ലോസാഞ്ജലസ്: ലോകത്തിലെ ജീവിച്ചിരിക്കുന്ന ഏറ്റവും ചെറിയ കുഞ്ഞ് ആശുപത്രി വിട്ടു. ലോസാഞ്ജലസ് സ്വദേശി ഹെയ്‌ദി ഇബാരയാണ് ആഗസ്‌റ്റ് 30ന് മെലിന്‍ഡാ സ്‌റ്റാര്‍ ഗൌഡോയെ എന്ന പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ജനിക്കുമ്പോള്‍ 269 ഗ്രാം മാത്രമായിരുന്നു മെലിന്‍ഡയുടെ ഭാരം.ഒരു സോഡാ ക്യാനിന്റെ അത്രയും ഭാരം മാത്രം.
ജനിച്ചതു മുതല്‍ ലോസാഞ്ജലസ് കൌണ്ടിയിലെ യു.എസ്.സി മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്നു മെലിന്‍ഡ. ഇപ്പോള്‍ 2.04 കിലോഗ്രാം ഭാരം മെലിന്‍ഡയ്ക്കുണ്ട്. മുന്‍കരുതലെന്ന നിലയ്ക്ക് ഓക്സിജന്‍ ട്യൂബിന്റെ സഹായത്തലാണ് ശ്വാസോച്ഛ്വാസം സാദ്ധ്യമാക്കുന്നത്. മെലിന്‍ഡയ്ക്ക് ഇപ്പോള്‍ പ്രശ്നങ്ങളൊന്നും ഇല്ലെങ്കിലും അവളുടെ ശാരീരിക വളര്‍ച്ച എങ്ങനെ ആയിരിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വീട്ടിലേക്ക് പോയാലും അടുത്ത ആറു വര്‍ഷം ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരിക്കും മെലിന്‍ഡ. അണുബാധ ഉള്‍പ്പെടെയുള്ളവ വരാതെ നോക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മെലിന്‍ഡ സുഖം പ്രാപിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഇബാരയും പിതാവ് യൊവാനി ഗൈഡോയും പറഞ്ഞു. മെലിന്‍ഡയെ ആശുപത്രി വിടുന്നത് പകര്‍ത്താന്‍ പത്ര~ദൃശ്യ മാദ്ധ്യമങ്ങളും ആശുപത്രിയില്‍ എത്തിയിരുന്നു.
യു.എസില്‍ പ്രതിവര്‍ഷം 0.45 കിലോഗ്രാമിന് താഴെയുള്ള 7500ഓളം കുഞ്ഞുങ്ങള്‍ ജനിക്കുന്നതായാണ് കണക്ക്. ഇവരില്‍ 10 ശതമാനം മാത്രമാണ് ജീവിച്ചിരിക്കാന്‍ സാദ്ധ്യത.