Written by SeeNews Category: Main news
Published on 08 January 2012 Hits: 3

തിരുവനന്തപുരം: വ്യവസ്ഥ ലംഘിക്കുന്ന അന്യസംസ്ഥാന ലോട്ടറിക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം സംസ്ഥാനത്തിന് നല്‍കി കേന്ദ്ര നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് കേരളം ആവശ്യപ്പെടുന്നു. മറ്റുസംസ്ഥാനങ്ങളുടെ കേരളത്തിലെ ലോട്ടറി നടത്തിപ്പ് ചെലവും കമ്മീഷനും നല്‍കിയാല്‍ സംസ്ഥാനം നടത്താമെന്നുള്ള സന്നദ്ധതയും കേരളം കേന്ദ്രത്തെ

അറിയിക്കും. ഈ നിര്‍ദേശങ്ങള്‍ അടങ്ങുന്ന കത്ത് നികുതി സെക്രട്ടറി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് അയയ്ക്കും. കത്തിന്റെ ഉള്ളടക്കത്തിന് ധനവകുപ്പ് രൂപം നല്‍കി.

കേന്ദ്ര ലോട്ടറി നിയമത്തിന്റെ ചുവടു പിടിച്ചുള്ള ചട്ടത്തില്‍ ലോട്ടറി നടത്തുന്നതിന് പാലിക്കേണ്ട വ്യവസ്ഥകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ വ്യവസ്ഥകള്‍ പാലിച്ച് ലോട്ടറി നടത്താമെന്നല്ലാതെ അവ ലംഘിക്കുന്നവര്‍ക്കെതിരെ എന്തു നടപടിയെടുക്കുമെന്ന് ചട്ടത്തില്‍ പറയുന്നില്ല. നിയമം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ചുമതല സംസ്ഥാനങ്ങള്‍ക്കാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനയച്ച കത്തില്‍ പറയുന്നുണ്ട്. നിയമപാലനം ഉറപ്പാക്കാനുള്ള ചുമതലയുണ്ടെങ്കില്‍ അത് ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുക്കാനും തുടര്‍ന്ന് ശിക്ഷ നല്‍കാനുമുള്ള വ്യവസ്ഥകള്‍ കേന്ദ്ര ലോട്ടറിനിയമത്തിലും ചട്ടത്തിലും വരുത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം.

അന്യസംസ്ഥാനങ്ങള്‍ ലോട്ടറി നടത്തിപ്പിനായി കേരളത്തെ സമീപിക്കുന്നുണ്ട്. എന്നാല്‍ അവയ്ക്ക് അനുമതി നല്‍കാതിരിക്കുകയാണ് സര്‍ക്കാര്‍. അനുമതിക്കുള്ള അപേക്ഷ അനുവദിക്കാത്തതിന് സംസ്ഥാനത്തിനെതിരെ കേസും നിലനില്‍ക്കുന്നു. ഇക്കാര്യത്തിലുള്ള കേന്ദ്ര തീരുമാനം വരാതെ അന്യസംസ്ഥാനലോട്ടറിക്ക് അനുമതി നല്‍കുന്ന കാര്യം പരിഗണിക്കാന്‍ കഴിയില്ലെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്.

അന്യസംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന ലോട്ടറി ടിക്കറ്റുകളുടെ വില്പനയടക്കമുള്ള നടത്തിപ്പ് കേരളസര്‍ക്കാര്‍ തന്നെ നടത്തി തരാമെന്നതാണ് സംസ്ഥാനം മുന്നോട്ടുവെയ്ക്കുന്ന മറ്റൊരു നിര്‍ദേശം. ഇതിന് കമ്മീഷനും നടത്തിപ്പ് ചെലവും നല്‍കണം. ഇരു സംസ്ഥാന സര്‍ക്കാരുകളും തമ്മിലുള്ള കരാറാകുമ്പോള്‍ കേന്ദ്ര നിയമം അനുശാസിക്കുന്ന വ്യവസ്ഥകള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാരിനു കഴിയുമെന്നതാണ് ഇതിന്റെ നേട്ടം.

അന്യസംസ്ഥാന ലോട്ടറികള്‍ ഇല്ലാതായതോടെ സംസ്ഥാന ഭാഗ്യക്കുറിയില്‍ നിന്നുള്ള വരുമാനം കൂടിയിരിക്കയാണ്. മുമ്പ് ഒരു വര്‍ഷം 120 കോടിയായിരുന്നു വരുമാനമെങ്കില്‍ ഇപ്പോള്‍ പ്രതിമാസം 100 കോടി രൂപ ലഭിക്കുന്നുണ്ട്.

Share this post

You are here:   HomeLatestമുല്ലപ്പെരിയാറില്‍ തമിഴ്‌നാടിന്റെ രഹസ്യ ഭൂകമ്പമാപിനി