‍വെയ്‌സും സ്‌പൈസ് ജെറ്റും രണ്ടാം ത്രൈമാസത്തില്‍ നഷ്ടത്തിലേക്ക് പതിച്ചിരുന്നു.