Written by See News Category: Automotive
Published on 31 December 2011 Hits: 8

ചാത്തന്നൂര്‍: ആദ്യ ഇന്ത്യന്‍ സ്‌കൂട്ടറായ അറ്റ്‌ലാന്റയുടെ മുഖ്യശില്പിയും എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റും വിശ്വകര്‍മ്മ സര്‍വീസ് സൊസൈറ്റിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റുമായ കൊല്ലം ചാത്തന്നൂര്‍ കാരംകോട് ഏറം ശിവഗംഗയില്‍ പി.എസ്.തങ്കപ്പന്‍ (80) അന്തരിച്ചു. ആദ്യ ഇന്ത്യന്‍ നിര്‍മ്മിത സ്‌കൂട്ടറായ അറ്റ്‌ലാന്റ യാഥാര്‍ഥ്യമാക്കിയ മുഖ്യശില്പികളില്‍ ഒരാളാണ് പി.എസ്.തങ്കപ്പന്‍. വ്യവസായവകുപ്പില്‍ ജോയിന്റ് ഡയറക്ടറായിരുന്ന എന്‍.എച്ച്.രാജ്കുമാര്‍ ആരംഭിച്ച രഞ്ജന്‍ മോട്ടോര്‍ കമ്പനിയാണ് അറ്റ്‌ലാന്റ പുറത്തിറക്കിയത്. വ്യവസായവകുപ്പില്‍ എന്‍ജിനിയറായിരുന്ന പി.എസ്.തങ്കപ്പനെ ഡെപ്യൂട്ടേഷനില്‍ രാജ്കുമാര്‍ രഞ്ജന്‍ മോട്ടോര്‍ കമ്പനിയിലേക്ക് കൊണ്ടുവരികയായിരുന്നു.

വന്‍തോതില്‍ സ്‌കൂട്ടര്‍ നിര്‍മ്മിക്കുന്നതിനുള്ള രഞ്ജന്‍ മോട്ടോര്‍ കമ്പനിയുടെ തീരുമാനത്തെത്തുടര്‍ന്ന് ഇതിനായുള്ള ലൈസന്‍സിനായി കേന്ദ്രസര്‍ക്കാരിന്റെ അനുമതി നേടി ഡല്‍ഹിയില്‍പ്പോയി പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത് പി.എസ്.തങ്കപ്പനാണ്.

ആര്‍ട്ടിസാന്‍സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായിരുന്നു. കേരള വിശ്വകര്‍മ്മസഭയുടെ മുഖ്യസ്ഥാപകരില്‍ ഒരാളും ആദ്യ ജനറല്‍ സെക്രട്ടറിയുമാണ്. ഫോര്‍വേഡ് ബ്ലോക്ക് സംസ്ഥാന സെക്രട്ടേറിയറ്റംഗം, ട്രേഡ്‌യൂണിയന്‍ കോഓര്‍ഡിനേഷന്‍ സെന്റര്‍ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ സ്‌പെഷല്‍ ഓഫീസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആദ്യ ഇന്ത്യന്‍ സ്‌കൂട്ടറിന്റെ മുഖ്യശില്പി


ചാത്തന്നൂര്‍: ആദ്യ ഇന്ത്യന്‍ നിര്‍മ്മിത സ്‌കൂട്ടറായ അറ്റ്‌ലാന്റയുടെ സുവര്‍ണജൂബിലിവര്‍ഷത്തില്‍ ഇതിന്റെ മുഖ്യശില്പികളില്‍ ഒരാളായ പി.എസ്.തങ്കപ്പന്‍ വിടവാങ്ങി. അറ്റ്‌ലാന്റ സ്‌കൂട്ടര്‍ നിര്‍മ്മാണത്തിലും കമ്പനിയായ രഞ്ജന്‍ മോട്ടോറിന്റെ വളര്‍ച്ചയിലും പി.എസ്.തങ്കപ്പന്‍ വഹിച്ച പങ്ക് വലുതാണ്. കൊല്ലം ചാത്തന്നൂര്‍ കാരംകോട് സ്വദേശിയായ പി.എസ്.തങ്കപ്പന്‍(80) വെള്ളിയാഴ്ചയാണ് മരിച്ചത്. വിശ്വകര്‍മ്മ സമുദായപ്രവര്‍ത്തനത്തിലും ട്രേഡ് യൂണിയന്‍ രംഗത്തും സജീവമായിരുന്നു. എന്‍.ടി.യു.സി. സംസ്ഥാന പ്രസിഡന്റായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.

