Written by SeeNews Category: Automotive
Published on 04 January 2012 Hits: 16

ന്യൂഡല്‍ഹി:പതിനൊന്നാമത് ഡല്‍ഹി ഓട്ടോ എക്‌സ്‌പോ ശനിയാഴ്ച ഡല്‍ഹിയില്‍ ആരംഭിക്കും. വേഗവും വിലയുംകൊണ്ട് ലോകവിപണിയിലെ വമ്പന്മാരായ ഫെറാരിയും പ്യൂഷോയും എത്തുന്നു എന്നതാണ് ഇക്കുറി ഓട്ടോ എക്‌സ്‌പോയുടെ മുഖ്യ ആകര്‍ഷണം. 

 

പുതിയ 32 കാറുകള്‍ ഓട്ടോഷോയില്‍ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ എട്ടെണ്ണം ആഗോളവിപണിയിലേക്കായിരിക്കും. ഏഷ്യയിലെ ഏറ്റവും വലിയ ഈ ഓട്ടോ എക്‌സ്‌പോ വാഹനമേള കാണാന്‍ അഞ്ചുലക്ഷം പേരെത്തുമെന്നാണ് സംഘാടകര്‍ കരുതുന്നത്. അഞ്ചുദിവസത്തെ ഈ വാഹനമേള, ഷാങ്ഹായ് ഓട്ടോഷോ കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലുതാണ്. 

പ്രതിവര്‍ഷം ഒന്നരക്കോടി വാഹനങ്ങള്‍ ഇറങ്ങുന്ന ഇന്ത്യ ഈ രംഗത്ത് ആഗോളതലത്തില്‍ പ്രമുഖ സ്ഥാനം നേടിക്കൊണ്ടിരിക്കുകയാണ്. ഓട്ടോ എക്‌സ്‌പോയ്ക്ക് മുന്നോടിയായി ചെറുകാര്‍ അവതരിപ്പിച്ച് ഒരു മുഴം മുന്നിലെറിഞ്ഞിരിക്കുകയാണ് ബജാജ്. ആര്‍.ഇ.60 എന്ന പേരില്‍ 35 കിലോമീറ്റര്‍ മൈലേജ് അവകാശപ്പെടുന്ന കുഞ്ഞന്‍ കാറുമായി നാലുചക്രവിപണിയില്‍ മത്സരത്തിനിറങ്ങുകയാണ് ബജാജ്. 2008-ല്‍ത്തന്നെ ചെറുകാറിന്റെ മാതൃക ബജാജ് അവതരിപ്പിച്ചിരുന്നു. 

മാരുതി സുസുക്കിയുടെ മള്‍ട്ടിപര്‍പ്പസ് വാഹനമായ 'എര്‍ത്തിഗ' ഓട്ടോ എക്‌സ്‌പോയില്‍ പുറത്തിറക്കും. മാരുതിയുടെ കോംപാക്ട് എസ്.യു.വി. സ്വിഫ്റ്റ് സ്‌പോര്‍ട്‌സും അതിന്റെ ഹൈബ്രിഡ് പതിപ്പും പ്രദര്‍ശിപ്പിക്കും. എച്ച്.എന്‍.ഡി.-7 എന്ന മള്‍ട്ടി യൂട്ടിലിറ്റി വാഹനവും മൂന്നു ഡോറുള്ള വെലോസ്റ്റെര്‍, പ്രീമിയം സെഡാനായ ഇലന്‍ട്ര എന്നിവയും കൊണ്ടാണ് ഹ്യൂണ്ടായി എത്തുന്നത്. 2008-ലെ ഓട്ടോ എക്‌സ്‌പോയുടെ മുഖ്യ ആകര്‍ഷണമായിരുന്ന നാനോയുടെ ഡീസല്‍ പതിപ്പ് ഇക്കുറി പ്രദര്‍ശിപ്പിക്കുമെന്ന് സൂചനയുണ്ട്. 

ലീനിയയുടെയും പുണ്ടോയുടെയും പുതിയ പതിപ്പുകളുമായി ഫിയറ്റ് എത്തും. എക്‌സ്‌പോയ്ക്കു മുമ്പുതന്നെ പുതിയ കാര്‍ ഇറക്കാന്‍ ഫോര്‍ഡിന് പദ്ധതിയുണ്ട്. ഫ്രഞ്ച് കമ്പനിയായ റിനോയുടെ ഹാച്ച്ബാക്ക് മോഡലായ പള്‍സും എസ്.യു.വി. ഡസ്റ്ററും എക്‌സ്‌പോയിലൂടെ ലോകം കാണും. 

പുതിയ എം-ക്ലാസും സ്‌പോര്‍ട്‌സ് കാറായ റോഡ്‌സ്റ്റെറുമായാണ് മെഴ്‌സിഡെസ് വരുന്നത്. എ-ക്ലാസ് എന്ന കണ്‍സെപ്റ്റ് കാറും മെഴ്‌സിഡെസ് പ്രദര്‍ശിപ്പിക്കും. ഒട്ടേറെ വാഹനങ്ങള്‍ നിരത്തി ശ്രദ്ധയാകര്‍ഷിക്കാനാണ് ബി.എം.ഡബ്ല്യു. ശ്രമിക്കുന്നത്.ഔഡിയുടെ കണ്‍സെപ്റ്റ് എസ്.യു.വി. ക്യു-3 യും ഇക്കുറി മേളയിലെത്തും. ഫോക്‌സ്‌വാഗന്‍ പുതിയ ബീറ്റില്‍ അവതരിപ്പിക്കും. 

ഇരുചക്രവാഹനങ്ങളിലും പുതിയ മോഡലുകള്‍ അവതരിപ്പിച്ചേക്കും. മുന്‍വര്‍ഷത്തെപ്പോലെ ഇലക്ട്രിക് വാഹനങ്ങളുടെയും പുതിയ മോഡലുകള്‍ ഇക്കുറി ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഇരുപത്തിനാല് രാജ്യങ്ങളില്‍ നിന്നായി 1,500 കമ്പനികളാണ് ഇപ്രാവശ്യം പ്രഗതിമൈതാനിലെത്തുന്നത്. 'മെയ്ഡ് ഇന്‍ ജര്‍മനി' എന്ന മുദ്രാവാക്യത്തോടെ 37 ജര്‍മന്‍ കമ്പനികള്‍ എത്തുന്നുവെന്നതും കൗതുകമാവും. 

രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോ സംഘടിപ്പിക്കുന്നത് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചററേഴ്‌സ് (എസ്. ഐ.എ.എം.), കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സി.ഐ.ഐ.), ഓട്ടോമോട്ടീവ് കോംപൊണെന്‍റ് മാനുഫാക്ച്ചറേഴ്‌സ് അസോസിയേഷന്‍ (എ.സി.എം.എ.)എന്നിവയാണ്.

Share this post