ന്യൂയോര്‍ക്ക്: ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധപ്പെട്ടുള്ള സുരക്ഷാപ്രശ്‌നം രാജസ്ഥാന്‍ പോലീസ് കെട്ടിചമച്ചതാണെന്ന് പ്രമുഖ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി കുറ്റപ്പെടുത്തി. സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, മതവിലക്ക് നേരിടുന്ന സല്‍മാന്‍ റുഷ്ദി ജയ്പൂര്‍ സാഹിത്യോത്സവത്തില്‍
പങ്കെടുക്കുന്നതില്‍നിന്ന് പിന്മാറിയിരുന്നു. ട്വിറ്ററിലൂടെയും ബ്ലോഗിലൂടെയുമാണ് റുഷ്ദി പ്രതിഷേധം അറിയിച്ചത്.
രാജ്യാന്തര പ്രശസ്തരായ എഴുത്തുകാരും കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരും പങ്കെടുക്കുന്ന ചടങ്ങുകളാണ് മേളയിലുള്ളത്. ഈ സാഹചര്യത്തില്‍ റുഷ്ദി പങ്കെടുക്കാനെത്തുന്നത് മതമൗലികവാദികളുടെ എതിര്‍പ്പിനും സുരക്ഷാ പ്രശ്‌നങ്ങള്‍ക്കും കാരണമാകും എന്ന കേന്ദ്ര രഹസ്യാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.
റുഷ്ദിയെ ഇന്ത്യയിലെത്തിയാല്‍ വധിക്കുമെന്നും ഭീഷണിയുണ്ടായിരുന്നു. ഇത് രാജസ്ഥാന്‍, മഹാരാഷ്ട്ര പോലീസ് മേധാവികള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിക്കുകയും ചെയ്തിരുന്നു. മാത്രമല്ല മേളയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പിന്‍മാറണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് കഴിഞ്ഞദിവസം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ജയ്പൂര്‍ സാഹിത്യോത്സവ സംഘാടകസമിതിയാണ് റുഷ്ദിയുടെ സന്ദര്‍ശനം റദ്ദാക്കിയതായി മാധ്യമങ്ങളെ അറിയിച്ചത്.