വ്യവസായ വകുപ്പില്‍ ജോയിന്റ് ഡയറക്ടറായിരുന്ന എന്‍.എച്ച്.രാജ്കുമാര്‍ സ്ഥാപിച്ച രഞ്ജന്‍ മോട്ടോര്‍ കമ്പനി 1961ലാണ് ആദ്യ സ്വദേശനിര്‍മ്മിത സ്‌കൂട്ടറായ അറ്റ്‌ലാന്റ പുറത്തിറക്കിയത്. ഇത് മലയാളി എന്‍ജിനിയറായ പി.എസ്.തങ്കപ്പന്റെ കൂടി നേട്ടമായിരുന്നു. 1957ല്‍ ജപ്പാനില്‍ പരിശീലനം കഴിഞ്ഞ് വന്നപ്പോഴാണ് രാജ്കുമാര്‍ സ്‌കൂട്ടര്‍ നിര്‍മ്മിക്കണമെന്ന ആശയം മുന്നോട്ടുവച്ചത്. അങ്ങനെയാണ് 'അറ്റ്‌ലാന്റ'യുടെ രൂപകല്പനയുണ്ടായത്. പൊതുമേഖലയില്‍ ആരംഭിക്കാന്‍ കഴിയാത്തതിനാല്‍ അഞ്ചുലക്ഷം രൂപമുതല്‍മുടക്കുമായിട്ടാണ് രഞ്ജന്‍മോട്ടോര്‍ കമ്പനി സ്ഥാപിച്ചത്. കമ്പനിയുടെ രണ്ടുലക്ഷം രൂപയുടെ ഓഹരി എടുത്തുകൊണ്ട് സഹായിച്ചത് തിരുവിതാംകൂര്‍ രാജകുടുംബമാണ്.

വ്യവസായ വകുപ്പില്‍ എന്‍ജിനിയറായിരുന്ന പി.എസ്.തങ്കപ്പന്റെ വൈദഗ്ദ്ധ്യം കണ്ടറിഞ്ഞ രാജ്കുമാര്‍ ഡെപ്യൂട്ടേഷനില്‍ കമ്പനിയിലേക്ക് കൊണ്ടുവന്നു. സ്‌കൂട്ടര്‍ നിര്‍മ്മാണത്തിനായുള്ള ഡൈനാമോയും കാര്‍ബറേറ്ററും മാത്രമാണ് വിദേശത്തുനിന്ന് കൊണ്ടുവന്നത്. അറ്റ്‌ലാന്റയുടെ ബോഡി നിര്‍മ്മാണത്തിനായിട്ടുള്ള ഫൈബര്‍ ഗ്ലാസ്, പിസ്റ്റണ്‍ തുടങ്ങി മറ്റ് എല്ലാ ഭാഗങ്ങളും നിര്‍മ്മിച്ചത് കമ്പനിയില്‍ തന്നെയാണ്. അറ്റ്‌ലാന്റയുടെ നിര്‍മ്മാണം വിജയകരമായതോടെ വന്‍തോതില്‍ സ്‌കൂട്ടര്‍ നിര്‍മ്മിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ ലൈസന്‍സിനായി ഡല്‍ഹിയില്‍ പോയി പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത് പി.എസ്.തങ്കപ്പനാണ്. പ്രധാനമന്ത്രിയുടെ വീട്ടിലേക്ക് പി.എസ്.തങ്കപ്പന്‍ ചെന്നത് അറ്റ്‌ലാന്റയിലാണ്. ലൈസന്‍സ് നല്‍കുന്നതിനായുള്ള സാങ്കേതികസമിതി മുമ്പാകെ അറ്റ്‌ലാന്റയുടെ നിര്‍മ്മാണ രീതികളും പ്രവര്‍ത്തനവും വിശദീകരിച്ചത് തങ്കപ്പനാണ്. സാങ്കേതികസമിതിയിലെ ഒരു അംഗത്തെയുംകൊണ്ട് അറ്റ്‌ലാന്റയില്‍ ഇന്ത്യാഗേറ്റിന് മുന്നിലൂടെ സവാരിയും നടത്തി. 1500 രൂപയായിരുന്നു അറ്റ്‌ലാന്റയുടെ വില. രഞ്ജന്‍ മോട്ടോര്‍ കമ്പനി 1971ല്‍ എന്‍ജിനിയര്‍മാരുടെ സഹകരണസംഘമായ എന്‍കോസ് ഏറ്റെടുത്തിരുന്നു. ഇതാണ് പിന്നീട് കേരള ഓട്ടോമൊബൈല്‍സ് ആയി മാറിയത്.

ഇതോടെ അറ്റ്‌ലാന്റയും ചരിത്രത്തിലേക്ക് വഴിമാറി. വിദേശനിര്‍മ്മിത സ്‌കൂട്ടറുകളായ വെസ്പയും ലാംബിയും നിരത്തുകള്‍ അടക്കിവാഴുമ്പോഴാണ് ഒരു മലയാളിയുടെ കൂടി പ്രയത്‌നത്താല്‍ ആദ്യ സ്വദേശി സ്‌കൂട്ടര്‍ ആയ അറ്റ്‌ലാന്റ പുറത്തിറങ്ങുന്നത്. കേരള ആര്‍ട്ടിസാന്‍സ് കോര്‍പ്പറേഷന്റെ ആദ്യ മാനേജിങ് ഡയറക്ടറായിരുന്നു പി.എസ്.തങ്കപ്പന്‍.

Share this post