കൊട്ടാരക്കര:നെടുവത്തൂര്‍ ചിറക്കടവ് ഭദ്രകാളിക്ഷേത്രത്തിലെ ദേവസ്വം ഓഫീസ് മേല്‍ക്കൂര തകര്‍ന്ന് മൂന്നുവര്‍ഷം കഴിഞ്ഞിട്ടും പുനരുദ്ധരിക്കാത്തതില്‍ ക്ഷേത്രോപദേശകസമിതി യോഗം പ്രതിഷേധിച്ചു.
മൂന്നുവര്‍ഷംമുമ്പ് കാലവര്‍ഷത്തില്‍ ആല്‍മരം വീണാണ് തകര്‍ന്നത്. നിവേദ്യസാധനങ്ങള്‍ സൂക്ഷിക്കുന്നതിന് കഴിയാത്ത അവസ്ഥയായി. ക്ഷേത്രത്തോടുചേര്‍ന്ന ഇളമതിലിന്റെ നിര്‍മ്മാണവും നടന്നിട്ടില്ല. സ്വര്‍ണ്ണക്കൊടിമര പ്രതിഷ്ഠയും സമര്‍പ്പണവും കഴിഞ്ഞിട്ട് നടത്തേണ്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അവശേഷിക്കുന്നു. വര്‍ഷന്തോറും ലക്ഷക്കണക്കിന് രൂപയാണ് കാണിക്കവരുമാനം.
ക്ഷേത്രത്തിനുവേണ്ടി ഭക്തജനങ്ങള്‍ ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ ഒരേക്കര്‍ ഭൂമി ദേവസ്വം ബോര്‍ഡിന് കൈമാറാനും തീരുമാനിച്ചു. ദിവസവും നൂറുകണക്കിന് ഭക്തര്‍ ദര്‍ശനത്തിന് എത്തുന്ന ക്ഷേത്രമാണിത്. ബോര്‍ഡിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് പ്രക്ഷോഭം സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി പഞ്ചായത്തംഗവും ഉപദേശകസമിതി ഭാരവാഹിയുമായ ആര്‍.രാജശേഖരപിള്ള അറിയിച്ചു.