ഇസ്‌ലാമാബാദ്: പാക് രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്ന രഹസ്യരേഖാ വിവാദത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന പാര്‍ലമെന്ററി കമ്മിറ്റി, ഐ.എസ്.ഐ. മേധാവിയെയും യു.എസിലെ മുന്‍ നയതന്ത്രപ്രതിനിധിയെയും വിസ്തരിക്കും. ഉസാമ ബിന്‍ലാദന്‍ കൊല്ലപ്പെട്ട ആബട്ടാബാദ് സംഭവത്തിനു ശേഷം സൈനിക അട്ടിമറി ഭയന്ന് പാക് പ്രസിഡന്റ് സര്‍ദാരി അമേരിക്കന്‍ സഹായം തേടിയെന്നതാണ് രഹസ്യരേഖാ വിവാദം.
രഹസ്യരേഖ യാഥാര്‍ഥ്യമാണെന്ന് ഐ.എസ്.ഐ.മേധാവി ഷൂജ പാഷയും അംബാസഡര്‍ ഹുസൈന്‍ ഹഖാനിയും പ്രസ്താവനകള്‍ നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇരുവരെയും വിസ്തരിക്കാന്‍ പാര്‍ലമെന്ററി കമ്മിറ്റി തീരുമാനിച്ചത്. രഹസ്യരേഖാ വിവാദം വെളിപ്പെടുത്തിയ പാക് -അമേരിക്കന്‍ വ്യവസായി മന്‍സൂര്‍ ഇജാസിനേയും വിളിച്ചുവരുത്തി 17 അംഗ പാര്‍ലമെന്ററി കമ്മിറ്റി മൊഴിയെടുക്കുമെന്ന് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. സെനറ്റംഗം റാസ റബ്ബാനി അധ്യക്ഷനായ കമ്മിറ്റിയാണ് അന്വേഷണം നടത്തുന്നത്. രഹസ്യരേഖാ വിവാദത്തെത്തുടര്‍ന്ന് ഹുസൈന്‍ ഹഖാനിക്ക് അംബാസഡര്‍ സ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു.
രഹസ്യരേഖാ വിവാദം അന്വേഷിക്കാന്‍ മുന്നംഗ കമ്മീഷനെ ചുമതലപ്പെടുത്തിയ സുപ്രീംകോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പാക് സര്‍ക്കാര്‍ അപേക്ഷ നല്‍കും. മുന്‍ നിയമമന്ത്രിയും ഭരണകക്ഷിയായ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി ഉപാധ്യക്ഷനുമായ ബാബര്‍ അവാനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഭരണഘടനാ നിര്‍ദേശപ്രകാരമാണ് ഹര്‍ജി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിവാദത്തെക്കുറിച്ച് പാര്‍ലമെന്ററി കമ്മിറ്റി അന്വേഷണം നടത്തുന്ന സാഹചര്യത്തില്‍ മറ്റൊരു അന്വേഷണം ആവശ്യമില്ലായെന്ന പാക് സര്‍ക്കാറിന്റെ വാദം തള്ളിയാണ് സുപ്രീംകോടതി മൂന്നംഗ കമ്മീഷനെ ചുമതലപ്പെടുത്തിയത്. അതേസമയം, പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നേരത്തേ നടക്കുമെന്നുള്ള പ്രചാരണങ്ങള്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി തള്ളി. ഇപ്പോഴത്തെ പാര്‍ലമെന്റ് കാലാവധി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.