ടെഹ്‌റാന്‍: ഫ്രഞ്ച് മാഗസിന് വേണ്ടി അര്‍ധനഗ്നയായി പ്രത്യക്ഷപ്പെട്ടതിന്റെ പേരില്‍ പ്രമുഖ ഇറാനിയന്‍ നടി ഗോല്‍ഷിഫ്‌തെ ഫറഹാനിയ്ക്ക് ഇറാന്‍ ഭരണകൂടത്തിന്റെ വിലക്ക്. ഫ്രാന്‍സില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന മദാം ലെ ഫിഗാരോയ്ക്ക് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടില്‍ അര്‍ധനഗ്നയായി എന്ന് പറഞ്ഞാണ് ഇറാനില്‍ പ്രവേശിക്കുന്നതിന് നടിയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.
വിവാദമായ ഈ ചിത്രം പിന്നീട് ഫറഹാനി ഫേസ്ബുക്കിലും ബ്ലോഗിലും പോസ്റ്റ് ചെയ്തിരുന്നു.
ഇതിനോട് സമ്മിശ്രമായാണ് ഓണ്‍ലൈന്‍ സമൂഹം പ്രതികരിച്ചത്. ഇനിമേലില്‍ രാജ്യത്ത് അനുമതിയില്ലാതെ പ്രവേശിക്കരുതെന്ന് ആവശ്യപ്പെട്ടുള്ള ഇറാന്‍ ഭരണകൂടത്തിന്റെ ഔദ്യോഗിക അറിയിപ്പ് തനിക്ക് ലഭിച്ചതായി ഫറഹാനി വെളിപ്പെടുത്തി. ഇറാന് കലാകാരന്‍മാരെയോ അഭിനേതാക്കളേയോ ആവശ്യമില്ലെന്നാണ് ഇത് തെളിയിക്കുന്നതെന്ന് ഫറഹാനി പ്രതികരിച്ചു.
ഇസ്‌ലാമിക വിപ്ലവത്തിന് ശേഷം ഹോളിവുഡില്‍ ആദ്യമായി അഭിനയിച്ച നടി എന്ന പ്രത്യേകതയും ഇവര്‍ക്കുണ്ട്. പ്രമുഖ നടന്‍മാരായ ലിയനാര്‍ഡോ ഡികാപ്രിയോയും റസ്സല്‍ ക്രോയും വേഷമിട്ട ബോഡി ഓഫ് ലൈസ് എന്ന ചിത്രത്തില്‍ ഫറഹാനി വേഷമിട്ടിട്ടുണ്ട്. അസ്ഗര്‍ ഫര്‍ഹാദി അടക്കമുള്ള പ്രമുഖ സംവിധായകരുടെ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള നടിയാണ് ഫറഹാനി.
അസ്ഗര്‍ ഫര്‍ഹാദിയുടെ 'എ സെപ്പരേഷന്‍' എന്ന ചിത്രത്തിനാണ് ഇത്തവണ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ലഭിച്ചത്. അദ്ദേഹത്തിന്റെ തന്നെ എബൗട്ട് എല്ലി എന്ന ചിത്രത്തില്‍ ഫറഹാനി ഏറ്റവും പ്രധാന വേഷം ചെയ്തു. ബെര്‍ലിന്‍ അടക്കമുള്ള മേളകളില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ചിത്രമാണിത്.
1998 ല്‍ പുറത്തുവന്ന ദ പിയര്‍ ട്രീ ആണ് ഫറഹാനിയുടെ ആദ്യചിത്രം. ഇതിലൂടെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നിരവധി ചലച്ചിത്ര മേളകളില്‍ നേടി. പിന്നീട് പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിലൂടെ ശ്രദ്ധനേടി. കുര്‍ദ് വംശജനായ പ്രമുഖ ഇറാനിയന്‍ സംവിധായകന്‍ ബഹ്മാന്‍ ഗൊബാദിയുടെ ഹാഫ് നൂണ്‍ എന്ന ചിത്രത്തിലും ഈ 28-കാരി പ്രധാനവേഷം ചെയ്തു.