കോഴിക്കോട്:സൈബര്‍പാര്‍ക്ക് കേന്ദ്രീകരിച്ച് മലബാറിന്റെ ഐ.ടി.വികസനം സാധ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കാക്കഞ്ചേരി കിന്‍ഫ്ര പാര്‍ക്കില്‍ ഐ.ടി.വികസനത്തിനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യു.എല്‍ സൈബര്‍പാര്‍ക്ക് സോഫ്റ്റ്‌വേര്‍ ഡവലപ്പ്‌മെന്‍റ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം
നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഐ.ടി.രംഗത്താണ് ഇനി കൂടുതല്‍ ശ്രദ്ധപതിപ്പിക്കേണ്ടത്. സ്ഥലത്തിന്റെ ആവശ്യം ഏറ്റവും കുറഞ്ഞതുംമലിനീകരണമില്ലാത്തതുമായ വ്യവസായമാണ് ഐ.ടി.മേഖല. വിദ്യാഭ്യാസ യോഗ്യത വെച്ച് നോക്കുമ്പോള്‍ നമ്മളായിരുന്നു ഈ രംഗത്ത് ഏറ്റവും മുമ്പില്‍ നില്‍ക്കേണ്ടിയിരുന്ന സംസ്ഥാനം. രാജ്യത്തിന്റെ ഐ.ടി.കയറ്റുമതി രണ്ട് ലക്ഷം കോടിയിലെത്തി നില്‍ക്കുമ്പോള്‍ കേരളത്തിന്റെ വിഹിതം 3200 കോടി മാത്രമാണ്. ഐ.ടി.യുടെ പ്രാഥമിക ഘട്ടത്തില്‍ നമുക്ക് 'ബസ് മിസ്സായി'. മല്‍സരത്തില്‍ മുന്നോട്ട് വരാന്‍ കേരളത്തിന് കഴിയണം. 2020 ആവുമ്പോഴേക്കും ഐ.ടി.കയറ്റുമതി രംഗത്ത് 10 ലക്ഷം കോടിയാണ് രാജ്യത്തിന്റെ ലക്ഷ്യം. ഇതില്‍ കേരളത്തിന്റെ വിഹിതം നേടിയെടുക്കാന്‍ നമുക്ക് കഴിയണം. കേരളത്തിലെ വളര്‍ച്ചാ ലക്ഷ്യം വെച്ചാണ് കോഴിക്കോട്, കൊച്ചി, തിരുവന്തപുരം എന്നീ മുന്ന് മേഖലകളാക്കി നിക്ഷേപം കൊണ്ടു വരാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
സഹകരണ മേഖലയില്‍ ഐ.ടി. സംരംഭത്തിന് തുടക്കം കുറിച്ച ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയുടെ ശ്രമം അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സഹകരണ മേഖലയ്ക്ക് ജീവിതത്തിന്റെ എല്ലാ രംഗത്തും കടന്ന് വരാന്‍ കഴിയണം. അതിന് മികച്ച മാതൃകയാണ് യു.എല്‍. സൈബര്‍ പാര്‍ക്കെന്നും അദ്ദേഹം പറഞ്ഞു.
സൈബര്‍ പാര്‍ക്ക് ക്വിക്ക് സ്‌പേസിന്റെ ഉദ്ഘാടനം ഐ.ടി.വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. കക്ഷി രാഷ്ട്രീയഭേദമെന്യേ വികസനത്തിന് വേണ്ടി ഒരുമിക്കലാണ്. അല്ലാതെ കഴുത്തിന് പിടിക്കലല്ല രാഷ്ട്രീയമെന്ന് അദ്ദേഹം പറഞ്ഞു. കഴുത്തിന് പിടിക്കല്‍ രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞു. അതു തുടര്‍ന്നാല്‍ നാടിന് രക്ഷകിട്ടില്ല. എല്ലാവരും നല്ല രീതിയില്‍ നിന്നാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാവുമെന്നും മന്ത്രി പറഞ്ഞു. സാമൂഹികക്ഷേമ മന്ത്രി ഡോ.എം.കെ.മുനീര്‍ അധ്യക്ഷത വഹിച്ചു.
സര്‍വീസ് ബ്ലോക്കിന്റെ ശിലാസ്ഥാപനം കോര്‍പ്പറേഷന്‍ മേയര്‍ പ്രൊഫ.എ.കെ.പ്രേമജവും പാര്‍ക്ക് ഓഫീസ് ഉദ്ഘാടനം എളമരം കരീം എം.എല്‍.എയും നിര്‍വഹിച്ചു. ഡോക്ക് ടെക്‌നോളജീസിനുള്ള താക്കോല്‍ കൈമാറ്റം എം.കെ.രാഘവന്‍ എം.പി, എ.ടി.എം താക്കോല്‍ കൈമാറ്റം എ.പ്രദീപ്കുമാര്‍ എം.എല്‍.എ, പോസിക്‌സ് ടെക്‌നോളജീസിനുള്ള താക്കോല്‍ കൈമാറ്റം ജില്ലാ കളക്ടര്‍ ഡോ.പി.ബി.സലീം എന്നിവര്‍ നിര്‍വഹിച്ചു.
പി.ടി.ഉഷ, പുരുഷന്‍ കടലുണ്ടി എം.എല്‍.എ., മുന്‍ എം.പി. പി.കെ.സതീദേവി, മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി.ചന്ദ്രന്‍, കെ.ജി.ഗിരീഷ്ബാബു, എം.മെഹബൂബ്, ഭുവനേശ്വരി രവീന്ദ്രന്‍, എസ്.ബാബു, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ദേവകി, ഒളവണ്ണ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റ് സുഗതന്‍, കെ.സി.അബു, ടി.പി.രാമകൃഷ്ണന്‍, എം.എ റസാഖ്, ഐ.വി.ശശാങ്കന്‍, പി.രഘുനാഥ്, ജോണ്‍പൂതക്കുഴി, മനയത്ത് ചന്ദ്രന്‍, മുക്കം മുഹമ്മദ്, സി.എന്‍.വിജയകൃഷ്ണന്‍, കെ.ലോഹ്യ, സി.സത്യചന്ദ്രന്‍, കെ.പി.രാജന്‍, കെ.എം.നിസാര്‍, പി.ജി.അനൂപ്നാരായണന്‍, ടി.പി.അഹമ്മദ്‌കോയ, സജിഗോപിനാഥ്, റോഷന്‍ കൈനടി, അജയ്‌തോമസ്, എം.പി.സുരേഷ്, എസ്.ഷാജു,യു.എല്‍ സൈബര്‍ പാര്‍ക്ക് മാനേജിങ് ഡയരക്ടര്‍ പി.രമേശന്‍, മാനേജര്‍ ടി.കെ.കിഷോര്‍കുമാര്‍ എന്നിര്‍ സംസാരിച്ചു.