രൂപകല്‍പന: ഒരു കൊല്ലം മുമ്പ് ന്യൂഡല്‍ഹി ഓട്ടൊ എക്‌സ്‌പൊയില്‍ പ്രദര്‍ശിപ്പിച്ച കാറുമായി മാറ്റമൊന്നുമില്ല. വലുപ്പത്തില്‍ മന്‍സയോടടുത്തു നില്‍ക്കുന്ന എറ്റിയോസ് ബാക്കിയുള്ള ചെറു സെഡാനുകളെയെല്ലാം കുള്ളന്മാരാക്കും. മുന്‍ കാഴ്‌ചയില്‍ തികച്ചും ടൊയോട്ട. വശങ്ങളില്‍ നിന്നുള്ള നോട്ടത്തില്‍ ഏച്ചുകെട്ടില്ലാത്ത മറ്റൊരു സെഡാന്‍. വി, വി എക്‌സ് മോഡലുകള്‍ക്ക് 15 ഇഞ്ച് വീലുകള്‍. അഞ്ചു പേര്‍ക്ക് സുഖമായിരിക്കാവുന്ന വലുപ്പം. മലക്കെത്തുറക്കുന്ന വലിയ ഡോറുകള്‍. കയറാനും ഇറങ്ങാനും സുഖം. ആവശ്യത്തിലധികം ഹെഡ് റൂം. പിന്നില്‍ നടുവിലിരിക്കുന്ന യാത്രക്കാരനു പോലും സുഖമായി കാലു വയ്ക്കാവുന്ന പരന്ന പ്ലാറ്റ്‌ഫോം. മുന്‍ സീറ്റ് എത്ര പിറകിലേക്കു മാറ്റിയാലും പിന്നിലിക്കുന്നവര്‍ക്ക് മുട്ടിടിക്കില്ല. ഉയര്‍ന്ന മോഡലിലെ ചുവപ്പും ഗ്രേയും നിറമുള്ള ഫാബ്രിക് സീറ്റ് കാഴ്‌ചയ്ക്കും ഉപയോഗത്തിനും കൊള്ളാം. സീറ്റുകളെല്ലാം സാധാരണ കാറുകളില്‍ കാണുന്നതിലും വലുത്. 13 ലീറ്ററുള്ള വലിയ ഗ്ലൌവ് ബോക്‌സ് മറ്റധികം കാറുകളിലില്ല. കുപ്പികളും ഗ്ലാസും മൊബൈല്‍ഫോണുമൊക്കെ സൂക്ഷിക്കാന്‍ ധാരാളം സ്‌ഥലം. ഡിക്കി 595 ലീറ്റര്‍. ഗ്ലൌവ് ബോക്‌സ് കൂള്‍ ബോക്‌സാകാന്‍ ഒരു അടപ്പു തുറന്നാല്‍ മതി, അതുപോലെ സ്‌റ്റീരിയോയ്ക്ക് യു എസ് ബിയും ഓക്‌സിലറിയും സൌകര്യങ്ങളുണ്ട്. സ്‌റ്റീയറിങ്ങില്‍ സ്‌റ്റീരിയോ നിയന്ത്രണം. അനാവശ്യങ്ങളിലെങ്കിലും ആവശ്യങ്ങളെല്ലാം നന്നായി നിറവേറ്റപ്പെടുന്നു. • ഡ്രൈവിങ്: ഏതു കാറിന്‍െറയും പെര്‍ഫോമന്‍സ് പെട്ടെന്നു കൂട്ടാന്‍ രണ്ടുണ്ട് മാര്‍ഗം. ഒന്ന്: തൂക്കം കുറയ്ക്കുക. രണ്ട്: എന്‍ജിന്‍ ശേഷി ഉയര്‍ത്തുക. എറ്റിയോസ് ഒന്നാം മാര്‍ഗമാണു നടപ്പാക്കിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ഭാരം കുറഞ്ഞ സെഡാനുകളിലൊന്ന്. 930 കിലോ. പല പ്രീമിയം ഹാച്ചുകളെക്കാളും കുറഞ്ഞ തൂക്കം. ഗുണം പലതുണ്ട്. ഒന്ന് മികച്ച പെര്‍ഫോമന്‍സ്. രണ്ട് മികച്ച ഇന്ധനക്ഷമത.