ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ ഹൈക്കോടതി ശിക്ഷിച്ച സിപിഎം നേതാവ് എം.വി. ജയരാജന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഹൈക്കോടതിയുടെ ശിക്ഷയ്ക്കെതിരേ ജയരാജന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നടപടി. ജയരാജന് അപ്പീല്‍ നല്‍കാനുള്ള അവസരം നല്‍കാഞ്ഞതിനെ കോടതി വിമര്‍ശിച്ചു. അഡ്വ. വി. ഗിരിയാണ് ഹൈക്കോടതിക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്. പാതയോരത്തെ പൊതുയോഗ നിരോധനവുമായി ബന്ധപ്പെട്ട് ജയരാജന്‍ നടത്തിയ പരാമര്‍ശമാണ് കോടതിലക്ഷ്യ നടപടികള്‍ക്ക് കാരണമായത്. ആറ് മാസത്തെ തടവും 2000 രൂപ പിഴയുമാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്. ഇതിനെതിരേ സിപിഎം ഇന്നലെ ഹൈക്കോടതിക്ക് മുന്നില്‍ നടത്തിയ പ്രതിഷേധത്തെയും സുപ്രീംകോടതി വിമര്‍ശിച്ചു.