കാനോ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിലെ നഗരത്തിലുണ്ടായ ഭീകരാക്രമണ പരമ്പരയില്‍ 162 പേര്‍ മരിച്ചു. ആക്രമണത്തിനിരയായവരില്‍ ഇന്ത്യക്കാരുള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുണ്ട്.
വെള്ളിയാഴ്ച വൈകിട്ടാണ് രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ കാനോയെ ഒന്നരമണിക്കൂര്‍ മുള്‍മുനയില്‍ നിര്‍ത്തി
തീവ്രവാദികള്‍ ആക്രമണമഴിച്ചുവിട്ടത്. കാറിലും ബൈക്കിലുമായെത്തിയ തീവ്രവാദികള്‍ വെടിവെച്ച് വഴിയൊരുക്കി. പോലീസ് ആസ്ഥാനമുള്‍പ്പെടെ വിവിധ സര്‍ക്കാര്‍ കാര്യാലയങ്ങള്‍ക്കുനേരേ ബോംബാക്രമണം നടത്തി. 20-ഓളം ബോംബ് സ്‌ഫോടനങ്ങളാണ് നഗരത്തെ നടുക്കിയത്. എട്ട് പോലീസ് സ്റ്റേഷനുകള്‍ ആക്രമണത്തിനിരയായി. അപ്രതീക്ഷിത ആക്രമണത്തില്‍ പതറിയ ഉദ്യോഗസ്ഥര്‍ ഓടിരക്ഷപ്പെട്ടു. സൈന്യം രംഗത്തെത്താന്‍ വൈകിയതോടെ അക്രമികളും രക്ഷപ്പെട്ടു. നഗരത്തിലെ തെരുവുകളില്‍ ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍ അധികൃതര്‍ വാഹനങ്ങളില്‍ കയറ്റിക്കൊണ്ടുപോയതായി വിദേശമാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. നഗരത്തിലെ പ്രധാന ആസ്പത്രിയുടെ മോര്‍ച്ചറിയില്‍ മാത്രം 126 മൃതദേഹങ്ങള്‍ കണ്ടതായി ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഏഴുപേര്‍ മരിച്ചെന്നാണ് ഔദ്യോഗികമായി പുറത്തുവിട്ടത്.
ആക്രമണങ്ങളുടെ ഉത്തരവാദിത്വം സമീപകാലത്ത് രാജ്യത്തെ നടുക്കിയ ഭീകരാക്രമണങ്ങള്‍ നടത്തിയ 'ബോകോ ഹറാം' എന്ന ഇസ്‌ലാമികസംഘടന ഏറ്റെടുത്തു. കസ്റ്റഡിയിലുള്ള തങ്ങളുടെ പ്രവര്‍ത്തകരെ മോചിപ്പിക്കണമെന്ന ആവശ്യം നിരസിച്ചതിനുള്ള പ്രതികാരമാണ് ആക്രമണമെന്ന് സംഘടന അറിയിച്ചു.
ആഫ്രിക്കയിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായ നൈജീരിയയില്‍ വടക്ക് മുസ്‌ലിങ്ങളും തെക്ക് ക്രിസ്ത്യാനികളുമാണുള്ളത്. പാശ്ചാത്യ വിദ്യാഭ്യാസം നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന 'ബോകോ ഹറാം' ക്രിസ്ത്യാനികളെ ലക്ഷ്യമാക്കിയാണ് ആക്രമണങ്ങള്‍ നടത്താറുള്ളത്. താലിബാന്‍ മാതൃകയിലുള്ള ഈ തീവ്രവാദസംഘം സംഘടിതവും ഏകോപിതവുമായ ആക്രമണങ്ങളിലൂടെയാണ് രാജ്യത്തെ വിറപ്പിക്കുന്നത്.
2012-ല്‍ രൂപംകൊണ്ട 'ബോകോ ഹറാം' 2009-ല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുനേരേ നടത്തിയ ആക്രമണത്തിലൂടെയാണ് ലോകശ്രദ്ധയില്‍ വരുന്നത്. കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കുനേരേ നടത്തിയ ആക്രമണപരമ്പരയില്‍ 44 പേര്‍ കൊല്ലപ്പെട്ടിരുന്നു.