Written by SeeNews Category: Movies
Published on 12 January 2012 Hits: 4

അമല്‍ നീരദ് നിര്‍മ്മാണവും സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ബാച്ചിലര്‍ പാര്‍ട്ടി എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. കൗതുകമുണര്‍ത്തുന്ന ഫോട്ടോ ഷൂട്ടാണ് ചിത്രത്തിന് വേണ്ടി ചെയ്തിരിക്കുന്നത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സ് എന്ന ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. യുവാക്കളുടെ നഗരജീവിതം പ്രമേയമാക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് പ്രശസ്ത കഥാകാരന്‍മാരായ ആര്‍.ഉണ്ണിയും സന്തോഷ് ഏച്ചിക്കാനവും ചേര്‍ന്നാണ്.

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ആസിഫ് അലി, കലാഭവന്‍ മണി, റഹ്മാന്‍, വിനായകന്‍, നിത്യാമേനോന്‍, രമ്യാനമ്പീശന്‍, സമ്പത്ത്, ബാബുരാജ്, ജഗതി ശ്രീകുമാര്‍, ആശിഷ് വിദ്യാര്‍ത്ഥി എന്നിവരാണ് ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമല്‍ നീരദ് ആദ്യമായി നിര്‍മ്മിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് രാഹുല്‍രാജ് സംഗീതം പകരുന്നു.

പ്രൊഡക്ഷന്‍ ഡിസൈന്‍ ജോസഫ് നെല്ലിക്കലും എഡിറ്റിങ് വിവേക് ഹര്‍ഷനും മേക്കപ്പ് രഞ്ജിത്ത് അമ്പാടിയും നിര്‍വഹിക്കുന്നു. തപസ് നായിക്കാണ് സൗണ്ട് ഡിസൈന്‍. വസ്ത്രാലങ്കാരം എസ്.ബി.സതീഷ്. ചിത്രം മാര്‍ച്ച് 25 ന് റിലീസ് ചെയ്യാനാണ് തീരുമാനം. അന്‍വര്‍ റഷീദ്, ആഷിക് അബു, സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവരുടെ പുതിയ ചിത്രങ്ങളും അമല്‍ നീരദ് പ്രൊഡക്ഷന്‍സാണ് നിര്‍മ്മിക്കുന്നത്. അമല്‍ നീരദും വി. ജയസൂര്യയും ചേര്‍ന്നാണ് നിര്‍മ്മാണം.

Share this post