മുംബൈ: രാജ്യത്തെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പുകളിലൊന്നായ ടാറ്റാ സണ്‍സില്‍ 'ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍' എന്ന പദവി പരിഗണനയില്‍. ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള വിവിധ കമ്പനികളുടെ പ്രൊമോട്ടര്‍ കമ്പനിയും ഹോള്‍ഡിങ് കമ്പനിയുമാണ് ടാറ്റാ സണ്‍സ്. പുതിയ ചെയര്‍മാനെ സഹായിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഗ്രൂപ്പ് സിഇഒ എന്ന പദവി കൊണ്ടുവരുന്നത്.
ഗ്രൂപ്പ് സിഇഒ ആകാന്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കുന്നത് 56കാരനായ ഫറോക്ക് എന്‍.സുബേദാറിനാണ്. അദ്ദേഹത്തെ കഴിഞ്ഞ വര്‍ഷം ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ എന്ന പുതിയ പദവിയിലേക്ക് ഉയര്‍ത്തിയിരുന്നു.
നിലവിലെ ചെയര്‍മാനായ രത്തന്‍ ടാറ്റാ 2012 ഡിസംബറില്‍ വിരമിക്കുകയാണ്. പുതിയ ചെയര്‍മാനെ കണ്ടെത്താനായുള്ള നടപടികള്‍ മാസങ്ങളായി നടക്കുന്നുണ്ടെങ്കിലും ഇതുവരെ പുതിയ മേധാവിയെ പ്രഖ്യാപിക്കാന്‍ ആയിട്ടില്ല. 2011 മെയ് മാസം പ്രഖ്യാപിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ അതുകഴിഞ്ഞ് ആറ് മാസം പിന്നിട്ടിട്ടും രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയെ
കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
രത്തന്‍ ടാറ്റയുടെ പാതി സഹോദരന്‍ നോയല്‍ ടാറ്റയായിരിക്കും അദ്ദേഹത്തിന്റെ പിന്‍ഗാമിയെന്നാണ് കരുതപ്പെടുന്നത്. 54കാരനായ നോയല്‍, ടാറ്റാ സണ്‍സിന്റെ ഏറ്റവും വലിയ വ്യക്തഗത ഓഹരിയുടമയായ പല്ലോഞ്ചി മിസ്ട്രിയുടെ മരുമകന്‍ കൂടിയാണ്. പല്ലോഞ്ചിയുടെ മകള്‍ അലുവിനെയാണ് അദ്ദേഹം വിവാഹം കഴിച്ചിരിക്കുന്നത്. പല്ലോഞ്ചിക്ക് ടാറ്റാ സണ്‍സില്‍ 18 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ടാറ്റാ ഗ്രൂപ്പിലെ ജനറല്‍ മാനേജര്‍മാരുടെ വാര്‍ഷിക യോഗത്തില്‍ പുതിയ മേധാവിയെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ നാല് വര്‍ഷമായി മുടങ്ങിക്കിടക്കുന്ന വാര്‍ഷിക യോഗം ഈ വര്‍ഷം പുനരംരംഭിക്കുന്നതുതന്നെ ഇതിനുവേണ്ടികൂടിയാണ്.
അടുത്ത മാസം അദ്ദേഹത്തിന് 74 വയസ് തികയുന്ന രത്തന്‍ ടാറ്റാ അടുത്ത വര്‍ഷം ഡിസംബറില്‍ 75 വയസ് തികയുന്നതോടെയാണ് വിരമിക്കുന്നത്.