കണ്ണൂര്‍:ചപ്പാത്തിക്കും കോഴിക്കറിക്കും പിന്നാലെ ജയിലില്‍നിന്ന് പുതുമ നശിക്കാത്ത പച്ചക്കറിയും വിപണിയിലേക്ക്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ ജൈവകൃഷിയിലൂടെ വിളയിച്ച കാബേജ് കോളിഫ്ലവര്‍ തുടങ്ങി വെണ്ടയും വഴുതനയുംവരെയുള്ള പച്ചക്കറികളാണ് ന്യായവിലയ്ക്ക് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നത്. തിങ്കളാഴ്ച ജയിലിന് മുന്‍പില്‍
ദേശീയപാതയോരത്ത് പ്രത്യേക കൗണ്ടര്‍ തുറന്ന് വില്പനയാരംഭിക്കുമെന്ന് ജയില്‍ സൂപ്രണ്ട് ശിവദാസ് കെ.തൈപ്പറമ്പില്‍ 'മാതൃഭൂമി' യോട് പറഞ്ഞു.
ആറേക്കറിലധികം സ്ഥലത്താണ് ജയിലിലെ പച്ചക്കറിക്കൃഷി. ഇതില്‍ നല്ലൊരുഭാഗം ശൈത്യകാലവിളകളായ കാബേജും കോളിഫ്ലവറുമാണ്. ജൈവവളവും ജൈവ കീടനാശിനികളും മാത്രമുപയോഗിച്ച് വളര്‍ത്തിയ 1600 ചുവട് കാബേജും അത്രതന്നെ കോളിഫ്ലവറുമാണ് വിളവെടുപ്പിനൊരുങ്ങിയത്. വെണ്ട, ചീര, വാഴ, പയര്‍, പച്ചമുളക്, വഴുതന, വെള്ളരി, കുമ്പളം, ചേമ്പ് തുടങ്ങിയവ ഇതിനുപുറമെയാണ്. വെണ്ട വിളവെടുപ്പ് തുടങ്ങിക്കഴിഞ്ഞു. സല്‍ക്കീര്‍ത്തി ഇനമാണ് കൃഷിചെയ്തത്. ജയില്‍ അടുക്കളയിലേക്കാവശ്യമായ പച്ചക്കറി എടുത്തശേഷം ബാക്കിയുള്ളതാണ് പുറത്തുവില്‍ക്കുന്നത്. നേരത്തെ കരനെല്‍ക്കൃഷി നടത്തിയിരുന്ന സ്ഥലത്ത് കൊയ്ത്തിനുശേഷമാണ് പച്ചക്കറിക്കൃഷി തുടങ്ങിയത്.
കൃഷിവകുപ്പിന്റെ സമഗ്ര പച്ചക്കറിക്കൃഷി വികസനപദ്ധതി പ്രകാരമാണ് ജയിലിലെ പച്ചക്കറി കൃഷിയെന്ന് പുഴാതി കൃഷിഭവനിലെ കൃഷി ഓഫീസര്‍ എന്‍.കെ.ബിന്ദുവും കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ പി. സി.ധനരാജും പറഞ്ഞു. ഒന്നരലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്. വി.എഫ്.പി.സി.കെ., പന്നിയൂര്‍ കുരുമുളക് ഗവേഷണകേന്ദ്രം എന്നിവിടങ്ങളില്‍നിന്ന് തൈ ലഭ്യമാക്കി. കൃഷിയുപകരണങ്ങളും ജൈവവളവും നല്‍കി. ജലസേചനത്തിനുള്ള സൗകര്യം ലഭ്യമാക്കാനും നടപടിതുടങ്ങി. അസി. ജയിലര്‍മാരായ കെ.രാജന്‍, ഒ.പി.സത്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ പത്തോളം തടവുകാരാണ് കൃഷിപ്പണികള്‍ ചെയ്തത്. മേസ്തിരി തടവുകാരായ ചാക്കോയുടെയും സണ്ണിയുടെയും മേല്‍നോട്ടത്തിലായിരുന്നു വിളപരിചരണം. കോട്ടയം വാകത്താനം സ്വദേശിയായ ചാക്കോ ജയില്‍ ഉപദേശക സമിതിയുടെ ശുപാര്‍ശപ്രകാരം കഴിഞ്ഞദിവസം മോചിതനായി.
പൂജപ്പുര, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍നിന്നാണ് തടവുകാര്‍ നിര്‍മിക്കുന്ന ജയില്‍ ബ്രാന്‍ഡ് ചപ്പാത്തി വില്‍പ്പന തുടങ്ങിയത്. ഇത് വന്‍ വിജയമായതിനെത്തുടര്‍ന്ന് കണ്ണൂരിലും ഫിബ്രവരി ഒന്നിന് ചപ്പാത്തി വില്‍പ്പന തുടങ്ങും.