തിരുവനന്തപുരം: അലോപ്പതി ഡോക്‌ടര്‍മാരുടെ പെന്‍ഷന്‍പ്രായം 60 ആയി ഉയര്‍ത്താന്‍ യു.ഡി.എഫ് ഉന്നതാധികാര സമിതിയോഗം ശുപാര്‍ശ ചെയ്‌തു.
സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്‌ടര്‍മാരില്ലാത്ത സാഹചര്യം കണക്കിലെടുത്താണിത്. 235 ഡോക്‌ടര്‍മാരെ പി.എസ്.സി അഡ്വൈസ് ചെയ്‌തെങ്കിലും 66 പേര്‍
മാത്രമാണ് സര്‍വീസില്‍ പ്രവേശിച്ചത്. അസിസ്‌റ്റന്റ് സര്‍ജന്‍മാരുടെ 270 ഒഴിവുകളുണ്ട്. ഈ വര്‍ഷം മാര്‍ച്ചില്‍ 70 ഡോക്‌ടര്‍മാര്‍ വിരമിക്കും. ഇതോടെ ഡോക്‌ടര്‍മാര്‍ തീരെ ഇല്ലാത്ത അവസ്‌ഥയുണ്ടാകും. ഈ സാഹചര്യം ഒഴിവാക്കാനാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന ശുപാര്‍ശ നല്‍കുന്നതെന്ന് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആയുര്‍വേദ, ഹോമിയോ ഡോക്‌ടര്‍മാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന കാര്യം ഫെബ്രുവരി എട്ടിനു ചേരുന്ന യു.ഡി.എഫ് യോഗം പരിഗണിക്കും. മെഡിക്കല്‍ അദ്ധ്യാപകരുടെ പെന്‍ഷന്‍ പ്രായം 60 ആക്കുന്ന കാര്യം അന്ന് തീരുമാനിക്കും.
സര്‍ക്കാര്‍ മേഖലയില്‍ നാല് മെഡിക്കല്‍ കോളേജുകള്‍ തുടങ്ങാന്‍ ആരോഗ്യ മന്ത്രി അടൂര്‍ പ്രകാശ് യു.ഡി.എഫ് ഉന്നതാധികാര സമിതിക്ക് നല്‍കിയിരുന്ന അപേക്ഷ യോഗം അംഗീകരിച്ചു. കാസര്‍കോട്, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണിവ. മലപ്പുറത്തെ മഞ്ചേരിയില്‍ കോളേജ് തുടങ്ങുന്ന കാര്യം പരിഗണിച്ചെ—ങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ ഉപേക്ഷിച്ചു.
കാസര്‍കോട്ടെ ബദിയടുക്ക, ആലപ്പുഴയിലെ ഹരിപ്പാട്, ഇടുക്കിയിലെ പൈനാവ് എന്നിവിടങ്ങളാണ് പരിഗണിക്കുന്നത്. പത്തനംതിട്ടയില്‍ സ്ഥലം തീരുമാനിച്ചിട്ടില്ല. പി.പി.പി മാതൃകയില്‍ മെഡിക്കല്‍ കോളേജ് ആരംഭിക്കാനാണ് തീരുമാനം. അടിസ്‌ഥാന സൌകര്യങ്ങള്‍ക്കുള്ള പണം കണ്ടെത്താന്‍ ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിക്കും. 50:50 അനുപാതത്തില്‍ സീറ്റ് വിഭജിക്കും. ആശുപത്രിക്ക് പണം നല്‍കുന്നവര്‍ക്ക് മാനേജ്‌മെന്റ് സീറ്റില്‍ പ്രവേശനത്തിന് മുന്‍ഗണന നല്‍കും.