ചവറ: കുറഞ്ഞ കാലയളവിനുള്ളില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കുന്നതോടെ പൊതുമേഖലാ കരിമണല്‍ വ്യവസായശാലകളായ ഐ.ആര്‍.ഇ., കെ.എം.എം.എല്‍. എന്നിവയുടെ നിലനില്പിനുള്ള ഭീഷണി ഒഴിയുമെന്ന് തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍. മണ്ണ് ലഭിച്ചു തുടങ്ങുന്നതോടെ കെ.എം.എം.എല്ലിലും 22 വര്‍ഷമായി നിയമനം നടക്കാത്ത ഐ.ആര്‍.ഇ.യിലും നിയമനം നടക്കുമെന്നും പ്രദേശത്തെ തൊഴില്‍രഹിതരായ നൂറുകണക്കിന് യുവജനങ്ങള്‍ക്ക് തൊഴിലവസരം ലഭിക്കുമെന്നും ഷിബു പറഞ്ഞു. ഇക്കാര്യത്തില്‍ ആരും സഹായിച്ചില്ലെങ്കിലും ഇടങ്കോലിടരുതെന്ന അഭ്യര്‍ത്ഥനയാണ് ഉള്ളതെന്ന് യു.ടി.യു.സി (ബി) നടത്തിയ ജനകീയകൂട്ടായ്മയില്‍ ഷിബു പറഞ്ഞു.
ഐ.ആര്‍.ഇ., കെ.എം.എം.എല്‍. കമ്പനികള്‍ നിലനിര്‍ത്താനാവശ്യമായ മണ്ണ് ലഭിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിലടക്കം 5 വര്‍ഷക്കാലം ഒരു ചെറുവിരലനക്കാത്തവര്‍ ഇപ്പോള്‍ കമ്പനികളുടെ നിലനില്പിന് ധീരമായ നടപടിയെടുത്ത സര്‍ക്കാരിനെയും സ്ഥലം എം.എല്‍.എ.യെയും വിമര്‍ശിക്കുകയാണ്.
കായംകുളം ഹാര്‍ബര്‍ പ്രീ കോണ്‍സന്‍ട്രേഷന്‍ പ്ലാന്റ് ഡ്രഡ്ജ് ചെയ്ത് കെ.എം.എം.എല്ലിനു മണ്ണ് എത്തിക്കാന്‍ ഗേറ്റ്കളക്ഷന്‍ തുടങ്ങിയപ്പോള്‍ ഒരു ദിവസംകൊണ്ട് അത് അട്ടിമറിച്ചു. നീണ്ടകര തുറമുഖം ഐ.ആര്‍.ഇ. ഡ്രഡ്ജ് ചെയ്ത് കെ.എം.എം.എല്ലിന് മണ്ണ് നല്‍കാനുള്ള തീരുമാനവും ഫൗണ്ടേഷന്‍ ആസ്പത്രിയുടെ 4 ഏക്കര്‍ സ്ഥലം ഖനനം ചെയ്ത് മണ്ണ് കെ.എം.എം.എല്ലിനു നല്‍കി പകരം ട്രോമോകെയര്‍ യൂണിറ്റടക്കം അത്യാധുനിക സംവിധാനങ്ങളുള്ള ആസ്പത്രി സ്ഥാപിക്കുന്നതിനും എടുത്ത തീരുമാനവും അട്ടിമറിക്കാന്‍ ചിലരെത്തി.
കോവില്‍ത്തോട്ടം പാക്കേജ് പൂര്‍ത്തിയാക്കി, ഐ.ആര്‍.ഇ.ക്കായി പണ്ടാരത്തുരുത്തില്‍ 84 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനുള്ള പാക്കേജിനും അംഗീകാരമായി-ഷിബു ബേബിജോണ്‍ പറഞ്ഞു.