തിരുവനന്തപുരം: സര്‍ക്കാര്‍ അനുമതിയില്ലാതെ വിദേശ യാത്ര നടത്തിയ ഐ.ജി ടോമിന്‍ തച്ചങ്കരിക്കെതിരെ അടിയന്തരമായി അച്ചടക്കനടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലത്തിന്റെ ശുപാര്‍ശ. മൂന്നു ദിവസം മുമ്പാണ് സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ ലഭിച്ചത്. ചീഫ് സെക്രട്ടറിയുടെ ഓഫീസിലാണ് കത്ത് ലഭിച്ചത്. ജൂണില്‍ സസ്‌പെന്‍ഷന്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് നവംബറിലാണ് തച്ചങ്കരിയെ സര്‍ക്കാര്‍
സര്‍വീസില്‍ തിരിച്ചെടുത്ത് മാര്‍ക്കറ്റ്‌ഫെഡ് എംഡിയാക്കിയത്.
കഴിഞ്ഞയിടെ പോലീസ് സേനയില്‍ പലര്‍ക്കും പ്രമോഷന്‍ നല്‍കിയവേളയില്‍ തച്ചങ്കരിയെ ഒഴിവാക്കിയിരുന്നു. തച്ചങ്കരിക്ക് ഉദ്യോഗക്കയറ്റം നല്‍കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ എന്ന് ആരാഞ്ഞ് കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് സംസ്ഥാനം കത്തയച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് വിവാദമായ ഖത്തര്‍ സന്ദര്‍ശനവും സര്‍വീസ് ചട്ടലംഘനവും സംബന്ധിച്ച എന്‍.ഐ.എ അന്വേഷണ റിപ്പോര്‍ട്ട് കണക്കിലെടുത്ത് തച്ചങ്കരിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ശുപാര്‍ശ നല്‍കിയത്.
തച്ചങ്കരി സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചതായി റിപ്പോര്‍ട്ടിലുണ്ട്. സിക്കിമിലേക്ക് എന്ന വ്യാജേന ഖത്തര്‍ സന്ദര്‍ശനം നടത്തിയതാണ് തച്ചങ്കരിയെ സംശയത്തിലാക്കിയത്. അനധികൃതമായി വിദേശ സന്ദര്‍ശനം നടത്തിയതും ഖത്തറില്‍ സംശയകരമായ ചില വ്യക്തികളുമായി കൂടിക്കാഴ്ച നടത്തിയതും ചൂണ്ടിക്കാണ്ടി ഖത്തറിലെ ഇന്ത്യന്‍ അംബാസിഡറാണ് ആദ്യം സര്‍ക്കാരിന് റിപ്പോര്‍ട്ട് അയച്ചത്. തുടര്‍ന്ന് സന്ദര്‍ശനത്തെക്കുറിച്ച് എന്‍.ഐ.എക്ക് അന്വേഷണം കൈമാറി. ഖത്തറില്‍ ചില കേസുകളില്‍ ഉള്‍പ്പെട്ടവരും സംശയകരമായ ചില വ്യക്തികളുടെ ആതിഥേയത്വം സ്വീകരിച്ചതും എന്‍.ഐ.എ അന്വേഷണത്തില്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടിക്ക് ശുപാര്‍ശ. ഖത്തറില്‍ അദ്ദേഹം താമസിച്ച ഹോട്ടലിന്റെ ബില്ല് പോലും അടച്ചത് മറ്റ് ചിലരാണെന്നും കണ്ടെത്തിയരുന്നു.