ന്യൂഡല്‍ഹി: തന്റെ അഴിമതി വിരുദ്ധ പോരാട്ടത്തെ വ്യക്തിപരമായി ആരെങ്കിലും കാണുന്നുണ്ടെങ്കില്‍ അതില്‍ വിഷമമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. വി.എസിന് തന്നോട് പകയാണെന്ന കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു വി.എസ്.
പകയായിട്ടാണ് അദ്ദേഹം വ്യാഖ്യാനിക്കുന്നതെങ്കില്‍ തനിക്ക് അഴിമതിക്കാരോടും പെണ്‍വാണിഭക്കാരോടും മാഫിയാസംഘങ്ങളോടും വൈരാഗ്യമുണ്ട്. അത് സത്യമാണ്. അത് തുറന്നുപറയാന്‍ യാതൊരു മടിയുമില്ല. അല്ലാത്ത ആര്‍ക്കെതിരെയും താന്‍ കേസ് നടത്തുന്നില്ല. ബാലകൃഷ്ണപിള്ളയെ അഴിമതിയുടെ പേരിലാണ് സുപ്രീംകോടതി ശിക്ഷിച്ചതെന്നും വി.എസ്. വ്യക്തമാക്കി.
തന്നെ അഴിമതിയുടെ പേരിലല്ല ശിക്ഷിച്ചതെന്ന പിള്ളയുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോഴാണ് വി.എസ്. ഇങ്ങനെ പറഞ്ഞത്. ഇടമലയാര്‍ കേസില്‍ അഴിമതി നടന്നുവെന്ന്
സുപ്രീംകോടതി കണ്ടെത്തിയിട്ടുണ്ട്. കോടതി ഉത്തരവില്‍ തന്നെ അത് വ്യക്തമാക്കിയിട്ടുള്ളതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.